ദലിത് കര്‍ഷകനെ സവർണർ ക്രൂരമായി മര്‍ദ്ദിച്ചു; കാലില്‍ വീഴ്ത്തി മാപ്പ് പറയിപ്പിച്ചു
സംഭവം വിവാദമയതോടെ പോലിസ് സ്വമേധയാ കേസ് എടുത്തു. തേവര്‍ സമുദായത്തിലെ ഏഴ് പേരെ ജാമ്യമില്ലാ വകുപ്പുകളില്‍ അറസ്റ്റ് ചെയ്തു.
ചെന്നൈ: ദലിത് കര്‍ഷകനെ സവർണർ ക്രൂരമായി മര്‍ദ്ദിച്ച് കാലില്‍ വീണ് മാപ്പ് പറയിപ്പിച്ചു. കര്‍ഷകന്‍റെ ആടുകള്‍ സവർണരുടെ പറമ്പില്‍ കയറിയതിന്‍റെ പേരിലായിരുന്നു മര്‍ദ്ദനം. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഏഴ് പേരെ പോലിസ് അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട മര്‍ദ്ദനത്തിനൊടുവിലാണ് കര്‍ഷകനായ പോള്‍രാജ് സവർണരുടെ കാലില്‍ വീണ് മാപ്പ് പറഞ്ഞത്.
പോള്‍രാജിന്‍റെ ആടുകള്‍ കൂട്ടതെറ്റി സവർണരുടെ പറമ്പില്‍ കയറിയതിന്‍റെ പേരിലായിരുന്നു മര്‍ദ്ദനം. ഇതിന്‍റെ പേരില്‍ നാല് ആടുകളെ തട്ടിയെടുത്ത തേവര്‍ സമുദായാഗംങ്ങള്‍ പോള്‍രാജിനെ വിളിച്ചുവരുത്തി മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. തൂത്തുക്കുടി കായത്താര്‍ ഒലൈക്കുളം ഗ്രാമത്തിലെ തേവര്‍ സമുദായാംഗങ്ങള്‍ കൂട്ടമായി എത്തി പോള്‍രാജിനെ മാറി മാറി മർദ്ദിക്കുകയായിരുന്നു.
പോൾരാജിനെ മർദ്ദിച്ചവശനാക്കിയ ശേഷം സമുദായ നേതാവിന്‍റെ കാലില്‍ വീണ് നിരവധി തവണ മാപ്പ് പറയിപ്പിച്ചു. തേവര്‍ സമുദായംഗങ്ങള്‍ തന്നെ ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയായിരുന്നു. മുന്നാക്ക ജാതിക്കാരുടെ ഭൂമിയില്‍ പ്രവേശിച്ചാല്‍ ഗതി ഇതാകും എന്നു പറഞ്ഞാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്.
സംഭവം വിവാദമയതോടെ പോലിസ് സ്വമേധയാ കേസ് എടുത്തു. തേവര്‍ സമുദായത്തിലെ ഏഴ് പേരെ ജാമ്യമില്ലാ വകുപ്പുകളില്‍ അറസ്റ്റ് ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പാണ് കടലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ദലിത് സ്ത്രീയായതിനാല്‍ മുന്നാക്ക ജാതിക്കാരായ മറ്റംഗങ്ങള്‍ കസേര എടുത്തുമാറ്റിയതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.
