ഗസ സിറ്റി: ഇസ്രായേല്‍ അധിനിവേശത്തെ തുടര്‍ന്ന് തെക്കന്‍ ഗസയിലേക്ക് മാറിയ ഫലസ്തീനികള്‍ക്ക് ഇന്നുമുതല്‍ വടക്കന്‍ ഗസയിലേക്ക് പോവാം. ഫലസ്തീന്‍ പ്രതിരോധപ്രസ്ഥാനങ്ങളുമായും ഇസ്രായേലുമായും ചര്‍ച്ച നടത്തിയ ശേഷം ഖത്തര്‍ വിദേശകാര്യവക്താവ് മജീദ് അല്‍ അന്‍സാരിയാണ് ഇക്കാര്യം അറിയിച്ചത്. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ജനുവരി 31ന് മുമ്പ് മൂന്നു ജൂത തടവുകാരെ വിട്ടയക്കാനും ധാരണയായിട്ടുണ്ട്.
തൂഫാനുല്‍ അഖ്‌സയില്‍ അല്‍ ഖുദ്‌സ് ബ്രിഗേഡ് ഗസയിലേക്ക് കൊണ്ടുപോയ അര്‍ബെല്‍ യെഹൂദ എന്ന സ്ത്രീയും ഇതില്‍ ഉള്‍പ്പെടുന്നു. കുപ്രസിദ്ധമായ പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ നിര്‍മിക്കുന്ന എന്‍എസ്ഒ കമ്പനിയിലെ ജീവനക്കാരിയാണ് ഇവര്‍. അര്‍ബെലിനെ സിവിലിയന്‍ ആയി കാണണമെന്നാണ് ഇസ്രായേലിന്റെ ആവശ്യം. എന്നാല്‍, ചാര സോഫ്റ്റ് വെയര്‍ കമ്പനി ജീവനക്കാരിയെ സൈനികപ്രവര്‍ത്തനം നടത്തുന്ന ആളായാണ് കാണുന്നതെന്ന് അല്‍ ഖുദ്‌സ് ബ്രിഗേഡ് പറയുന്നു. ഈ മൂന്നുപേര്‍ക്കും പകരമായി 400 ഫലസ്തീനികളെ വിട്ടയക്കാമെന്ന് ഇസ്രായേലും അറിയിച്ചു.