ലക്ഷദ്വീപ് ഭരണകൂടത്തെ വിമര്‍ശിച്ചു; കെഎസ്‌യു ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു

ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേലിനെ കഴിഞ്ഞ ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്ററാക്കിയത്.

Update: 2021-05-24 04:51 GMT

കോഴിക്കോട്: ദ്വീപ് ഡയറിയെന്ന ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലിന് മണിക്കൂറോളം നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ലക്ഷദ്വീപ് ഭരണകൂടത്തിനെതിരേ ശബ്ദിക്കുന്നവരെ നിശബ്ദമാക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ക്കെതിരേ ട്വീറ്റ് ചെയ്തതിന് കെഎസ്‌യുവിന്റെ ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കിയിരിക്കുകയാണ്.

ദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററുടെ നടപടിക്കെതിരെയായിരുന്നു കെഎസ്‌യുവിന്റെ ട്വീറ്റ്. ലക്ഷദ്വീപിലെ സമാധാന ജീവിതം തകര്‍ക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെയും, അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിന്റേയും നടപടികള്‍ അവസാനിപ്പിക്കുക എന്നായിരുന്നു ട്വീറ്റ്.

കെഎസ്‌യു സംസ്ഥാന കമ്മറ്റിയുടെ ഔദ്യോഗിക അക്കൗണ്ടാണ് റദ്ദാക്കിയത്. സംഭവത്തില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത് ഫേസ്ബുക്കിലൂടെ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തി.

മുന്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗം ബാധിച്ച് മരിച്ചതോടെയാണ് ആദ്യമായി ഒരു രാഷ്ട്രീയക്കാരന്‍ അഡ്മിനിസ്‌ട്രേറ്റര്‍ പദവിയില്‍ എത്തുന്നത്. ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേലിനെ കഴിഞ്ഞ ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്ററാക്കിയത്. തുടര്‍ന്ന് ദ്വീപ് ജനതയെ നിരന്തരം ദ്രോഹിക്കുന്ന നടപടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.