'മഹാ' ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരത്ത്; കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാവുമെന്ന് മുന്നറിയിപ്പ്
ലക്ഷദ്വീപിലെ അമിനിദിവി ദ്വീപില്‍നിന്ന് തെക്ക് കിഴക്കായി 30 കിലോ മീറ്റര്‍ ദൂരത്തിലും ലക്ഷദ്വീപിലെ മിനിക്കോയില്‍നിന്ന് 300 കിലോ മീറ്റര്‍ ദൂരത്തും വടക്ക് കവരത്തിയില്‍നിന്ന് 60 കിലോ മീറ്റര്‍ ദൂരത്തും കോഴിക്കോടുനിന്ന് പടിഞ്ഞാറ് 300 കിലോ മീറ്റര്‍ ദൂരത്തുമായാണ് മഹ ചുഴലിക്കാറ്റിന്റെ ഇപ്പോഴത്തെ സ്ഥാനം.
തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട 'മഹാ' ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരത്തിന് സമീപമെത്തി. ലക്ഷദ്വീപിലെ അമിനിദിവി ദ്വീപില്‍നിന്ന് തെക്ക് കിഴക്കായി 30 കിലോ മീറ്റര്‍ ദൂരത്തിലും ലക്ഷദ്വീപിലെ മിനിക്കോയില്‍നിന്ന് 300 കിലോ മീറ്റര്‍ ദൂരത്തും വടക്ക് കവരത്തിയില്‍നിന്ന് 60 കിലോ മീറ്റര്‍ ദൂരത്തും കോഴിക്കോടുനിന്ന് പടിഞ്ഞാറ് 300 കിലോ മീറ്റര്‍ ദൂരത്തുമായാണ് മഹ ചുഴലിക്കാറ്റിന്റെ ഇപ്പോഴത്തെ സ്ഥാനം. അടുത്ത 48 മണിക്കൂറിനുള്ളില്‍ ലക്ഷദ്വീപില്‍ കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാവുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ അതീവജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ലക്ഷദ്വീപില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശത്തുനിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. 214 പേരെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി. എല്ലാവിധ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായി ലക്ഷദ്വീപ് ഭരണകൂടം വ്യക്തമാക്കി.
ലക്ഷദ്വീപിലേക്ക് എത്തുന്ന ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്രമാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. ലക്ഷദ്വീപില്‍ ഇന്ന് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ വരെ ചുഴലിക്കാറ്റ് ആഞ്ഞടിക്കും. മഹാ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് 60 കീലോ മീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 'മഹാ' ചുഴലിക്കാറ്റ് മണിക്കൂറില്‍ 17 കിലോമീറ്റര്‍ വേഗതയില്‍ കഴിഞ്ഞ ആറുമണിക്കൂറായി വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഇത് അടുത്ത 12 മണിക്കൂറില്‍ വടക്ക് വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ദുര്‍ബലമായി മധ്യകിഴക്കന്‍ അറബിക്കടലിലേക്ക് പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്യാര്‍ ചുഴലിക്കാറ്റിന് പിന്നാലെയാണ് അറബിക്കടലില്‍ മഹാ ചുഴലിക്കാറ്റും രൂപപ്പെട്ടത്.
അറബിക്കടലില്‍ ഒരേസമയം രണ്ട് ചുഴലിക്കാറ്റുകള്‍ രൂപപ്പെടുന്നത് അപൂര്‍വമാണ്. സംസ്ഥാനത്ത് പലയിടത്തും കടല്‍ക്ഷോഭവും ശക്തമാവുകയാണ്. കാലാവസ്ഥ മോശമായതിനാല്‍ കോഴിക്കോട് ബേപ്പൂരില്‍നിന്ന് ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. നാലുവരെ ലക്ഷദ്വീപിലേക്കുള്ള യാത്രാക്കപ്പലുകളും ചരക്കുകപ്പലുകളും സര്‍വീസ് നടത്തില്ല. കവരത്തിയിലും മിത്ര ദ്വീപിലും ജനങ്ങളെ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കടലാക്രമണത്തില്‍ പൊന്നാനിയില്‍ 20 വീടുകളില്‍ വെള്ളം കയറി. ഈ കുടുംബങ്ങളെ തൊട്ടടുത്ത എം ഐ സ്‌കൂളിലേക്ക് മാറ്റി. പൊന്നാനി ലൈറ്റ് ഹൗസ് പരിസരം, അലിയാര്‍ പള്ളി എന്നിവിടങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്.

