കോട്ടയത്തെ കസ്റ്റഡി മരണം പോലിസ് മർദിച്ച് കൊലപ്പെടുത്തിയതെന്ന ആരോപണവുമായി ബന്ധുക്കൾ

സംഭവത്തിന് തൊട്ടു മുൻപ് വരെയുള്ള നവാസിൻറെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ആറടിയിലേറെ ഉയരമുള്ള നവാസ്, പോലിസ് സ്റ്റേഷനിലെ ബാത്ത് റൂമിന്റെ ജനൽ കമ്പിയിൽ തൂങ്ങി നിൽക്കുകയായിരുന്നു എന്നാണ് പോലിസ് വിശദീകരണം.

Update: 2019-05-22 09:39 GMT

കോട്ടയം: മണർകാട് പോലിസ് സ്റ്റേഷൻ ലോക്കപ്പിൽ യുവാവ് മരണപ്പെട്ട സംഭവത്തിൽ ദുരുഹത ഏറുന്നു. പോലിസ് മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. സംഭവത്തിന് തൊട്ടു മുൻപ് വരെയുള്ള നവാസിൻറെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ആറടിയിലേറെ ഉയരമുള്ള നവാസ്, പോലിസ് സ്റ്റേഷനിലെ ബാത്ത് റൂമിന്റെ ജനൽ കമ്പിയിൽ തൂങ്ങി നിൽക്കുകയായിരുന്നു എന്നാണ് പോലിസ് വിശദീകരണം.

മദ്യപിച്ച് ബഹളമുണ്ടാക്കിയതായി വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച വൈകിട്ടാണ് മണർകാട് അരീപ്പറമ്പ് പറപ്പള്ളിക്കുന്ന് നവാസി (27) നെ മണർകാട് പൊലീസ് പിടികൂടിയത്. നവാസിനെതിരെ കേസ് എടുക്കാതിരുന്ന പൊലീസ് , ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം സ്റ്റേഷനിൽ ലോക്കപ്പിന് മുന്നിൽ ഇരുത്തുകയായിരുന്നു.

രാവിലെ ഒൻപതര വരെ സ്റ്റേഷനിലെ സിസിടിവി ക്യാമറയിൽ നവാസിന്റെ ദൃശ്യങ്ങളുണ്ട്. തുടർന്ന് പത്തര വരെയുള്ള ഒരു മണിക്കൂർ നവാസിനെ കാണാതെ പോയി. ഈ ഒരു മണിക്കൂറിനിടെ ഏതെങ്കിലും പൊലീസുകാർ നവാസിനെ ക്യാമറ ഇല്ലാത്ത സ്ഥലത്ത് എത്തിച്ച് മർദിച്ചിട്ടുണ്ടോ എന്ന സംശയമാണ് ഉയരുന്നത്. ഇത്തരത്തിൽ മർദനമേറ്റ് മരിച്ചെന്ന് കരുതി നവാസിനെ ബാത്ത് റൂമിൽ കെട്ടിത്തൂക്കിയോ എന്ന സംശയവും ബന്ധുക്കൾ ഉന്നയിക്കുന്നു. അതേസമയം പരിസരവാസികളിൽ നിന്ന് മർദ്ദനമേറ്റിട്ടുണ്ടെന്ന വാദവുമായി പോലിസ് രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം സംഭവ ദിവസം രാവിലെ പൊലീസുകാർ നവാസിന്റെ വീട്ടിലേയ്ക്ക് വിളിച്ച് ന​​വാ​​സ് സ്റ്റേ​​ഷ​​നി​​ല്‍ നി​​ന്നു രാത്രി തന്നെ പോ​​യെ​​ന്നും വീ​​ട്ടി​​ലെ​​ത്തി​​യി​​ട്ടു​​ണ്ടോ എന്നും അന്വേഷിച്ചിട്ടുണ്ട്. രണ്ട്‌ തവണയാണ് പോലിസ് സ്റ്റേഷനിൽ നിന്ന് വിളിച്ചന്വേഷിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നത്. പോലിസിനെ മർദിച്ചതിന് നവാസിനെതിരേ ഇതേ സ്റ്റേഷനിൽ കേസുള്ളതായും ബന്ധുക്കൾ പറയുന്നുണ്ട്. ഇതിൻറെ വൈരാഗ്യത്തിൽ കൊലപ്പെടുത്തിയതാണെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്.

കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിൽ പോലിസ് കസ്റ്റഡിയിൽ ഇരുപതിലധികം യുവാക്കളാണ് കൊല്ലപ്പെട്ടത്. ഏറെ ചർച്ച ചെയ്യപ്പെട്ട വാരാപ്പുഴയിലെ ശ്രീജിത്ത് കസ്റ്റഡിയിൽ കൊല്ലപ്പെട്ടിട്ട് ഒരു വർഷം കഴിഞ്ഞിട്ടും കുറ്റപത്രം പോലും സമർപ്പിക്കപ്പെട്ടിട്ടില്ല.   

Tags: