കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ ക്രിമിനല്‍ കേസ് സുപ്രിംകോടതി അവസാനിപ്പിച്ചു; നഷ്ടപരിഹാരത്തുക വിതരണം ചെയ്യേണ്ടത് കേരള ഹൈക്കോടതി

നാവികരുടെ വെടിയേറ്റ് കൊല്ലപ്പെട്ട രണ്ട് മല്‍സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നാലുകോടി രൂപ വീതവും തകര്‍ന്ന ബോട്ടിന്റെ ഉടമയ്ക്ക് രണ്ടുകോടി രൂപയും നഷ്ടപരിഹാരമായി നല്‍കണം. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് ഇറ്റലി കേന്ദ്രസര്‍ക്കാരിന് കൈമാറിയ 10 കോടി രൂപ കേരള ഹൈക്കോടതിക്ക് നല്‍കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു.

Update: 2021-06-15 06:06 GMT

ന്യൂഡല്‍ഹി: ഏറെ കോളിളക്കം സൃഷ്ടിച്ച കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ എല്ലാ ക്രിമിനല്‍ കേസ് നടപടികളും സുപ്രിംകോടതി അവസാനിപ്പിച്ചു. കടല്‍ക്കൊല കേസില്‍ നാവികര്‍ക്കെതിരായ നടപടികള്‍ സ്വീകരിക്കുന്നതിന് ഇറ്റലി ഇതെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു. അന്വേഷണവുമായി ഇറ്റലിയും ഇന്ത്യയും കേരളവും സഹകരിക്കണമെന്നും സുപ്രിംകോടതി വ്യക്തമാക്കി. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് ഇറ്റലി കേന്ദ്രസര്‍ക്കാരിന് കൈമാറിയ 10 കോടി രൂപ കേരള ഹൈക്കോടതിക്ക് നല്‍കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിന് സുപ്രിംകോടതി കേരള ഹൈക്കോടതിയെ ചുമതലപ്പെടുത്തി.


കടല്‍ക്കൊലക്കേസിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. നഷ്ടപരിഹാരം എങ്ങനെ വിഭജിക്കണമെന്ന് കേരള സര്‍ക്കാരിന് തീരുമാനിക്കാമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇരകള്‍ക്ക് 10 കോടി രൂപ നഷ്ടപരിഹാരമായി നല്‍കിയെന്നും നാവികര്‍ക്കെതിരായ നടപടികള്‍ ഇറ്റലി സ്വീകരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ച സാഹചര്യത്തിലാണ് ക്രിമിനല്‍ കേസ് അവസാനിപ്പിക്കാന്‍ സുപ്രിംകോടതി തയ്യാറായത്.

ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് രണ്ട് മല്‍സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട കേസില്‍ എല്ലാ നിയമനടപടികളും അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരാണ് സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കിയത്. വെടിയേറ്റു മരിച്ചവരുടെ ആശ്രിതര്‍ക്കും ബോട്ടുടമക്കുമായി ഇറ്റാലിയന്‍ സര്‍ക്കാര്‍ 10 കോടി രൂപ നഷ്ടപരിഹാരം നല്‍കുന്ന സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളടക്കം നിര്‍ത്തിവയ്ക്കാനാവശ്യപ്പെടുന്നതെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത കോടതിയെ ബോധിപ്പിച്ചിരുന്നത്. നഷ്ടപരിഹാരം ഉറപ്പുവരുത്തിയാല്‍ നടപടികള്‍ അവസാനിപ്പിക്കുന്നതിന് തങ്ങളും എതിരല്ലെന്ന് കേരള സര്‍ക്കാരും പ്രഖ്യാപിച്ചു. തുടര്‍ന്ന് ഇറ്റലി സര്‍ക്കാര്‍ കൈമാറിയ 10 കോടിരൂപ നഷ്ടപരിഹാരം കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ കെട്ടിവച്ചു.

സുപ്രിംകോടതി രജിസ്ട്രിയുടെ യൂക്കോ ബാങ്ക് അക്കൗണ്ടിലാണ് തുക കെട്ടിവച്ചത്. മുഴുവന്‍ നഷ്ടപരിഹാരത്തുകയും കെട്ടിവച്ച സാഹചര്യത്തില്‍ കേസിലെ പ്രതികളായ ഇറ്റാലിയന്‍ സൈനികര്‍ക്കെതിരായ ക്രിമിനല്‍ നടപടികള്‍ അവസാനിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി അംഗീകരിക്കുകയായിരുന്നു. മുഴുവന്‍ നഷ്ടപരിഹാരത്തുകയും കെട്ടിവയ്ക്കാതെ ഇറ്റാലിയന്‍ സൈനികര്‍ക്കെതിരായ നടപടികള്‍ അവസാനിപ്പിക്കില്ലെന്ന് സുപ്രിംകോടതിയും നിലപാട് സ്വീകരിച്ചു. ഈ പശ്ചാത്തലത്തിലാണ് ഇറ്റലി നഷ്ടപരിഹാരം കൈമാറിയത്.

2012 ഫെബ്രുവരി 15നാണ് മല്‍സ്യബന്ധനം കഴിഞ്ഞ് നീണ്ടകരയിലേക്ക് മടങ്ങുകയായിരുന്ന സെന്റ് ആന്റണി ബോട്ടിലെ രണ്ടു തൊഴിലാളികളായ കൊല്ലം മുദാക്കര സെലസ്റ്റിനും കന്യാകുമാരിയിലെ അജീഷ് പിങ്കിയും 'എന്റിക്ക ലെക്‌സി' കപ്പലില്‍നിന്നുള്ള വെടിയേറ്റ് തല്‍ക്ഷണം മരിച്ചത്. കപ്പലിലെ ഇറ്റാലിയന്‍ മറീനുകളായ ലാത്തോറെ മാസി മിലിയാനോ, സാല്‍വതോറെ ജിറോണ്‍ എന്നിവരാണ് വെടിവച്ചത്. സിംഗപൂരില്‍നിന്നു ആഫ്രിക്കന്‍ തുറമുഖമായ ജിബൂട്ടിയിലേക്കുള്ള യാത്രയില്‍ ശ്രീലങ്കയിലെ ഗാലെയില്‍നിന്നാണ് ഈ സൈനികര്‍ കപ്പലില്‍ കയറിയത്.

Tags: