'മഹാ' ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരം കടന്നു; കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരും, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഓറഞ്ച് അലര്‍ട്ട് എവിടെയും പ്രഖ്യാപിച്ചിട്ടില്ല. ലക്ഷദ്വീപിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ റെഡ് അലര്‍ട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എങ്കിലും അവിടെ ജാഗ്രതാ നിര്‍ദേശം തുടരുകയാണ്.

Update: 2019-11-01 01:18 GMT

തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട 'മഹാ' ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരം കടന്ന് മുന്നോട്ടുനീങ്ങുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ഈ ചുഴലിക്കാറ്റ് കൂടുതല്‍ തീവ്രതയിലേക്കെത്തും. അതിനാല്‍തന്നെ കേരളത്തില്‍ ഇന്നും ശക്തമായ കാറ്റും മഴയുമുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. കേരളത്തില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഓറഞ്ച് അലര്‍ട്ട് എവിടെയും പ്രഖ്യാപിച്ചിട്ടില്ല. ലക്ഷദ്വീപിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ റെഡ് അലര്‍ട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എങ്കിലും അവിടെ ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. 'മഹാ' ചുഴലിക്കാറ്റ് ഇപ്പോള്‍ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ ഒമാന്‍ തീരത്തേക്കാണ് നീങ്ങുന്നത്. അമിനിദിവി ദ്വീപില്‍നിന്ന് 130 കിമീ അകലെയും കോഴിക്കോട് നിന്ന് 470 കിലോമീറ്റര്‍ ദൂരെയുമാണ് 'മഹാ' ചുഴലിക്കാറ്റ് ഇപ്പോഴുള്ളത്.

മധ്യകിഴക്കന്‍ അറബിക്കടലിലാണ് ഇതിന്റെ സ്ഥാനം. ലക്ഷദ്വീപില്‍ വരും മണിക്കൂറുകളില്‍ 110 മുതല്‍ 120 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശുമെന്നാണ് വിവരം. നാളെ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയിലും മറ്റന്നാള്‍ 155 കിലോമീറ്റര്‍വരെയും കാറ്റിന് സാധ്യതയുണ്ട്. സംസ്ഥാനത്ത് 65 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യബന്ധനത്തിന് പോവരുതെന്ന് കര്‍ശനനിര്‍ദേശമുണ്ട്. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും കനത്ത മഴ പെയ്യും. കടല്‍ കൂടുതല്‍ പ്രക്ഷുബ്ദമാവും. തീരപ്രദേശങ്ങളിലും മലയോരമേഖലകളിലുമുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ക്യാര്‍ ചുഴലിക്കാറ്റിന് പിന്നാലെയാണ് അറബിക്കടലില്‍ മഹാ ചുഴലിക്കാറ്റും രൂപപ്പെട്ടത്. സംസ്ഥാനത്ത് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

Tags: