പാക് താരം അബ്രാര്‍ അഹമ്മദിനെ ടീമിലെടുത്തതില്‍ സണ്‍റൈസേഴ്‌സിനും കാവ്യ മാരനും നേരെ സൈബര്‍ ആക്രമണം; സണ്‍റൈസേഴ്‌സ് ലീഡ്സിന്റെ എക്‌സ് അക്കൗണ്ട് പൂട്ടി

Update: 2026-03-13 05:22 GMT

ലണ്ടന്‍: ഇംഗ്ലണ്ടിലെ 'ദി ഹണ്ട്രഡ്' ക്രിക്കറ്റ് ടൂര്‍ണമെന്റ് താരലേലത്തില്‍ പാകിസ്താന്‍ സ്പിന്നര്‍ അബ്രാര്‍ അഹമ്മദിനെ ടീമിലെടുത്തതിന് പിന്നാലെ ഉടമകളായ സണ്‍ ഗ്രൂപ്പിനും കാവ്യ മാരനും സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധം. ആരാധകരുടെ സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് ഫ്രാഞ്ചൈസിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു.

വ്യാഴാഴ്ച നടന്ന കളിക്കാരുടെ ലേലത്തില്‍ 2,55,000 ഡോളര്‍ (ഏകദേശം 2.34 കോടി രൂപ) നല്‍കിയാണ് സണ്‍റൈസേഴ്‌സ് ലീഡ്സ് അബ്രാറിനെ സ്വന്തമാക്കിയത്. 'ദി ഹണ്ട്രഡ്' ടൂര്‍ണമെന്റില്‍ ഒരു ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഒരു ടീം പാക് താരത്തെ സൈന്‍ ചെയ്യുന്നത് ഇതാദ്യമാണ്. സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആരാധകര്‍ ടീമിനെതിരെ രംഗത്തെത്തി. രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായാണ് ടീം പ്രവര്‍ത്തിക്കുന്നതെന്നാരോപിച്ച് #BoycottSRH എന്ന ഹാഷ്ടാഗ് എക്‌സില്‍ ട്രെന്‍ഡിംഗായി.

അബ്രാറിനെ ടീമിലെടുത്ത വാര്‍ത്ത പുറത്തുവന്ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സണ്‍റൈസേഴ്‌സ് ലീഡ്സിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് അപ്രത്യക്ഷമായി. പ്ലാറ്റ്ഫോമിന്റെ നിയമങ്ങള്‍ ലംഘിച്ചുവെന്ന സന്ദേശമാണ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യുമ്പോള്‍ കാണുന്നത്. അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതിന് പിന്നിലെ കൃത്യമായ കാരണം എക്‌സ് അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഐപിഎല്ലിലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ദക്ഷിണാഫ്രിക്കന്‍ ലീഗിലെ സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ് എന്നീ ടീമുകളുടെ ഉടമകളാണ് സണ്‍ ഗ്രൂപ്പ്. മുന്‍പ് ഈ ടീമുകളിലൊന്നും പാക് താരങ്ങള്‍ കളിച്ചിട്ടില്ല. ലേലത്തില്‍ ട്രെന്റ് റോക്കറ്റ്‌സുമായി നടന്ന വാശിയേറിയ ലേലം വിളിക്കൊടുവിലാണ് ഹെഡ് കോച്ച് ഡാനിയല്‍ വെട്ടോറിയുടെ താല്‍പ്പര്യപ്രകാരം കാവ്യ മാരന്‍ അബ്രാറിനെ ടീമിലെത്തിച്ചത്.

അബ്രാറിന്റെ പ്രകടനത്തെക്കുറിച്ച് ഓസ്ട്രേലിയന്‍ താരങ്ങളുമായി ചര്‍ച്ച ചെയ്തിരുന്നു. ടീമിന്റെ ആവശ്യകത മുന്‍നിര്‍ത്തിയാണ് താരത്തെ തിരഞ്ഞെടുത്തത്. പാക് താരങ്ങളെ ലേലത്തില്‍ വിളിക്കരുതെന്ന് ഫ്രാഞ്ചൈസിയില്‍ മുന്‍കൂട്ടി തീരുമാനമൊന്നുമുണ്ടായിരുന്നില്ലെന്ന് വെട്ടോറി പറഞ്ഞു. 2008-ന് ശേഷം ഐപിഎല്ലില്‍ പാക് താരങ്ങള്‍ക്ക് വിലക്കുണ്ട്. എന്നാല്‍ വിദേശ ലീഗുകളില്‍ മറ്റ് ടീമുകള്‍ പാക് താരങ്ങളെ കളിപ്പിക്കാറുണ്ടെങ്കിലും ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ടീമുകള്‍ ഇതാദ്യമായാണ് ഇത്തരമൊരു നീക്കം നടത്തുന്നത്. ബാര്‍മിംഗ്ഹാം ഫീനിക്‌സ് മറ്റൊരു പാക് താരമായ ഉസ്മാന്‍ താരിഖിനെയും ലേലത്തില്‍ സ്വന്തമാക്കിയിട്ടുണ്ട്.