സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആര്‍എസ്എസ്; മുഖ്യപ്രതി ആത്മഹത്യ ചെയ്‌തെന്ന് മൊഴി

Update: 2022-11-10 06:57 GMT

തിരുവനന്തപുരം: കുണ്ടമണ്‍കടവിലുള്ള സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചതിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെയെന്ന് മൊഴി. ആര്‍എസ്എസ് നേതാവ് കുണ്ടമണ്‍കടവ് സ്വദേശി പ്രകാശും മറ്റ് ആര്‍എസ്എസ് പ്രവര്‍ത്തകരും ചേര്‍ന്നാണ് ആശ്രമം കത്തിച്ചതെന്ന് സഹോദരന്‍ പ്രശാന്താണ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. ആര്‍എസ്എസ് നേതാവ് പ്രകാശിന്റെ മരണത്തിലെ ദുരൂഹതയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ആശ്രമം കത്തിച്ച കേസിലും നിര്‍ണായക വിവരം പുറത്തുവന്നത്.

മരിക്കുന്നതിനു മുമ്പ് സഹോദരന്‍ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നതായി പ്രശാന്ത് അന്വേഷണസംഘത്തെ അറിയിച്ചു. കൂട്ടുകാരനെ അറസ്റ്റ് ചെയ്തതോടെ പ്രകാശ് അസ്വസ്ഥനായിരുന്നുന്നുവെന്നും ഇതിന് ശേഷമാണ് തന്നോട് കാര്യങ്ങള്‍ പറഞ്ഞതെന്നും പ്രശാന്ത് പ്രതികരിച്ചു. കഴിഞ്ഞ ജനുവരിയിലാണ് പ്രകാശ് തൂങ്ങി മരിച്ചത്. സുഹൃത്തുക്കളുടെ മര്‍ദ്ദനത്തെതുടര്‍ന്നാണ് സഹോദരന്‍ ജീവനൊടുക്കിയതെന്നും പ്രശാന്ത് ആരോപിച്ചു. പ്രകാശിന്റെ സുഹൃത്തുക്കളായ കൊച്ചുകുമാര്‍, വലിയ കുമാര്‍, രാജേഷ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് ആരോപണം. ആര്‍എസ്എസ് ശാഖാ നടത്തിപ്പുക്കാരനായിരുന്ന പ്രകാശിനെ പിന്നീട് ചുമതലയില്‍നിന്ന് മാറ്റിയെന്നും പ്രശാന്ത് പറയുന്നു.

ഒരാഴ്ച മുമ്പാണ് ക്രൈംബ്രാഞ്ച് ഇയാളുടെ മൊഴി രേഖപ്പെടുത്തിയത്. സംഭവത്തില്‍ ജീവനൊടുക്കിയ പ്രകാശിനെതിരേ നിര്‍ണായക തെളിവ് ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു. മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പ്രശാന്തിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് സംഘം തിരുവനന്തപുരം അഡീ.ചീഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

പ്രകാശിന്റെ മരണവും ക്രൈംബ്രാഞ്ച് അന്വേഷിക്കും. ശബരിമല യുവതീ പ്രവേശനവിഷയം കത്തിനില്‍ക്കുന്നതിനിടെയാണ് യുവതീപ്രവേശനത്തെ അനുകൂലിച്ച് സ്വാമി രംഗത്തുവന്നത്. ഈ സമയത്താണ് ആശ്രമത്തിനു നേരേ ആക്രമണമുണ്ടായത്. സംഘപരിവാര്‍ സംഘടനകളിലേയ്ക്കാണ് എല്‍ഡിഎഫ് നേതാക്കളും സ്വാമിയും വിരല്‍ചൂണ്ടിയതെങ്കിലും ആദ്യഘട്ടത്തില്‍ പോലിസിനു തെളിവൊന്നും ലഭിച്ചിരുന്നില്ല.

Tags:    

Similar News