അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ട ഫോട്ടോ ജേണലിസ്റ്റ് ദാനിഷ് സിദ്ദീഖിക്ക് ജാമിഅയില്‍ അന്ത്യനിദ്ര

Update: 2021-07-18 18:51 GMT

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ട പുലിറ്റ്‌സര്‍ ജേതാവായ ഫോട്ടോ ജേണലിസ്റ്റ് ദാനിഷ് സിദ്ദീഖിക്ക് ജാമിഅ ഖബര്‍സ്ഥാനില്‍ അന്ത്യനിദ്ര. ഞായറാഴ്ച രാത്രി 8.30ഓടെ എത്തിച്ച മയ്യിത്ത് ഒരു നോക്ക് കാണാന്‍ വൈകീട്ട് തന്നെ ദാനിഷിന്റെ വീട്ടിലേക്ക് ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി പേര്‍ എത്തിയിരുന്നു. എന്നാല്‍, കൊവിഡ് പ്രോട്ടോകോള്‍ കാരണം മൃതദേഹം കാണാന്‍ വീട്ടുകാര്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും മാത്രമാണ് അവസരം നല്‍കിയത്. ഗഫാര്‍ മന്‍സിലില്‍ എത്തിച്ച ദാനിഷിന്റെ മയ്യിത്ത് ജാമിഅ മില്ലിയ്യ ജുമാമസ്ജിദില്‍ നടന്ന ജനാസ നമസ്‌കാരത്തിനുശേഷം ജാമിഅയുടെ സ്വന്തം ഖബര്‍സ്ഥാനില്‍തന്നെ ഖബറടത്തി.   


    അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തനായ റോയിട്ടേഴ്‌സിലെ ഫോട്ടോജേണലിസ്റ്റും ജാമിഅയിലെ പൂര്‍വ വിദ്യാര്‍ഥിയുമായ തന്റെ മകന് അന്ത്യനിദ്രക്ക് ജാമിഅയുടെ ജീവനക്കാരെ മാത്രം ഖബറടക്കുന്ന ജാമിഅ ഖബര്‍സ്ഥാനില്‍ ആറടി മണ്ണ് അനുവദിക്കണമെന്ന പിതാവ് പ്രഫ. അഖ്തര്‍ സിദ്ദീഖിയുടെ അപേക്ഷ വൈസ് ചാന്‍സലര്‍ നജ്മ അഖ്തര്‍ സ്വീകരിക്കുകയായിരുന്നു. ജാമിഅ മില്ലിയ്യ ഇസ് ലാമിയ്യയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും എകെജെ മാസ് കമ്യൂണിക്കേഷന്‍ റിസര്‍ച്ച് സെന്ററില്‍നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ മാസ്റ്റര്‍ ബിരുദവും നേടിയ ദാനിഷിനു 2018ലാണ് പുലിറ്റ്‌സര്‍ അവാര്‍ഡ് ലഭിച്ചത്. ദാനിഷിന്റെ മൃതദേഹത്തിനൊപ്പം കാബൂളിലെ ഇന്ത്യന്‍ എംബസി നല്‍കിയ മരണസര്‍ട്ടിഫിക്കറ്റും പിതാവ് അഖ്തര്‍ സിദ്ദീഖി ഏറ്റുവാങ്ങി. റോയിട്ടേഴ്‌സ് ചീഫ് റിപോര്‍ട്ടറും ഫോട്ടോഗ്രഫറുമായി ജോലിചെയ്യുന്നതിനിടെ ജൂലൈ 16ന് അഫ്ഗാനിസ്താനിലെ കാന്തഹാര്‍ സ്പിന്‍ ബോള്‍ഡാകില്‍ മരണപ്പെട്ടതായും നിരവധി വെടിയേറ്റ മുറിവുകളാണ് മരണകാരണമെന്നും സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Danish Siddiqui, photojournalist killed in Afghanistan, sleeps in Jamia

Tags:    

Similar News