എന്‍ പി ചെക്കുട്ടിയെ 'മുസ് ലിം തീവ്രവാദി'യാക്കി ചിത്രീകരിച്ച സിപിഎം പ്രതിനിധിക്കെതിരേ വിമര്‍ശനം ശക്തമാകുന്നു
കോഴിക്കോട്: ചാനല്‍ ചര്‍ച്ചയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടിയെ 'മുസ്ലിം തീവ്രവാദി' എന്നു വിളിച്ച സിപിഎം പ്രതിനിധി ഡോ. പി കെ ഗോപനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാകുന്നു. റിപോര്‍ട്ടര്‍ ചാനലില്‍ സ്മൃതി പരുത്തിക്കാട് നയിച്ച ചര്‍ച്ചയിലാണ് സിപിഎം പ്രതിനിധിയായി പങ്കെടുത്ത പി കെ ഗോപന്‍ തീവ്രവാദ പരാമര്‍ശനം നടത്തിയത്. 'ഈ ചര്‍ച്ചയില്‍ അഞ്ച് പേരുണ്ട്. ഒരു കോണ്‍ഗ്രസ് പ്രതിനിധി, ഒരു ഹിന്ദു തീവ്രവാദത്തിന്റെ പ്രതിനിധി, ഒരു ഇസ്ലാം തീവ്രവാദത്തിന്റെ പ്രതിനിധി' എന്നായിരുന്നു ഗോപന്റെ തീവ്രവാദ ചാപ്പ. ഉടനെ തന്നെ സ്മൃതി പരുത്തിക്കാട് ഗോപനെ തിരുത്തുന്നുണ്ട്. ഈ രൂപത്തില്‍ അതിഥികളെ അപമാനിക്കാന്‍ അനുവദിക്കില്ലെന്ന് സമൃതി വ്യക്തമാക്കി.
കോണ്‍ഗ്രസ് പ്രതിനിധി അബിന്‍ വര്‍ക്കി, സിപിഎം പ്രതിനിധി ഡോ.പി കെ ഗോപന്‍, മാധ്യമ പ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി, വിശ്വഹിന്ദു പരിഷത്ത് നേതാവ് അനില്‍ എന്നിവരാണ് സ്മൃതി നയിച്ച ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. സിപിഎമ്മിനെ വിമര്‍ശിക്കുന്നവരെയെല്ലാം തീവ്രവാദ മുദ്ര ചാര്‍ത്തുന്ന നിലപാടാണ് പി കെ ഗോപന്‍ നിര്‍വഹിച്ചതെന്ന് വിമര്‍ശനം ഉയര്‍ന്നു.
കൈരളി, ഇന്ത്യന്‍ എക്സ്പ്രസ്, മാധ്യമം, തേജസ് ഉള്‍പ്പടെ പതിറ്റാണ്ടുകളോളം മാധ്യമ രംഗത്ത് സജീവമായിരുന്ന വ്യക്തിയാണ് എന്‍ പി ചെക്കുട്ടി. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവ്, ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിധ്യം, സീനിയര്‍ ജേണലിസ്റ്റുകളുടെ അഖിലേന്ത്യാ സംഘടനയുടെ നേതാവ് എന്നീ നിലകളിലെല്ലാം പൊതു രംഗത്ത് സജീവമായി ഇടപെടുന്ന വ്യക്തി കൂടിയാണ് എന്‍ പി ചെക്കുട്ടി. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ തന്നെ പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായ അദ്ദേഹം എസ്എഫ്ഐയിലൂടെ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാനാന്‍ ആയിരുന്നു. അദ്ദേഹത്തെ ലക്ഷ്യമാക്കി ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത് സിപിഎമ്മിന്റെ നിലവിലെ സാമുദായിക ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും എ കെ ബാലന്‍, മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പടെയുള്ളവര്‍ നടത്തിയ പ്രസ്താവനകളുടെ തുടര്‍ച്ച മാത്രമാണ് ഇതെന്നും വിമര്‍ശനം ഉയര്‍ന്നു.
നിരവധി പേരാണ് സിപിഎം പ്രതിനിധിയുടെ തീവ്രവാദ പരാമര്‍ശത്തിനെതിരേ രംഗത്തെത്തിയത്. 'സിപിഎം പ്രതിനിധി ഗോപന്‍ എന്നയാള്‍ എത്ര വംശീയവാദിയാണൊണ് ഈ സംസാരം തെളിയിക്കുന്നത്. അദ്ദേഹം ശ്രീ എന്‍ പി ചെക്കുട്ടിയെ മുസ്ലിം തീവ്രവാദിയെന്നാണ് വിശേഷിപ്പിച്ചത്.
അതിനെ എതിര്‍ത്തു കൊണ്ട് സ്മൃതി പരുത്തിക്കാട് നടത്തിയ പ്രതികരണം അതുപോലെത്തന്നെ വംശീയത നിറഞ്ഞതായിരുന്നു. മുസ്ലിം തീവ്രവാദികളെ താന്‍ ചര്‍ച്ചയ്ക്ക് വിളിക്കാറില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്'. ബാബുരാജ് ഭഗവതി ഫേസ്ബുക്കില്‍ കുറിച്ചു.
'സ്മൃതി, അബിന്‍ , അനില്‍, ചെക്കുട്ടി ഇതില്‍ ആരാണ് ഇസ്ലാം തീവ്രവാദത്തിന്റെ പ്രതിനിധി? ചെക്കുട്ടി എന്ന പേര് കേട്ടിട്ടാണോ അദ്ദേഹത്തെ ഇസ്ലാം തീവ്രവാദിയായി ചിത്രീകരിച്ചത്? അതോ അദ്ദേഹം ഇസ്ലാം തീവ്രവാദം പ്രചരിപ്പിച്ചോ? അതോ വിമര്‍ശിക്കുന്നവരെ എല്ലാം തീവ്രവാദികള്‍ ആക്കുകയാണോ ഇവരുടെ പണി?
എന്തായാലും ഈ മനോഭാവമുള്ളവരെയാണ് പാര്‍ട്ടി തങ്ങളുടെ ഭാഗം പറയാന്‍ ചാനലുകളിലേക്ക് പ്രതിനിധികളായി അയക്കുന്നത് എങ്കില്‍ ഒട്ടും മോശം വരില്ല. ഈയിടെ ബിജെപിയിലേക്ക് പോയ റെജി ലൂക്കോസ് സിപിഎം പ്രതിനിധിയായി വന്നു ചാനലുകളില്‍ പറഞ്ഞതൊന്നും മറക്കാനായിട്ടില്ല'. നടിയും പൊതുപ്രവര്‍ത്തകയുമായ ലാലി ഫേസ്ബുക്കില്‍ കുറിച്ചു.

