'തല താഴ്ത്തി മാത്രമേ നടക്കാന്‍ പാടുള്ളൂ'; ഗൂഡല്ലൂരിൽ ദലിത് യുവാവിന് സവർണരുടെ മർദനം

കൂളിങ് ഗ്ലാസ് വെച്ചതും ഗ്രാമത്തില്‍ ബൈക്ക് ഓടിച്ചതും പറഞ്ഞ് ഭീഷണിപ്പെടുത്തി. തല താഴ്ത്തി മാത്രമേ നടക്കാന്‍ പാടുള്ളൂ എന്ന് എന്നോട് താക്കീത് നല്‍കുകയും ചെയ്തു'

Update: 2019-08-07 06:57 GMT

ഗൂഡല്ലൂര്‍: തമിഴ്‌നാട്ടില്‍ കൂളിങ് ഗ്ലാസ് ധരിച്ച് ബൈക്കില്‍ യാത്ര ചെയ്ത ദലിത് യുവാവിന് സവര്‍ണരുടെ മര്‍ദനം. സഹോദരൻറെ ഭാര്യയോടൊപ്പം വീട്ടിലേക്ക് ബൈക്കില്‍ വരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിലാണ് സംഭവം. പട്ടിക്കുടിക്കാട് ഗ്രാമത്തിലെ അളകേശന്‍ എന്ന യുവാവാണ് സവർണരുടെ മര്‍ദനത്തിനിരയായത്.

സഹോദരന്റെ ഭാര്യയെ ശാരീരികമായി ഉപദ്രവിക്കാനും വസ്ത്രങ്ങള്‍ വലിച്ച് കീറാനും ശ്രമിച്ചെന്ന് അളകേശന്‍ പറഞ്ഞു. വഴിയിൽ നിന്ന് കൈയ്യേറ്റം ചെയ്ത അതേസംഘം വൈകുന്നേരം വീടിന് മുന്നിലെത്തി അധിക്ഷേപം തുടർന്നു. വീട്ടിലെത്തി അളഗേശനെ അക്രമികള്‍ ഉപദ്രവിക്കുന്നത് എതിര്‍ക്കാന്‍ ശ്രമിച്ച അമ്മയെയും മര്‍ദിച്ചു. കേസിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് ഗ്രാമത്തിലുള്ളവര്‍ പ്രക്ഷോഭത്തിന് തയാറായിരിക്കുകയാണ്.

സംഭവത്തെക്കുറിച്ച് അളഗേശന്‍ പറയുന്നതിങ്ങനെ,

'ഞങ്ങള്‍ ആഭരണങ്ങള്‍ വാങ്ങി മടങ്ങിവരുന്ന വഴിക്ക് സവര്‍ണ വിഭാഗത്തില്‍പെട്ട ഗോപി ഞങ്ങളെ തടഞ്ഞുവച്ചു. തുടര്‍ന്ന് ഞാനും സഹോദരന്റെ ഭാര്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അസഭ്യം പറഞ്ഞു. തന്നെയും സഹോദരന്റെ ഭാര്യയെയും അപമാനിക്കുകയും ചെയ്തു. തുടര്‍ന്ന് ഗോപി ഞാന്‍ കൂളിങ് ഗ്ലാസ് വെച്ചതും ഗ്രാമത്തില്‍ ബൈക്ക് ഓടിച്ചതും പറഞ്ഞ് ഭീഷണിപ്പെടുത്തി. തല താഴ്ത്തി മാത്രമേ നടക്കാന്‍ പാടുള്ളൂ എന്ന് എന്നോട് താക്കീത് നല്‍കുകയും ചെയ്തു',

കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. മുഖ്യപ്രതി ഗോപിയും മറ്റ് പ്രതികളും ഒളിവിലാണ്. പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുത്തെന്ന് ഡിഎസ്പി കാര്‍ത്തികേയന്‍ പറഞ്ഞു. എന്നാല്‍ ജാതി ആക്രമണമല്ലെന്നും അളകേശന്‍ മദ്യപിച്ചിരുന്നെന്നുമാണ് പൊലീസ് ഭാഷ്യം. വ്യക്തിപരമായ പ്രശ്‌നങ്ങളുടെമേല്‍ നടന്ന തര്‍ക്കമായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്.

Tags:    

Similar News