കാരശ്ശേരിക്കെതിരായ സൈബർ ആക്രമണം; കോടിയേരിയുടെ ഗൂഢാലോചന: സംസ്കാര സാഹിതി
സ്വാതന്ത്ര്യദിനത്തെ ഏറെ വർഷങ്ങൾ കരിദിനമായി ആചരിച്ച നെറികെട്ട ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തെയും കാരശ്ശേരി കണക്കറ്റ് പരിഹസിച്ചതിന്റെ ചൊരുക്കാണ് സിപിഎം സൈബർ ഗുണ്ടകൾ കാരശ്ശേരിയോട് തീർക്കുന്നത് എന്നും സംസ്കാര സാഹിതി വിലയിരുത്തി.
കണ്ണൂർ: എംഎൻ കാരശ്ശേരി ജർമ്മനിയിലെ അതിവേഗ ട്രെയിനിൽ യാത്ര ചെയ്തത് ആയുധമാക്കി കാരശ്ശേരി കെറയിലിനെ വിമർശിക്കുന്നത് യുക്തിസഹമല്ലെന്ന് വിമർശിക്കുന്ന സിപിഎം സൈബർ ഗുണ്ടകൾ കോടിയേരി ബാലകൃഷ്ണന് കാരശ്ശേരിയോടുളള അടങ്ങാത്ത പക തീർക്കുകയാണെന്ന് കെപിസിസി സംസ്കാര സാഹിതി കണ്ണൂർ ജില്ല കമ്മിറ്റി പ്രസ്താവിച്ചു.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ ഇടപെട്ടിട്ടാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്റെ മുൻ പ്രസ്താവന എംഎൻ കാരശ്ശേരി യുക്തിപൂർവം ഖണ്ഡിച്ച് പൊതുജനങ്ങളെ ചരിത്ര വസ്തുതകൾ ബോധ്യപ്പെടുത്തിയിരുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തെ ബ്രിട്ടീഷുകാർക്ക് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകാർ ഒറ്റുകൊടുത്തതും, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയില്ലായെന്ന് എത്രയോ വർഷം ഇന്ത്യയിലെ ഇടത് വലത് കമ്മ്യൂണിസ്റ്റുകാർ പ്രചരിപ്പിച്ചതും മാത്രമല്ല സ്വാതന്ത്ര്യദിനത്തെ ഏറെ വർഷങ്ങൾ കരിദിനമായി ആചരിച്ച നെറികെട്ട ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തെയും കാരശ്ശേരി കണക്കറ്റ് പരിഹസിച്ചതിന്റെ ചൊരുക്കാണ് സിപിഎം സൈബർ ഗുണ്ടകൾ കാരശ്ശേരിയോട് തീർക്കുന്നത് എന്നും സംസ്കാര സാഹിതി വിലയിരുത്തി.
അമേരിക്കൻ സാമ്രാജ്യത്വത്തോട് നിതാന്തമായി 'പോരാടുന്ന' സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ കേരള മുഖ്യമന്ത്രി പിണറായിയുടെ അമേരിക്കൻ ചികിൽസക്ക് കാരശ്ശേരിയോട് കുതിരകയറാനെടുത്ത അതേ യുക്തി ബാധകമാണോ എന്ന് സിപിഎം വ്യക്തമാക്കണമെന്നും സംസ്കാര സാഹിതി മറുവാദമുയർത്തുന്നു.
സംസ്കാര സാഹിതി കണ്ണൂർ ജില്ലാ കമ്മിറ്റി ഓൺലൈനിൽ സംഘടിപ്പിച്ച യോഗത്തിൽ ജില്ലാ ചെയർമാനായ സുരേഷ് കൂത്തുപറമ്പ് അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ എം പ്രദീപ്കുമാർ പയ്യന്നൂർ, കാരയിൽ സുകുമാരൻ, ജില്ലാ വൈസ്ചെയർമാൻന്മാരായ കെഎൻ ആനന്ദ് നാറാത്ത്, ഡോ. വി എ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.
