സര്‍ക്കാര്‍ സ്‌കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം

Update: 2023-05-28 03:54 GMT

പട്‌ന: ബിഹാറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വിതരണം ചെയ്ത ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പിനെ കണ്ടെത്തി. ഭക്ഷണം കഴിച്ച നൂറോളം കുട്ടികളെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരാരിയയിലുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. സന്നദ്ധ സംഘടനയാണ് സ്‌കൂളില്‍ ഉച്ചക്കഞ്ഞി വിതരണം ചെയ്തിരുന്നത്. ഉച്ചക്കഞ്ഞി കഴിച്ച കുട്ടികള്‍ ഛര്‍ദിച്ചു അബോധാവസ്ഥയിലായതോടെ നടത്തിയ പരിശോധനയിലാണ് കഞ്ഞി തയ്യാറാക്കിയ ചെമ്പിനുള്ളില്‍ ചത്ത പാമ്പിനെ കണ്ടത്. അവശനിലയിലായ കുട്ടികളെ ഉടനെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ അറിയിച്ചു. ഉത്തരവാദികളായ സന്നദ്ധ സംഘടനയ്‌ക്കെതിരെ നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

Tags: