യുപിയിൽ ദലിത് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി; ജാതിക്കൊലയെന്ന് സംശയം
ഇത് ജാതി അടിസ്ഥാനത്തിലുള്ള കുറ്റകൃത്യമാണെന്ന് സംശയിക്കുന്നുവെങ്കിലും നിലവിൽ തെളിവുകളില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ലഖ്നോ: ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ ദലിത് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം റിപോർട്ട് ചെയ്യപ്പെട്ട് ഒരു ദിവസത്തിന് ശേഷം, പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിൽ എടുത്തതായും മറ്റു പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായും പോലിസ് പറഞ്ഞു.
പോസ്റ്റ്മോർട്ടം ലൈംഗികാതിക്രമം തള്ളിക്കളഞ്ഞതായും പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയുടെ തലയ്ക്ക് പരിക്കേറ്റാണ് മരണമെന്നും പോലിസ് പറഞ്ഞു. ഇത് ജാതി അടിസ്ഥാനത്തിലുള്ള കുറ്റകൃത്യമാണെന്ന് സംശയിക്കുന്നുവെങ്കിലും നിലവിൽ തെളിവുകളില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്താൽ മാത്രമേ ഇത് സ്ഥാപിക്കാൻ കഴിയൂവെന്ന് അവർ കൂട്ടിച്ചേർത്തു.
ബുലന്ദ്‌ശഹർ പ്രദേശത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൊല്ലപ്പെട്ടതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. പൊതുജനങ്ങളിൽ നിന്നുള്ള പ്രാഥമിക വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു, ഒരു പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് പ്രതിയെ പിടികൂടാനെത്തിയ പോലിസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടുകയായിരുന്നു.
ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തു, ഞങ്ങൾ അവനെ ചോദ്യം ചെയ്യുന്നു. അവന്റെ പങ്കാളിത്തം സ്ഥിരീകരിച്ചാൽ ഞങ്ങൾ അറസ്റ്റ് ചെയ്യും. കുറ്റവാളികളെ കണ്ടെത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും പോലിസ് നടത്തുന്നുണ്ടെന്ന് ബുലന്ദ്ശഹർ സീനിയർ പോലിസ് സൂപ്രണ്ട് (എസ്എസ്പി) സന്തോഷ് കുമാർ പറഞ്ഞു.
ഖുർജ പ്രദേശത്തെ തന്റെ ഗ്രാമത്തിൽ നിന്ന് ട്യൂഷൻ ക്ലാസിൽ നിന്ന് തൊട്ടടുത്ത ഗ്രാമത്തിലേക്ക് പോയതായിരുന്നു പെൺകുട്ടി. വഴിയിൽ വച്ച് ആക്രമിച്ച് തലയ്ക്ക് മാരകമായ പ്രഹരമേൽപ്പിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലിസ് സംശയിക്കുന്നു. നിലവിൽ ആറ് പോലിസ് സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്.
പെൺകുട്ടിയുടെ മരണവിവരം അറിഞ്ഞതോടെ ഗ്രാമവാസികൾ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് കനത്ത പോലിസ് വിന്യാസമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ നിലവിൽ ഗ്രാമത്തിൽ ക്രമസമാധാന പ്രശ്നമില്ലെന്ന് പോലിസ് കൂട്ടിച്ചേർത്തു.

