തെക്കന്‍ കര്‍ണാടകക്ക് മുകളില്‍ ചക്രവാതച്ചുഴി;കേരളത്തില്‍ മേയ് 20 വരെ അതിശക്ത മഴക്ക് സാധ്യത

Update: 2022-05-16 05:41 GMT

തിരുവനന്തപുരം: തെക്കന്‍ കര്‍ണാടകക്ക് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിനാല്‍ മെയ് 17 മുതല്‍ 20 വരെ കേരളത്തില്‍ അതിശക്തമായ മഴയുണ്ടായേക്കും.

തെക്കന്‍ ആന്‍ഡമാന്‍ കടലിലും നിക്കോബര്‍ ദ്വീപ് സമൂഹങ്ങളിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കാലവര്‍ഷം ഇന്ന് എത്തിച്ചേരാന്‍ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഴയുടെ സാഹചര്യത്തില്‍ എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വലിയ അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ തീവ്ര മഴ സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലേര്‍ട്ടാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നിലനില്‍ക്കുന്നുണ്ട്.

Tags:    

Similar News