സുരേഷിന്‍റെ കസ്റ്റഡി മരണം: ‌പരിശോധന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍: ജ. വി കെ മോഹനന്‍

സംഭവത്തിൽ ഇതുവരെ പോലിസ് കംപ്ലെയ്ന്‍റ് അതോറിറ്റിക്ക് മുന്നിൽ പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നും മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് സ്റ്റേഷൻ സന്ദർശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Update: 2022-03-01 11:44 GMT

തിരുവനന്തപുരം: തിരുവല്ലം പോലിസ് കസ്റ്റഡിയിൽ തിരുവല്ലം നെല്ലിയോട് ചരുവിള പുത്തൻവീട്ടിൽ സുരേഷ് (40) മരിച്ച സംഭവത്തിൽ സംസ്ഥാന പോലിസ് കംപ്ലെയ്ന്‍റ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് വി കെ മോഹനൻ, തിരുവല്ലം പോലിസ് സ്റ്റേഷൻ സന്ദർശിച്ചു. സുരേഷ് മരിച്ചു എന്നത് യാഥാർത്ഥ്യമാണെന്നും എന്നാല്‍ അത് എങ്ങനെയാണെന്നത് കണ്ട് പിടികേണ്ടത്തുണ്ടെന്നും അദേഹം പറഞ്ഞു.

സ്റ്റേഷനിലെ രേഖകൾ പരിശോധിച്ച അദേഹം പ്രാഥമിക പരിശോധനയിൽ, തിരുവല്ലം പോലിസ് പിടികൂടിയ കൊല്ലപ്പെട്ട സുരേഷിന്‍റെയും സുഹൃത്തുക്കളുടെയും അറസ്റ്റ് ജി ഡി എൻട്രിയിൽ ഉൾപ്പടെ കൃത്യമായി രേഖപ്പെടുത്തിയിരുന്നെന്നാണ് മനസ്സിലാക്കുന്നതും അദേഹം അറിയിച്ചു.

സംഭവത്തിൽ ഇതുവരെ പോലിസ് കംപ്ലെയ്ന്‍റ് അതോറിറ്റിക്ക് മുന്നിൽ പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നും മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് സ്റ്റേഷൻ സന്ദർശിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഷനിലെ സിസിടിവികൾ എല്ലാം പ്രവർത്തനക്ഷമമാണെന്ന് പോലിസ്, ജസ്റ്റിസ് വി കെ മോഹനനെ അറിയിച്ചു. നിലവിൽ ഇത് സംബന്ധിച്ച പരിശോധന നടത്താൻ സാങ്കേതിക വിദ​ഗ്ധര്‍ ഇല്ലാത്തതിനാൽ വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച പരിശോധനകൾ ഉണ്ടാകുമെന്നും അദേഹം പറഞ്ഞു.

അതിനിടെ തിരുവല്ലം പൊലിസിന്‍റെ കസ്റ്റഡിയിലിരിക്കെ മരിച്ച സുരേഷിന്‍റെ ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും ഇന്ന് നടക്കും. ഇന്നലെ സബ് കലക്ടറുടെ മധ്യസ്ഥതയിൽ ചർച്ച നടന്നുവെങ്കിലും ഇൻക്വസ്റ്റ് നടന്നില്ല. ജനപ്രതിനിധികളും സുരേഷിന്‍റെ ബന്ധുക്കളും പങ്കെടുക്കാത്തതിനാലാണ് ഇൻക്വസ്റ്റ് നടത്താൻ കഴിയാത്തതെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ ദിവസം ജഡ്ജി കുന്നിലെത്തിയ ദമ്പതികളെ ആക്രമിച്ചതിനാണ് അഞ്ചുപേരെ തിരുവല്ലം പോലിസ് കസ്റ്റഡിയിലെടുത്തത്.