സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി പീതാംബരന്റെ കുടുംബം; പാര്‍ട്ടി അറിയാതെ കൊല നടക്കില്ല

പാര്‍ട്ടി അറിയാതെ കൊലപാതകം നടക്കില്ലെന്ന് പീതാംബരന്റെ ഭാര്യ മഞ്ജുവും മകന്‍ ദേവികയും മാധ്യമങ്ങളോട് പറഞ്ഞു. ഒരാളില്‍ മാത്രം ആരോപണം ചാരി പാര്‍ട്ടി രക്ഷപ്പെടുകയാണെന്ന ആരോപണമാണ് പ്രധാനമായും കുടുംബം ഉന്നയിക്കുന്നത്. പാര്‍ട്ടി പറയാതെ പീതാംബരന്‍ സ്വയം കൊല നടത്തില്ല. പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്നയാളാണ് അദ്ദേഹം.

Update: 2019-02-20 05:27 GMT

കാസര്‍കോഡ്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി അറസ്റ്റിലായ പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്റെ കുടുംബം. പാര്‍ട്ടി അറിയാതെ കൊലപാതകം നടക്കില്ലെന്ന് പീതാംബരന്റെ ഭാര്യ മഞ്ജുവും മകന്‍ ദേവികയും മാധ്യമങ്ങളോട് പറഞ്ഞു. ഒരാളില്‍ മാത്രം ആരോപണം ചാരി പാര്‍ട്ടി രക്ഷപ്പെടുകയാണെന്ന ആരോപണമാണ് പ്രധാനമായും കുടുംബം ഉന്നയിക്കുന്നത്. പാര്‍ട്ടി പറയാതെ പീതാംബരന്‍ സ്വയം കൊല നടത്തില്ല. പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്നയാളാണ് അദ്ദേഹം. നേരത്തെയുണ്ടായ അക്രമങ്ങളില്‍ പങ്കാളികളായത് പാര്‍ട്ടിക്കുവേണ്ടിയാണ്്.

അടിയുറച്ച പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. നേരത്തെ സിപിഎം ലോക്കല്‍ സെക്രട്ടറിയും പിന്നീട് ലോക്കല്‍ കമ്മിറ്റി അംഗവുമായി. രാഷ്ട്രീയസംഘര്‍ഷത്തിന്റെ പേരിലാണ് കൊലപാതകം നടന്നത്. പാര്‍ട്ടിക്കുവേണ്ടി നിന്നിട്ട് അവസാനം പുറത്താക്കി. കൊലപാതകത്തിനുശേഷം ഒളിവില്‍ പോവാന്‍ സഹായിച്ചതും പാര്‍ട്ടി തന്നെയായിക്കുമെന്നും ഭാര്യ മഞ്ജു പറഞ്ഞു. കൊലപാതകത്തില്‍ പാര്‍ട്ടിക്കാണ് പൂര്‍ണ ഉത്തരവാദിത്തമെന്ന് മകള്‍ ദേവിക പറഞ്ഞു. പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാവാതിരിക്കാനാണ് അച്ഛനെ പുറത്താക്കിയത്. തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്തായതിനാലാണ് പാര്‍ട്ടി നടപടിയെടുത്തതെന്നും ദേവിക കൂട്ടിച്ചേര്‍ത്തു. കൊലപാതകം നടത്തിയത് സിപിഎമ്മാണെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബവും ആരോപിച്ചിരുന്നു. സിപിഎം നേതാക്കളില്‍നിന്ന് മക്കള്‍ക്ക് ഭീഷണിയുണ്ടായിരുന്നതായും ഇവര്‍ വെളിപ്പെടുത്തിയിരുന്നു. കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛന്‍ സത്യന്‍ ആവര്‍ത്തിച്ചു. പ്രതി പീതാംബരന്‍തന്നെയാണ്. പാര്‍ട്ടിയുടെ അറിവില്ലാതെ ലോക്കല്‍ കമ്മിറ്റി അംഗമായ ഇയാള്‍ ഒന്നും ചെയ്യില്ല. പ്രാദേശിക പ്രശ്‌നത്തിന്റെ പേരില്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ പലതവണ വധഭീഷണി മുഴക്കിയിരുന്നു.

എംഎല്‍എയാണ് അക്രമത്തിന് നേതൃത്വവും പിന്തുണയും നല്‍കിയതെന്നും സത്യന്‍ ആരോപിച്ചു. കൊലപാതകം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാല്‍, കാസര്‍കോഡ് ഇരട്ടക്കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെയും സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും വാദം. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പീതാംബരനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി സിപിഎം കൈയൊഴിയുകയും ചെയ്തു. അതേസമയം, പീതാംബരന്റെ കുടുംബത്തിന്റെ വെളിപ്പെടുത്തല്‍കൂടി പുറത്തുവന്നതോടെ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ് സിപിഎം നേതൃത്വം.

Tags:    

Similar News