'പുടിന്റെ മസ്തിഷ്‌കം' എന്നറിയപ്പെടുന്ന അലക്‌സാണ്ടര്‍ ഡുഗിന്റെ മകള്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

സ്‌ഫോടനം നടക്കുമ്പോള്‍ 29 കാരിയായ ദുഗിന 'ട്രഡിഷന്‍' എന്ന സാഹിത്യസംഗീതോത്സവത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ബസ റിപ്പോര്‍ട്ട് ചെയ്തു.

Update: 2022-08-21 01:34 GMT

അലക്‌സാണ്ടര്‍ ഡുഗിന്‍ മകള്‍ ഡാരിയ ഡുഗിനക്കൊപ്പം

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റിന്റെ ഫാഷിസ്റ്റ് വീക്ഷണങ്ങളില്‍ സ്വാധീനം ചെലുത്തിയതിന് 'പുടിന്റെ മസ്തിഷ്‌കം' എന്ന് പൊതുവെ അറിയപ്പെടുന്ന ഒരു തീവ്ര വലതുപക്ഷ റഷ്യന്‍ തത്വചിന്തകന്റെ മകള്‍ ശനിയാഴ്ച വൈകീട്ട് മോസ്‌കോയ്ക്ക് പുറത്തുണ്ടായ കാര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

അലക്‌സാണ്ടര്‍ ഡുഗിന്റെ മകള്‍ ഡാരിയ ദുഗിന സ്‌ഫോടനത്തില്‍ തല്‍ക്ഷണം കൊല്ലപ്പെട്ടതായാണ് ബസ, 112 എന്നീ വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്യുന്നത്. ഒരു ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പോലിസ് വൃത്തങ്ങളെ ഉദ്ധരിച്ച് റഷ്യയുടെ ടാസ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. പക്ഷെ, കൊല്ലപ്പെട്ടതാരെന്ന് വ്യക്തമാക്കിയിട്ടില്ല. ഇര സ്ത്രീയാണെന്നു മാത്രമമാണ് ടാസ് പുറത്തുവിട്ടിട്ടുള്ളത്.

അതേസമയം, ദുഗിനയുടെ സുഹൃത്ത് അവള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. സ്‌ഫോടനം നടക്കുമ്പോള്‍ 29 കാരിയായ ദുഗിന 'ട്രഡിഷന്‍' എന്ന സാഹിത്യസംഗീതോത്സവത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ബസ റിപ്പോര്‍ട്ട് ചെയ്തു.അലക്‌സാണ്ടര്‍ ഡുഗിന്‍ തന്റെ മകള്‍ ഓടിച്ചിരുന്ന വാഹനത്തില്‍ ഇരിക്കേണ്ടതായിരുന്നു, എന്നാല്‍ അവസാന നിമിഷം മറ്റൊരു വാഹനത്തില്‍ കയറിയിരുന്നുവെന്ന് ഔട്ട്‌ലെറ്റ് ഉദ്ധരിച്ച് റഷ്യന്‍ വയലിനിസ്റ്റ് പിയോറ്റര്‍ ലന്‍ഡ്‌സ്ട്രീം പറഞ്ഞു.

മകളുടെ തൊട്ടുപിന്നിലായി യാത്ര ചെയ്തിരുന്ന ഡുഗിന്റെ കണ്‍മുന്നില്‍വച്ചാണ് മകള്‍ ഓടിച്ചിരുന്ന കാര്‍ പൊട്ടിത്തെറിച്ചത്. ആക്രമണത്തിന് പിന്നില്‍ യുക്രേനിയന്‍ ഭരണകൂടമാണെന്നാണ് റഷ്യയുടെ കുറ്റപ്പെടുത്തല്‍. വഌഡിമിര്‍ പുടിന്റെ 'റഷ്യന്‍ ലോകം' എന്ന ആശയത്തിന്റെ മുഖ്യ ശില്പിയും യുക്രെയ്‌നെതിരായ അദ്ദേഹത്തിന്റെ ആക്രമണത്തിന് പിന്നിലെ പ്രേരകശക്തിയുമാണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന തത്ത്വചിന്തകനാണ് അലക്‌സാണ്ടര്‍ ഡുഗിന്‍.

Tags: