യുപി: സവർണ യുവതിയെ പ്രണയിച്ചതിന് ദലിത് യുവാവിന്റെ മലദ്വാരത്തിൽ കമ്പികയറ്റി

യുവതിയുടെ പിതാവും നാല് സഹോദരൻമാരും ചേർന്നാണ് യുവാവിനെ കെട്ടിയിട്ട് പീഢനത്തിനിരയാക്കിയത്.

Update: 2021-04-02 10:23 GMT

ലഖ്നോ: സവർണ യുവതിയെ പ്രണയിച്ചതിന് ദലിത് യുവാവിന്റെ മലദ്വാരത്തിൽ കമ്പികയറ്റി. ഇരുപത്തിരണ്ടുകാരനായ ദലിത് യുവാവാണ് സവർണരുടെ കൊടിയ പീഢനത്തിന് ഇരയായത്. സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തതായി യുപി പോലിസ് അറിയിച്ചു.

യുവതിയുടെ പിതാവും നാല് സഹോദരൻമാരും ചേർന്നാണ് യുവാവിനെ കെട്ടിയിട്ട് പീഢനത്തിനിരയാക്കിയത്. ​ഗുരുതരമായി പരിക്കേറ്റ യുവാവിനെ ലക്ഷ്മിപൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രിയാണ് സംഭവം. ദലിത് യുവാവിന്റെ സ്വകാര്യ ഭാഗങ്ങളിൽ പരിക്കേൽപ്പിച്ച പ്രതികൾ അദ്ദേഹത്തെ നിഷ്കരുണം മർദ്ദിച്ചുവെന്ന് പോലിസ് പറഞ്ഞു.

ഇരയുടെ സഹോദരന്റെ പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം 323, 506, എസ്‌സി/എസ്ടി അതിക്രമങ്ങൾ തടയൽ നിയമം എന്നിവ പ്രകാരം നാല് പേർക്കെതിരേ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബ്രഹ്മദീനും മൂന്ന് മക്കളായ ഭാരത്, ഗജരാജ്, രാജു എന്നിവരാണ് അറസ്റ്റിലായത്.