മാവോവാദി വേട്ടയുടെ പേരിൽ ആദിവാസി യുവതിയെ സൈന്യം ബലാൽസംഗം ചെയ്തു കൊന്നു
അവർ എന്റെ മകളെ തട്ടിക്കൊണ്ടുപോയ വാഹനത്തിന്റെ പിന്നാലെ അര കിലോമീറ്ററെങ്കിലും ഓടി. പിറ്റേന്ന് രാവിലെ പോലിസിനെ സമീപിച്ചപ്പോൾ ദന്തേവാഡയിലേക്ക് പോകാൻ പറഞ്ഞു, അവിടെയെത്തിയപ്പോൾ പോലിസ് വെടിവയ്പിൽ മകൾ കൊല്ലപ്പെട്ടെന്ന് അറിയിക്കുകയായിരുന്നു.
ദന്തേവാഡ: മാവോവാദി വേട്ടയുടെ ഏറ്റുമുട്ടലിൽ' 24 കാരിയായ ആദിവാസി സ്ത്രീയെ ബലാൽസംഗം ചെയ്ത് കൊന്നതായി ആരോപണം. മെയ് 31 നാണ് ഛത്തീസ്ഗഡിലെ ദന്തേവാഡയിലാണ് സംഭവം.
വീട്ടുകാർ പറയുന്നതനുസരിച്ച് പോലിസ് യുവതിയെ വീട്ടിൽ നിന്ന് കൊണ്ടുപോയി. തന്നെ ബലാൽസംഗം ചെയ്തുവെന്നും മൃതദേഹം വികൃതമാക്കിയെന്നും യുവതിയുടെ അമ്മ ആരോപിച്ചു. സംഭവത്തിൽ ഞായറാഴ്ച ലോക്കൽ പോലിസിന് കുടുംബം പരാതി നൽകി. എന്നാൽ എഫ്‌ഐആർ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല.
മെയ് 31 ന് ദന്തേവാഡയിലെ ഗീതം പ്രദേശത്ത് മാവോവാദികളുടെ സംഘത്തെ കണ്ടുമുട്ടിയതിനെ തുടർന്ന് യുവതിയെ ഡിആർജി ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നുവെന്നാണ് പോലിസ് ഭാഷ്യം. മാവോവാദികളുടെ ബാഗും മറ്റ് അവശ്യവസ്തുക്കളും കൈയിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയതായി ദന്തേവാഡ പോലിസ് പത്രക്കുറിപ്പിൽ പറഞ്ഞു.
യുവതിയുടെ അമ്മ പറയുന്നതനുസരിച്ച്, മെയ് 30 ന് അതിരാവിലെ തന്നെ അവളെ വീട്ടിൽ നിന്ന് പിടിച്ചുകൊണ്ടുപോയി. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന മകളെ ചില വനിതാ കോൺസ്റ്റബിൾമാർ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ താൻ എതിർത്തിരുന്നു. ഏഴ് പുരുഷ പോലിസും അടുത്തുള്ള ഗ്രാമങ്ങളിൽ നിന്നുള്ള എല്ലാ ഡിആർജി ഉദ്യോഗസ്ഥരും യുവതിയെ ബലമായി കൊണ്ടുപോവുകയായിരുന്നു.
അവർ എന്റെ മകളെ തട്ടിക്കൊണ്ടുപോയ വാഹനത്തിന്റെ പിന്നാലെ അര കിലോമീറ്ററെങ്കിലും ഓടി. പിറ്റേന്ന് രാവിലെ പോലിസിനെ സമീപിച്ചപ്പോൾ ദന്തേവാഡയിലേക്ക് പോകാൻ പറഞ്ഞു, അവിടെയെത്തിയപ്പോൾ പോലിസ് വെടിവയ്പിൽ മകൾ കൊല്ലപ്പെട്ടെന്ന് അറിയിക്കുകയായിരുന്നു. മകളുടെ ശരീരത്തിൽ സ്തനങ്ങളിലും, തുടകൾ, കൈകൾ എന്നിവിടങ്ങൾ പരിക്കേറ്റതായും യുവതിയുടെ അമ്മ പറയുന്നു.
ഗ്രാമത്തിലെ സർപഞ്ച് കുടുംബത്തിന്റെ അവകാശവാദങ്ങളെ പിന്തുണച്ച് രംഗത്തെത്തി. സ്ത്രീയെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു കൊണ്ടുപോകുന്നത് ഗ്രാമം മുഴുവൻ കണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ജൂണിൽ യുവതി വിവാഹിതരാകുമായിരുന്നു. അഞ്ച് വർഷം മുമ്പ് മാവോവാദി പ്രവർത്തനത്തിൽ സജീവമായിരുന്നെങ്കിലും കുറച്ച് വർഷങ്ങൾക്ക് മുമ്പ് പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.
