എല്ലാ നിയമ പ്രശ്നങ്ങളും അറിഞ്ഞ ശേഷമാണ് ഉടമകള്‍ മരടിലെ ഫ്‌ളാറ്റുകള്‍ വാങ്ങിയതെന്ന് നിര്‍മാതാവ്

ഫ്‌ളാറ്റ് ഉടമകള്‍ സഹസംരംഭകര്‍ ആണ്. അതിനാല്‍ അവര്‍ക്ക് കൂടുതല്‍ തുക നല്‍കാന്‍ കഴിയില്ല.

Update: 2021-02-16 13:36 GMT

ന്യൂഡല്‍ഹി: തീരദേശ നിയന്ത്രണ മേഖല (CRZ) യുമായി ബന്ധപ്പെട്ട എല്ലാ നിയമ പ്രശനങ്ങളും അറിഞ്ഞുകൊണ്ടാണ് ഉടമകള്‍ ഫ്‌ളാറ്റുകള്‍ വാങ്ങിയതെന്ന് മരടിലെ ഹോളി ഫെയ്ത് നിര്‍മാതാക്കള്‍. ഫ്‌ളാറ്റ് ഉടമകള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രീം കോടതി നാളെ പരിഗണിക്കും.

മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാര തുകയുടെ പകുതി എങ്കിലും കെട്ടിവയ്ക്കാന്‍ ഫ്‌ളാറ്റ് നിര്‍മാതാക്കളോട് സുപ്രിംകോടതി കഴിഞ്ഞ ആഴ്ച നിര്‍ദേശിച്ചിരുന്നു. പണം കെട്ടിവയ്ക്കുന്നില്ല എങ്കില്‍ റവന്യൂ റിക്കവറിക്ക് ഉത്തരവിടുമെന്ന് ജസ്റ്റിസ് നവീന്‍ സിന്‍ഹ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹോളി ഫെയ്ത് നിര്‍മാതാക്കള്‍ സുപ്രിംകോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

ഫ്‌ളാറ്റ് ഉടമകള്‍ സഹസംരംഭകര്‍ ആണ്. അതിനാല്‍ അവര്‍ക്ക് കൂടുതല്‍ തുക നല്‍കാന്‍ കഴിയില്ല. തീരദേശ നിയന്ത്രണ മേഖലയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും അറിഞ്ഞശേഷം സ്വമേധയാ ഫ്‌ളാറ്റുകള്‍ വാങ്ങിയവരാണ് ഉടമകള്‍. ഉത്തരവാദികളെ കണ്ടെത്താന്‍ സിവില്‍ കോടതിയെ സമീപിക്കാന്‍ അനുവദിക്കണമെന്നും ഹോളി ഫെയ്ത് ഉടമകള്‍ സുപ്രിംകോടതിയോട് ആവശ്യപ്പെട്ടു.

നഷ്ടപരിഹാര തുക തങ്ങളില്‍ നിന്ന് ഈടാക്കണമെന്നുണ്ടെങ്കില്‍ ഫ്‌ളാറ്റ് നിലനിന്ന 92.3 സെന്റ് സ്ഥലം ലേലം ചെയ്യാന്‍ ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതിയോട് നിര്‍ദേശിക്കണമെന്ന് ഹോളി ഫെയ്ത് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ കോടതിയോട് ആവശ്യപ്പെട്ടു. നഷ്ടപരിഹാം നല്‍കാന്‍ ആവശ്യമായി വരുന്ന അധികതുക കണ്ടെത്താന്‍ തങ്ങളുടെ വസ്തുക്കള്‍ വില്‍ക്കാന്‍ അനുവദിക്കണമെന്നും ഹോളി ഫെയ്ത് സുപ്രിംകോടതിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.