അനുനയിപ്പിക്കാൻ രഹസ്യ നീക്കങ്ങളുമായി സിപിഎം; വെട്ടിപ്പിന്റെ കണക്കുകൾ പുറത്തുവന്നേക്കും

സംസ്ഥാന സമിതി അം​ഗം ടി വി രാജേഷ്, ജില്ലാ സെക്രട്ടറി എം വി ജയരാജൻ എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രി വി കുഞ്ഞിക്കൃഷ്ണന്റെ വീട്ടിലെത്തി അനുനയ നീക്കങ്ങൾ ശക്തമാക്കിയത്.

Update: 2022-06-23 11:25 GMT

കണ്ണൂർ: ടി ഐ മധുസൂദനൻ ഉൾപ്പെട്ട ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ടുള്ള കണക്കുകൾ പുറത്തുവന്നേക്കുമെന്ന ഭയപ്പാടിൽ മുൻ ഏരിയ സെക്രട്ടറി വി കുഞ്ഞിക്കൃഷ്ണനെ അനുനയിപ്പിക്കാൻ രഹസ്യ നീക്കങ്ങളുമായി സിപിഎം. സംസ്ഥാന സമിതി അം​ഗം ടി വി രാജേഷ്, ജില്ലാ സെക്രട്ടറി എം വി ജയരാജൻ എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രി വി കുഞ്ഞിക്കൃഷ്ണന്റെ വീട്ടിലെത്തി അനുനയ നീക്കങ്ങൾ ശക്തമാക്കിയത്. അതിനിടെ വെട്ടിപ്പുമായി ബന്ധപ്പെട്ട കണക്കുകൾ ഉടൻ പുറത്തുവരുമെന്ന സൂചനയുമുണ്ട്.

സംഭവം വിവാദമായതോടെ ജൂൺ 20 ന് പയ്യന്നൂരിലെ ഖാദി കേന്ദ്രത്തിൽ ഔദ്യോഗിക ആവശ്യത്തിനായി എത്തിയ പി ജയരാജന്‍ വി കുഞ്ഞികൃഷ്ണനെ കണ്ട് സംസാരിച്ചിരുന്നു. സംസ്ഥാന ഔദ്യോ​ഗിക നേതൃത്വവുമായി അസ്വാരസ്യമുള്ള പി ജയരാജനുമായി കൂടിക്കാഴ്ച നടന്ന ദിവസം രാത്രിയാണ് തിടുക്കപ്പെട്ട് കുഞ്ഞികൃഷ്ണനെ സന്ദർശിക്കാൻ ടി വി രാജേഷും, എം വി ജയരാജനും തയാറായത്. ഫണ്ട് വെട്ടിപ്പിന്റെ കണക്കുകൾ പുറത്തുവിടരുതെന്നും സംസ്ഥാന സമിതി തീരുന്നതുവരെ കാക്കണമെന്നും എം വി ജയരാജൻ അഭ്യർത്ഥിച്ചതായാണ് വിശ്വസ്ത കേന്ദ്രങ്ങളിൽ നിന്ന് അറിയാൻ കഴിയുന്നത്.

രക്തസാക്ഷി ഫണ്ടിലുൾപ്പെടെ തിരിമറി നടന്നെന്ന ആരോപണം പാർട്ടി അന്വേഷിച്ചെങ്കിലും ഫണ്ട് തിരിമറി നടന്നിട്ടില്ലെന്നാണ് ജില്ലാ നേതൃത്വം വ്യക്തമാക്കിയത്. അങ്ങനെയെങ്കിൽ എന്തുകൊണ്ട് കണക്ക് അവതരിപ്പിക്കുന്നില്ലെന്നും ഏരിയാ സെക്രട്ടറിയായിരുന്ന വി കുഞ്ഞികൃഷ്ണനെ സ്ഥാനത്ത് നിന്ന് നീക്കിയത് എന്തിനാണെന്നുമാണ് പ്രവർത്തകർ ഉയർത്തുന്ന ചോദ്യം. കണക്കുകളിലെ അവ്യക്തത നീക്കാതെ മുന്നോട്ടില്ലെന്ന പരസ്യ നിലപാടിലാണ് ഏരിയാ കമ്മിറ്റിക്ക് കീഴിലെ പ്രവർത്തകർ.

പാർട്ടി നടത്തിയ അന്വേഷണത്തിൽ വ്യക്തിപരമായി ആരെങ്കിലും സാമ്പത്തിക നേട്ടമോ ധനാപഹരണമോ നടത്തിയതായി കണ്ടെത്തിയിട്ടില്ലെന്ന് ജില്ലാ കമ്മിറ്റികൾ പറയുമ്പോഴും ധനരാജ് കൊല്ലപ്പെട്ട് ഇത്രവർഷം കഴിഞ്ഞിട്ടും അദ്ദേഹത്തിനുണ്ടായ കടം ഇപ്പോൾ വീട്ടുമെന്നാണ് എം വി ജയരാജൻ തന്നെ പ്രസ്താവനയിലൂടെ പറഞ്ഞത്. ഇത് രക്തസാക്ഷി ഫണ്ടിൽ വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ ബലപ്പെടുത്തുന്നതാണെന്ന് അണികൾ വിവിധ ലോക്കൽ ജനറൽ ബോഡിയിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ടി ഐ മധുസൂദനന്റെ നേതൃത്വത്തിൽ നടന്ന വെട്ടിപ്പിന്റെ വ്യാപ്തി ഇപ്പോൾ പുറത്തുവന്നതിലും ഏറെ വലുതാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇതടങ്ങിയ റിപോർട്ട് പയ്യന്നൂർ ഏരിയാ കമ്മിറ്റിയിലെ 21 അം​ഗങ്ങൾക്കും വി കുഞ്ഞിക്കൃഷ്ണൻ കൈമാറിയതായ റിപോർട്ടുണ്ട്. പ്രവർത്തകർക്ക് മുന്നിൽ കണക്കുകൾ അവതരിപ്പിക്കാൻ മൂന്ന് ഏരിയാ കമ്മിറ്റി അം​ഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിൽ രണ്ട് പേർ പിൻമാറിയിട്ടുണ്ട്. യഥാർത്ഥ കണക്ക് പുറത്തുവന്നാൽ തങ്ങളുടെ വിശ്വാസ്യത ചോദ്യംചെയ്യപ്പെട്ടേക്കാമെന്ന ഭയത്തിലാണ് പിൻമാറ്റം ഉണ്ടായിരിക്കുന്നത്.

ഈ മാസം 26ന് ചേരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ പയ്യന്നൂർ വിവാദം ചർച്ചയാകും. ജില്ലാ കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്ത സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഫണ്ട് വിവാദവും നടപടികളും സംസ്ഥാന കമ്മിറ്റിയിൽ റിപോർട്ട് ചെയ്യുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. രക്തസാക്ഷി ഫണ്ട് ഉൾപ്പെടെയുള്ള കണക്ക് ബോധ്യപ്പെടുത്തണമെന്ന് പാർട്ടി അംഗങ്ങൾ ആവശ്യം ഉയർത്തുന്ന സാഹചര്യത്തിലാണ് വിഷയം നേതൃത്വത്തിന് മുന്നിലേക്ക് എത്തുന്നത്.

Similar News