ഗുജറാത്തില്‍ നാശം വിതച്ച് ബിപോര്‍ജോയ്; 940 ഗ്രാമങ്ങള്‍ ഇരുട്ടില്‍

Update: 2023-06-16 03:50 GMT

അഹ്മദാബാദ്: ഗുജറാത്ത് തീര മേഖലയില്‍ കനത്ത നാശം വിതച്ച് ബിപോര്‍ജോയ് ചുഴലിക്കാറ്റ്. ദ്വാരക, കച്ച്, സൗരാഷ്ട്ര മേഖലകളില്‍ വ്യാപക നാശനഷ്ടമുണ്ടായി. 22 പേര്‍ക്ക് പരിക്കേറ്റതായാണ് റിപോര്‍ട്ട്. ഒരു ക്ഷീരകര്‍ഷകനും മകനും മരണപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. ആടിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് മരണമെന്നാണ് റിപോര്‍ട്ട്. മരങ്ങളും വൈദ്യുതി തൂണുകളും വ്യാപകമായി കടപുഴകിയതിനാല്‍ 940 ഓളം ഗ്രാമങ്ങള്‍ ഇരുട്ടിലായി. മാലിയ തെഹ്‌സില്‍ താലൂക്കില്‍ മാത്രം 45 ഗ്രാമങ്ങളില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. തീരദേശ മേഖലയില്‍ 300ഓളം വൈദ്യുതി തൂണുകളാണ് കാറ്റില്‍ തകര്‍ന്നത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റ് വ്യാഴാഴ്ച രാത്രിയാണ് ഗുജറാത്തിനെ വിറപ്പിച്ചത്. പോര്‍ബന്ദര്‍, ദ്വാരക, കച്ച്, മോര്‍ബി ജില്ലകളില്‍ ആണ് ഏറ്റവും കൂടുതല്‍ നാശമുണ്ടായത്. ഇതുവരെ ഒന്നേകാല്‍ ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഒമ്പത് ജില്ലകളിലെ നൂറോളം ഗ്രാമങ്ങളിലായി ചുഴലിക്കാറ്റ് നാശം വിതച്ചു. ദേശീയസംസ്ഥാന ദുരന്ത നിവാരണ സേനകള്‍ രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമായിട്ടുണ്ട്. നിലവില്‍ വേഗത കുറഞ്ഞതിനാല്‍ ഇന്ന് ഉച്ചയോടെ സാധാരണ ചുഴലിക്കാറ്റായി മാറുകയും അര്‍ധരാത്രിയോടെ ന്യൂനമര്‍ദമായി മാറുമെന്നുമാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. സംസ്ഥാനത്ത് സ്‌കൂളുകള്‍ അടച്ചിരിക്കുകയാണ്.

Tags:    

Similar News