കൊവിഡ് പ്രതിസന്ധി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തിയ്യതി സപ്തംബര്‍ 30 വരെ നീട്ടി

2020- 2021 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി സപ്തംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. കൊവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ നികുതിദായകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി ആദായനികുതി നിയമം 1961 പ്രകാരം വിവിധ നികുതി കംപ്ലയിന്‍സുകളുടെ സമയപരിധിയും ധനമന്ത്രാലയം നീട്ടിയിട്ടുണ്ട്.

Update: 2021-05-20 14:48 GMT

ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടാം കൊവിഡ് തരംഗം പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നികുതിദായകര്‍ക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രാലയം. 2020- 2021 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി സപ്തംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. കൊവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ നികുതിദായകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി ആദായനികുതി നിയമം 1961 പ്രകാരം വിവിധ നികുതി കംപ്ലയിന്‍സുകളുടെ സമയപരിധിയും ധനമന്ത്രാലയം നീട്ടിയിട്ടുണ്ട്.

ആദായനികുതി വകുപ്പിന്റെ തലവനായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് (സിബിഡിടി) കമ്പനികള്‍ക്കുള്ള ആദായനികുതി റിട്ടേണ്‍ ഫയലിങ് സമയപരിധി നവംബര്‍ 30 വരെ നീട്ടി. ജീവനക്കാര്‍ക്ക് തൊഴിലുടമകള്‍ ഫോം നമ്പര്‍ 16 പ്രകാരം നികുതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള സമയപരിധി 2021 ജൂലൈ 15 വരെ നീട്ടിയിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

കേന്ദ്രസര്‍ക്കാര്‍ ദീര്‍ഘിപ്പിച്ച മറ്റ് നികുതികള്‍ക്കുള്ള സമയപരിധി ഇപ്രകാരമാണ്

ആദായനികുതി നിയമമനുസരിച്ച് അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യേണ്ട ആവശ്യമില്ലാത്തതും സാധാരണയായി ഐടിആര്‍ 1 അല്ലെങ്കില്‍ ഐടിആര്‍ 4 ഫോമുകള്‍ ഉപയോഗിച്ച് വരുമാനത്തില്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതുമായ നികുതിദായകര്‍ക്ക് ഐടിആര്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തിയ്യതി ജൂലൈ 31 ആണ്.

അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യേണ്ട കമ്പനികളോ സ്ഥാപനങ്ങളോ പോലുള്ള നികുതിദായകരുടെ അവസാന തിയ്യതി ഒക്ടോബര്‍ 31 ആണ്.

ടാക്‌സ് ഓഡിറ്റ് റിപോര്‍ട്ട് സമര്‍പ്പിക്കാനുള്ള അവസാന തിയ്യതിയും ട്രാന്‍സ്ഫര്‍ പ്രൈസിങ് സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കുന്നതിനുള്ള സമയം യഥാക്രമം ഒക്ടോബര്‍ 31, നവംബര്‍ 30 വരെ ഒരുമാസം നീട്ടി.

കാലതാമസം വരുത്തിയതോ പുതുക്കിയ വരുമാനമോ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി 2022 ജനുവരി 31 ആയി നിജപ്പെടുത്തി.

ധനകാര്യസ്ഥാപനങ്ങളുടെ സ്റ്റേറ്റ്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ ട്രാന്‍സാക്ഷന്‍ അല്ലെങ്കില്‍ എസ്എഫ്ടി റിപോര്‍ട്ട് നല്‍കാനുള്ള സമയപരിധി 2021 മെയ് 31 മുതല്‍ 2021 ജൂണ്‍ 30 വരെ നീട്ടി.

2021 മെയ് 31നോ അതിന് മുമ്പോ നല്‍കേണ്ട 2020 കലണ്ടര്‍ വര്‍ഷത്തില്‍ റിപോര്‍ട്ട് ചെയ്യാവുന്ന അക്കൗണ്ടിന്റെ സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കാനുള്ള സമയപരിധി ഇപ്പോള്‍ 2021 ജൂണ്‍ 30നോ അതിന് മുമ്പോ നല്‍കാം.

2021 മെയ് 31നോ അതിനുമുമ്പോ നല്‍കേണ്ട 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ നികുതിയിളവ് പ്രസ്താവന സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി 2021 ജൂണ്‍ 30നോ അതിനുമുമ്പോ നല്‍കാം.

Tags: