ഭക്ഷണം ഉപേക്ഷിച്ചെന്ന് ആരോപിച്ച് ദലിത് യുവാവിനു മര്‍ദ്ദനം

പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഗുജറാത്ത് ബന്ദ് ആചരിക്കുമെന്ന് ദലിത് നേതാവും സ്വതന്ത്ര എംഎല്‍എയുമായ ജിഗ്നേഷ് മേവാനി ഭീഷണി മുഴക്കി

Update: 2019-11-04 19:14 GMT

അഹമ്മദാബാദ്: ഗുജറാത്ത് അഹമ്മദാബാദിലെ സബര്‍മതി പ്രദേശത്ത് ഭക്ഷണം ഉപേക്ഷിച്ചെന്ന് ആരോപിച്ച് ദലിത് യുവാവിനു മര്‍ദ്ദനം. ഞായറാഴ്ച വൈകീട്ടാണ് 30 കാരനായ പ്രഗ്നേഷ് പാര്‍മര്‍ക്ക് മര്‍ദ്ദനമേറ്റത്. മഹേഷ് താക്കൂര്‍, ജോഗി താക്കൂര്‍ എന്നിവരും മറ്റ് രണ്ടുപേരുമാണ് മര്‍ദ്ദിച്ചതെന്നാണ് പോലിസിനു നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഗുജറാത്ത് ബന്ദ് ആചരിക്കുമെന്ന് ദലിത് നേതാവും സ്വതന്ത്ര എംഎല്‍എയുമായ ജിഗ്നേഷ് മേവാനി ഭീഷണി മുഴക്കി.

    മഹേഷിന്റെ ഭക്ഷണശാലയില്‍ അത്താഴം കഴിക്കുമ്പോള്‍ അബദ്ധത്തില്‍ ഒരു വിഭവം ഉപേക്ഷിച്ചതിനെ ചൊല്ലി പാര്‍മറിനെയും സുഹൃത്തിനെയും ശകാരിക്കുകയും അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്നും പരിക്കേറ്റ പാര്‍മറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും സബര്‍മതി പോലിസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ആര്‍ എച്ച് വാല പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി അഹമ്മദാബാദില്‍ രണ്ട് ദലിത് യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. കേസിലെ പ്രതികളെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഗുജറാത്ത് ബന്ദ് പ്രഖ്യാപിക്കുമെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു. ദലിതര്‍ ഭീരുക്കളാണെന്ന് കരുതരുതെന്നും ഞങ്ങള്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നുവെന്നും മേവാനി ട്വീറ്റ് ചെയ്തു. സംഭവത്തില്‍

    മഹേഷ് താക്കൂറിനും മറ്റു മൂന്ന് പേര്‍ക്കുമെതിരേ വധശ്രമത്തിനും എസ്‌സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹേഷ് താക്കൂറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് മൂന്ന് പേരെ പിടികൂടാന്‍ ശ്രമം ഊര്‍ജ്ജിതമാക്കിയതായും പോലിസ് പറഞ്ഞു.





Tags:    

Similar News