ജനാധിപത്യത്തിന് മരണമണി?

Update: 2023-12-20 10:04 GMT

    പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കി ജനാധിപത്യത്തിന് കുരുക്കു മുറുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സസ്‌പെന്‍ഷന്‍ എന്ന ഒറ്റ നടപടിയില്‍ 141 പ്രതിപക്ഷ എംപിമാരെ പാര്‍ലമെന്റില്‍നിന്നു പുറത്താക്കി വിരല്‍ ഞൊടിക്കുന്നത്ര വേഗത്തിലും അനായാസമായും രാജ്യത്തിന്റെ ജനാധിപത്യത്തെ റദ്ദ് ചെയ്യുമ്പോള്‍ പാര്‍ലമെന്റിനു പുറത്ത് ഒരില പോലും അനങ്ങുന്നില്ലെന്നത് നമ്മെ അലോസരപ്പെടുത്തുന്നേയില്ല. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തിലെ തന്നെ അത്യപൂര്‍വ നടപടിയാണിത്. കഴിഞ്ഞയാഴ്ച പാര്‍ലമെന്റിന്റെ സന്ദര്‍ശക ഗാലറിയിലെത്തിയ ഒരു സംഘം ലോക്‌സഭാ ഹാളിലേക്ക് ചാടി വീണ് പുകവെടി ഉതിര്‍ത്ത സംഭവത്തെ തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ നടത്തിയ പ്രതിഷേധത്തിനെതിരേയാണ് ഈ കൂട്ട പുറത്താക്കല്‍ നടപടി. സന്ദര്‍ശക പാസ് നല്‍കിയതും ഒരു ബിജെപി എംപിയാണ് എന്നതും അതീവ ഗൗരവം അര്‍ഹിക്കുന്നു. പാര്‍ലമെന്റിന്റെ സുരക്ഷയെ വെല്ലുവിളിച്ച ഒരു കുറ്റകൃത്യത്തെക്കുറിച്ച് സഭയില്‍ വിശദീകരണം നല്‍കാന്‍ ഏറ്റവുമധികം ഉത്തരവാദപ്പട്ടയാള്‍ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയാണ്. ആഭ്യന്തരമന്ത്രിയായ അമിത് ഷാ സഭയില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയത്. അന്വേഷണമാവാം സഭയില്‍ മറുപടി വേണ്ടെന്ന നിലപാടാണ് പ്രധാനമന്ത്രിക്കുമുള്ളത്. സംഭവത്തെക്കുറിച്ച് ദൈനിക് ജാഗരണ്‍ എന്ന മാധ്യമത്തിനോട് പ്രതികരിച്ച പ്രധാനമന്ത്രി സഭയില്‍ വരാന്‍ കൂട്ടാക്കിയില്ല. നിര്‍ണായക സന്ദര്‍ഭങ്ങളിലെല്ലാം നരേന്ദ്ര മോദിയുടെ നിലപാട് അതായിരുന്നല്ലോ?. സഭാധ്യക്ഷന്റെ വിശദീകരണത്തിലും നടപടികളിലും ഒതുക്കി പ്രശ്‌നം അവസാനിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെ ചോദ്യം ചെയ്യേണ്ടത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം നിര്‍വഹിച്ചതിന്റെ പേരിലാണ് സഭാചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത നടപടിക്ക് സര്‍ക്കാര്‍ തുനിഞ്ഞത്.

    പ്രതിപക്ഷമാണ് ജനാധിപത്യത്തിന്റെ കരുത്തും കാവലും. ഇവിടെ സ്വേച്ഛാധിപത്യം മുഖമുദ്രയാക്കിയ കേന്ദ്രസര്‍ക്കാര്‍ മേല്‍ നടപടിയിലൂടെ ജനാധിപത്യത്തെയാണ് പുറത്താക്കിയിരിക്കുന്നത്. പാര്‍ലമെന്റിനോട് ഉത്തരവാദിത്തമുണ്ടാവേണ്ട പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന ചൊല്ലിനെ ഓര്‍മിപ്പിക്കുകയാണ്. എംപിമാരെ സസ്‌പെന്റ് ചെയ്തശേഷം സഭയിലെത്തിയ അമിത്ഷാ പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ ബില്ലുകള്‍ പാസാക്കിയെടുക്കാനാണ് തിടുക്കം കാട്ടിയത്. ഒരുവിധ ചര്‍ച്ചയുമില്ലാതെ ഒരു മണിക്കൂറിനുള്ളില്‍ മൂന്നു ബില്ലുകളാണ് അപ്പം ചുടുന്ന വേഗത്തില്‍ പാസായത്. പാര്‍ലമെന്റ് സമ്മേളനങ്ങളുടെ ചരിത്രത്തില്‍, ഷെഡ്യൂള്‍ ചെയ്ത സമയത്തിന്റെ മൂന്നിലൊന്നു സമയം മാത്രം സഭ ചേര്‍ന്നതിന്റെ ദുഷ്ഖ്യാതിയും ഈ ലോക്‌സഭയ്ക്ക് സ്വന്തമായി.

    മൃഗീയ ഭൂരിപക്ഷത്തിന്റെ കരുത്തുള്ള ഞങ്ങളുടെ കരവലയത്തില്‍ ഞെരുങ്ങിയമര്‍ന്ന് ഒന്നു ഞരങ്ങുക പോലും ചെയ്യാതെ അകാലചരമമടയാനാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിധിയെന്നാണോ, ഭരണനേതൃത്വം വഹിക്കുന്ന ബിജെപി ഇതിലൂടെ നല്‍കുന്ന സന്ദേശം?. ഭരണഘടന സ്ഥാപനങ്ങളും നിയമ സംവിധാനങ്ങളും നീതിപീഠങ്ങളും മാധ്യമങ്ങളുമെല്ലാം ഞങ്ങളുടെ ഇംഗിത പ്രകാരം ഞങ്ങളുടെ വിരല്‍ത്തുമ്പില്‍ ഇളകിയാടുന്ന പാവകള്‍ മാത്രമാണെന്ന സംഘപരിവാരത്തിന്റെ അഹന്തയ്ക്ക് അടിയൊപ്പ് ചാര്‍ത്തുകയാണ് 140 കോടി ജനങ്ങളുടെ മൗനം കൊണ്ട് നിര്‍വഹിക്കപ്പെടുന്ന മഹാപരാധം. മരണ തുല്യമായ നിശ്ശബ്ദതയും ആത്മഹത്യാപരമായ നിസ്സംഗതയും മറ്റെന്താണ് സൂചിപ്പിക്കുന്നത്. മരണശയ്യയിലായ ജനാധിപത്യത്തിന് പുനര്‍ജീവന്‍ നല്‍കാന്‍ പ്രതിപക്ഷവും അവരോടൊപ്പം രാജ്യമൊന്നാകെയും ഉണര്‍ന്നെഴുന്നേല്‍ക്കേണ്ട സമയം ഇതാണ്. ഇപ്പോള്‍ കഴിഞ്ഞില്ലെങ്കില്‍ ഇനി എപ്പോള്‍ എന്ന ചോദ്യത്തിനു പോലും പ്രസക്തിയില്ലാത്ത വിധം ആശങ്കാവൃതമാണ്, അതിലേറെ സംഭീതമാണ് ഇന്ത്യന്‍ രാഷ്ട്രീയ പരിസരം.

Tags:    

Similar News