കാലിന് പരിക്കേറ്റ് അഞ്ചാംദിനം വീല്‍ചെയറില്‍ റോഡ് ഷോ നടത്താനൊരുങ്ങി മമത

ബുധനാഴ്ചയാണ് നന്ദിഗ്രാമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമതയ്ക്ക് പരിക്കേറ്റത്.

Update: 2021-03-14 06:09 GMT

ന്യൂഡല്‍ഹി: കാലിന് പരിക്കേറ്റ് നാല് ദിവസങ്ങള്‍ക്ക് ശേഷം വീല്‍ചെയറിൽ റോഡ് ഷോ നടത്താനൊരുങ്ങി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയിലെ ഹസ്രയിലാണ് ഇന്ന് വൈകിട്ട് മമതയുടെ കൂറ്റന്‍ റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. റാലിക്ക് ശേഷം മമത ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും.

ബുധനാഴ്ചയാണ് നന്ദിഗ്രാമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമതയ്ക്ക് പരിക്കേറ്റത്. നാല് പേര്‍ ചേര്‍ന്ന് തന്നെ മനപ്പൂര്‍വം ആക്രമിക്കുകയായിരുന്നു എന്നായിരുന്നു മമതയുടെ ആരോപണം. ഇടതുകാലിനും തോളിനും കഴുത്തിനും പരിക്കേറ്റ മമത ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ മമതയ്‌ക്കെതിരേ ഉണ്ടായത് ആസൂത്രിതമായ ആക്രമണമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

തിരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പിച്ച മമത ജനങ്ങളെ കബളിപ്പിക്കാനായി കെട്ടിച്ചമച്ച സംഭവമാണ് ഇതെന്നായിരുന്നു ബിജെപിയുടെ ആരോപണം. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ സംഭവത്തിന് തൊട്ടുമുന്‍പ് ബംഗാള്‍ പോലിസ് മേധാവിയെ കേന്ദ്രം ഇടപെട്ട് മാറ്റിയതില്‍ ദുരൂഹതയുണ്ടെന്നും മമതയുടെ ജീവന്‍ അപഹരിക്കാനാണ് ഇതിലൂടെ ശ്രമിച്ചെതെന്നുമായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചത്.