ക്രിമിനല്‍ നടപടിക്രമം (ഐഡന്റിഫിക്കേഷന്‍) ബില്‍ 2022: ഇന്ത്യയെ പോലിസ് സറ്റേറ്റ് ആക്കി മാറ്റാനുള്ള ശ്രമമോ?

രാജ്യത്തെ മുഴുവന്‍ പൗരന്മാരെയും 'സംശയ നിഴലില്‍' നിര്‍ത്താനുള്ള ശ്രമത്തിലാണ് ഈ നിയമം. പച്ചയായ മനുഷ്യാവകാശ ലംഘനവും പൗരസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റവും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ അട്ടിമറിക്കുന്നതുമാണ് ഈ പുതിയ നിയമമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Update: 2022-04-08 15:52 GMT

ന്യൂഡല്‍ഹി: പാര്‍ലമെന്റ് കഴിഞ്ഞ ദിവസം പാസാക്കിയ 'ക്രിമിനല്‍ നടപടിക്രമം (ഐഡന്റിഫിക്കേഷന്‍) ബില്‍ 2022' പൗരന്‍മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ നഗ്‌നമായ ലംഘനമാണെന്ന് ഇതിനോടകം വ്യാപക വിമര്‍ശനമുയര്‍ന്ന് കഴിഞ്ഞു. രാജ്യത്തെ മുഴുവന്‍ പൗരന്മാരെയും  'സംശയ നിഴലില്‍' നിര്‍ത്താനുള്ള ശ്രമത്തിലാണ് ഈ നിയമം. പച്ചയായ മനുഷ്യാവകാശ ലംഘനവും പൗരസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റവും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ അട്ടിമറിക്കുന്നതുമാണ് ഈ പുതിയ നിയമമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരമൊരു നിയമത്തിലൂടെ രാജ്യത്ത് സ്ഥിരമായ അടിയന്തരാവസ്ഥ സാഹചര്യം നിര്‍മ്മിക്കപ്പെടുകയാണെന്ന് ആരോപണവും ശക്തമാണ്.

ഈ മാസം നാലിനാണ് ലോക്‌സഭ 'ക്രിമിനല്‍ നടപടിക്രമം (ഐഡന്റിഫിക്കേഷന്‍) ബില്‍ 2022' ശബ്ദവോട്ടോടെ പാസാക്കിയത്. പ്രതിപക്ഷ അംഗങ്ങള്‍ ബില്ലിനെ പാര്‍ലമെന്റില്‍ ശക്തമായി എതിര്‍ക്കുകയും ബില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്ന അവരുടെ ആവശ്യം ട്രഷറി ബെഞ്ച് അംഗങ്ങള്‍ തള്ളിക്കളയുകയുമായിരുന്നു.

എന്താണ് 'ക്രിമിനല്‍ നടപടിക്രമം (ഐഡന്റിഫിക്കേഷന്‍) 2022 ബില്‍

ക്രിമിനല്‍ നടപടിക്രമം (ഐഡന്റിഫിക്കേഷന്‍) ബില്‍ 2022, കുറ്റകൃത്യത്തിന്റെ സ്വഭാവം പോലും പരിഗണിക്കാതെ അറസ്റ്റുചെയ്യപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്യുന്ന കുറ്റാരോപിതരുടെ ശാരീരികവും ജീവശാസ്ത്രപരവുമായ സാംപിളുകള്‍ക്കൊപ്പം ബയോമെട്രിക് ഡാറ്റ ശേഖരിക്കാന്‍ ബില്‍ പോലിസിന് അധികാരം നല്‍കുന്നു. കൂടാതെ, ഇവ സൂക്ഷിക്കാനും രേഖകള്‍ പങ്കിടാനും പ്രചരിപ്പിക്കാനും നശിപ്പിക്കാനും നീക്കം ചെയ്യാനും നാഷണല്‍ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോ ഓഫ് ഇന്ത്യയെ ബില്‍ അധികാരപ്പെടുത്തുകയും ചെയ്യുന്നു. നിലവിലെ നിയമങ്ങളില്‍ പരിമിതമായ ഒരുവിഭാഗം കുറ്റവാളികളുടെയോ ശിക്ഷിക്കപ്പെടാത്തവരുടെയോ വിരലടയാളങ്ങളും കാല്‍പ്പാടുകളും രേഖപ്പെടുത്താന്‍ പോലിസിന് അനുവാദമുണ്ടെന്നിരിക്കെയാണ് ഈ അമിതാധികാരം പോലിസിന് നല്‍കുന്നത്. കൂടാതെ, അന്വേഷണത്തിന്റെ ഭാഗമായി ഈ 'വിവരങ്ങള്‍' നല്‍കാന്‍ ഏതൊരു വ്യക്തിയോടും ഉത്തരവിടാന്‍ ഇത് മജിസ്‌ട്രേറ്റിനെ അധികാരപ്പെടുത്തുന്നു.

ഒരു പോലിസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളിനോ ജയില്‍ ഹെഡ് വാര്‍ഡനെയോ കുറ്റവാളികളുടെയും മുന്‍കരുതല്‍ തടങ്കലിലുള്ളവരുടെയും 'വിവരങ്ങള്‍' ശേഖരിക്കാന്‍ ഈ നിയമം അധികാരപ്പെടുത്തുന്നു. പ്രസ്തുത വ്യക്തി എതിര്‍ത്താല്‍ ഇന്ത്യന്‍ ശിക്ഷാനിയമം പ്രകാരം കുറ്റം ചുമത്താം.

ക്രിമിനല്‍ വിഷയങ്ങളില്‍ തിരിച്ചറിയലിനും അന്വേഷണത്തിനുമായി കുറ്റവാളികളുടെയും മറ്റ് വ്യക്തികളുടെയും 'വിവരങ്ങള്‍' എടുക്കുന്നതിന് അധികാരപ്പെടുത്താന്‍ ബില്‍ ലക്ഷ്യമിടുന്നു. രേഖകള്‍ സൂക്ഷിക്കുന്നതിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുമാണ് ഇവ ഉപയോഗപ്പെടുത്തുക. വിവര ശേഖരത്തിന്റെ നിര്‍വചനം സൂചിപ്പിക്കുന്നത്, ഇത് ഡിഎന്‍എ ടെക്‌നോളജി (ഉപയോഗവും പ്രയോഗവും) റെഗുലേഷന്‍ ബില്‍ 2019മായി ബന്ധപ്പെട്ടിരിക്കുമെന്നാണ്.

സെക്ഷന്‍ 2 (ബി) അനുസരിച്ച്, ഈ വിവര ശേഖരത്തില്‍ വിരലടയാളം, കൈപത്തി മുദ്ര, പാദമുദ്ര, ഫോട്ടോഗ്രാഫുകള്‍, കണ്ണുകള്‍ റെറ്റിന സ്‌കാന്‍, ഫിസിക്കല്‍, ബയോളജിക്കല്‍ സാംപിളുകള്‍, അവയുടെ വിശകലനം, ഒപ്പുകള്‍, കൈയക്ഷരം അല്ലെങ്കില്‍ മറ്റേതെങ്കിലും സ്വഭാവ സവിശേഷതകളും ഉള്‍പ്പെടുന്നു. 1973 ലെ ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 53 അല്ലെങ്കില്‍ സെക്ഷന്‍ 53എയില്‍ പരാമര്‍ശിച്ചവയാണിവ.

ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള മെഷര്‍മെന്റ് ഐഡന്റിഫിക്കേഷന്‍ രാജ്യത്തെ ഓരോ പൗരനും തനതായ തിരിച്ചറിയല്‍ നമ്പറുകള്‍ സൃഷ്ടിക്കുന്നതിനുള്ള ശ്രമമാണ്. ഈ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പൗരന്മാരുടെ മേല്‍ അനധികൃത നിയന്ത്രണം ഉണ്ടാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ചുരുക്കത്തില്‍, ക്രിമിനല്‍ പ്രൊസീജ്യര്‍ (ഐഡന്റിഫിക്കേഷന്‍) ആക്ട് 2022 ഇന്ത്യയെ ഒരു പോലിസ് സ്റ്റേറ്റ് ആക്കി മാറ്റാനുള്ള ശ്രമമാണ്.

എന്തുകൊണ്ടാണ് നിയമത്തെ പൗരാവകാശ വിദഗ്ധരും നിയമ വിദഗ്ധരും എതിര്‍ക്കുന്നത്?

അടിസ്ഥാനപരമായി ഭരണഘടനാ വിരുദ്ധമായതിനാല്‍ പൗരാവകാശ ഗ്രൂപ്പുകളും ആക്ടിവിസ്റ്റുകളും ഈ നിയമത്തെ എതിര്‍ക്കുന്നു. പൗരന്മാരുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നാക്രമണമായാണ് ഇതിനെ കാണുന്നത്. മൗലികാവകാശങ്ങളുടെ നേരിട്ടുള്ള ലംഘനമാണ് ബില്‍. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തുറന്ന വ്യവസ്ഥയാണിത്. ഇന്ത്യയെ ഒരു നിരീക്ഷണ രാഷ്ട്രമാക്കാനുള്ള ശ്രമമാണിത്.

ബില്ലിലെ 'ബയോളജിക്കല്‍ സാമ്പിളുകളും അവയുടെ വിശകലനവും' എന്ന വാക്കുകള്‍ നാര്‍ക്കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിങ്, ഡിഎന്‍എ ടെസ്റ്റുകള്‍ എന്നിവയിലേക്കും നീളാം. ഇത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 20 (3) ന്റെ വ്യക്തമായ ലംഘനമാണ്.

ഡാറ്റ ശേഖരിക്കുന്ന തീയതി മുതല്‍ 75 വര്‍ഷത്തേക്ക് 'ഈ വിവരങ്ങള്‍' നിലനിര്‍ത്തുന്നതിനുള്ള ബില്ലിലെ വ്യവസ്ഥ, പുട്ടസ്വാമിയുടെയും ആധാറിന്റെയും വിധിയില്‍ പറഞ്ഞിരിക്കുന്ന ഡാറ്റ മിനിമൈസേഷന്‍, സ്‌റ്റോറേജ് ലിമിറ്റേഷന്‍ എന്നീ തത്വങ്ങള്‍ക്ക് വിരുദ്ധമാണ്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മറക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് ബില്ലിലെ വ്യവസ്ഥകള്‍. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 19, 21 എന്നിവയില്‍ പ്രതിപാദിച്ചിരിക്കുന്ന മനുഷ്യാവകാശങ്ങളുടെയും പൗരാവകാശങ്ങളുടെയും ആത്മാവിന് വിരുദ്ധമാണിത്.

പോലിസും ജയില്‍ അധികൃതരും നിയമനിര്‍മ്മാണം ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള ആശങ്കയാണ് ബില്ലിനെതിരായ പ്രധാന എതിര്‍പ്പ്. രാജ്യത്തിന്റെ സുരക്ഷയുടെ പേരില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്മാരുടെ പ്രാഥമിക അവകാശങ്ങള്‍ ലംഘിക്കാനുള്ള ശ്രമമാണ്.

ബില്ലിലെ നിര്‍ദിഷ്ട നടപടി പ്രകാരം ശേഖരിക്കുകയും ശരിയായി സംരക്ഷിക്കുകയും ചെയ്യുന്ന ഡാറ്റയുടെ വിഷയത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ല. ശിക്ഷിക്കപ്പെടാത്ത ഒരു വ്യക്തിയുടെ സ്വകാര്യത ലംഘിക്കുന്നതിലേക്ക് അത് നയിച്ചേക്കാം. അതിനാല്‍ നിയമത്തില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.ചില പൗരാവകാശ പ്രവര്‍ത്തകര്‍ പറയുന്നതനുസരിച്ച്, ഈ നിയമത്തിന്റെ ലക്ഷ്യം തടവുകാരന്റെ ഐഡന്റിറ്റി സ്ഥാപിക്കുകയല്ല, മറിച്ച് പ്രതിയുടെ കുറ്റകൃത്യം സ്ഥാപിക്കുക എന്നതാണ്. ഇത് ഒരുപക്ഷേ ബില്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

കുറ്റത്തിന്റെ ഗൗരവം പരിഗണിക്കാതെ തന്നെ, അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്കും ശിക്ഷിക്കപ്പെട്ടവര്‍ക്കും തടങ്കലിലാക്കപ്പെട്ടവര്‍ക്കുമായി ആക്രമണാത്മക ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നത് സുഗമമാക്കിക്കൊണ്ട്, ഭരണകൂടത്തിന്റെ അധികാരം വര്‍ധിപ്പിക്കുന്നത് കൂടുതല്‍ പ്രശ്‌നകരമാണ്. ഈ നിയമത്തിലൂടെ പോലീസിന്റെയും ജയില്‍ ഉദ്യോഗസ്ഥരുടെയും അധികാരങ്ങള്‍ വിപുലീകരിക്കപ്പെടുന്നു എന്നതാണ് മറ്റൊരു ആശങ്ക.

പുതിയ നിയമനിര്‍മ്മാണത്തിന് കീഴില്‍, കുറ്റവാളികളില്‍ നിന്ന് മാത്രമല്ല, മുന്‍ കരുതല്‍ തടങ്കല്‍ നിയമത്തിന് കീഴില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ നിന്നും തടവിലാക്കപ്പെട്ടവരില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കാന്‍ പോലിസിന് ഈ ബില്‍ അധികാരം നല്‍കുന്നുണ്ട്. ഏത് സാഹചര്യത്തിലും അറസ്റ്റിലാകുന്ന എല്ലാ വ്യക്തികളിലേക്കും ഇത് വ്യാപിപ്പിക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Tags:    

Similar News