സമ്പദ് വ്യവസ്ഥ പ്രതിസന്ധിയില്‍; മുന്നറിയിപ്പുമായി മോദിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം

Update: 2019-05-09 11:56 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ തകര്‍ച്ചയുടെ വക്കിലാണെന്നും ഉടന്‍ ഇന്ത്യ സാമ്പത്തിക അരക്ഷിതാവസ്ഥ ഏറിയ ബ്രസീലോ ദക്ഷിണാഫ്രിക്കയോ പോലെയാകുമെന്നും മോദി സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേശക സമിതിയംഗത്തിന്റെ മുന്നറിയിപ്പ്. സാമ്പത്തിക സൂചികയായ മിഡില്‍ ഇന്‍കം ട്രാപ് പരിധി ഇന്ത്യ കടക്കുമെന്നും സമ്പദ് വ്യവസ്ഥ ഘടനാപരമായ പ്രതിസന്ധിയിലാണെന്നുമാണ് റത്തിന്‍ റോയ് എന്‍ഡിടിവിക്ക അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് ആശങ്കകള്‍ നിലനില്‍ക്കുന്ന സമയത്താണ് റത്തിന്‍ റോയി ഇക്കാര്യം വ്യക്തമാക്കുന്നത്. 2018 മാര്‍ച്ചില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മന്ദഗതിയിലാണെന്ന് ധനകാര്യ മന്ത്രാലയം സാമ്പത്തിക റിപോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് കാരണമായി പറയുന്നത് സ്വകാര്യ ഉപഭോഗം, സ്ഥിര നിക്ഷേപം എന്നിവ കുറയുകയും, കയറ്റുമതി ഇല്ലാതാക്കിയതുമാണ്. ഇന്ത്യയില്‍ ഈ സാമ്പത്തിക വ്യവസ്ഥ വര്‍ധിച്ചു വരികയാണെന്നും റോയ് പറഞ്ഞു.

1991നു ശേഷമുള്ള സമ്പദ്‌വ്യവസ്ഥ വളര്‍ച്ച കയറ്റുമതിയുടെ അടിസ്ഥാനത്തിലല്ല. അത് ഇന്ത്യന്‍ ജനസംഖ്യയിലെ പത്ത് ലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ ഉപഭോഗം കണക്കിലെടുത്താണ്. ഈ രീതി ശാശ്വതമല്ലെന്നും ചൈനയെപ്പോലെയോ ദക്ഷിണ കൊറിയയെപ്പോലെയോ അല്ല നമ്മുടെ വളര്‍ച്ചയെന്നും ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും സംഭവിച്ചതിന് സമാനമാണ് ഇവിടെ സംഭവിക്കുന്നതെന്നും റത്തിന്‍ റോയ് പറയുന്നു.

ചൈന വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയല്ലാത്തതുകൊണ്ടാണ് അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യയെ കണക്കാക്കുന്നത്. 6.1 മുതല്‍ 6.6 ശതമാനമെന്ന വളര്‍ച്ച നിരക്ക് മികച്ചത് തന്നെയാണ്. എന്നാല്‍, ചരിത്രത്തില്‍ ഇതിന് മുമ്പും ഇന്ത്യ അതിവേഗത്തില്‍ സാമ്പത്തിക വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉപഭോഗം കുറയുമെന്നും വളര്‍ച്ച 56 ശതമാനത്തില്‍ ഒതുങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇത് വ്യക്തമാക്കി സര്‍ക്കാറിന് കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.