സോഷ്യലിസ്റ്റു പാര്‍ട്ടികളെ സിപിഎം വിഴുങ്ങുന്നു; ജെഡിഎസും എല്‍ജെഡിയും കടുത്ത പ്രതിസന്ധിയില്‍
പിസി അബ്ദുല്ല
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ നേരിടുന്നത് അസ്തിത്വ പ്രതിസന്ധി. ഇടതുമുന്നണിയുടെ ഭാഗമായ ജെഡിഎസും എല്‍ജെഡിയും അവരുടെ തട്ടകങ്ങളില്‍ തന്നെയാണ് നിലനില്‍പു ഭീഷണി നേരിടുന്നത്. ഇരു പാര്‍ട്ടികളെയും സിപിഎം വിഴുങ്ങുന്നതാണ് കാഴ്ച. സോഷ്യലിസ്റ്റ് ജനതാദളിന്റെയും ലോക് താന്ത്രിക് ജനതാദളിന്റെയും ശക്തി കേന്ദ്രമെന്നവകാശപ്പെടുന്ന വടകര,കോഴിക്കോട് മേഖലകളില്‍ ഇത്തവണ സീറ്റ് വിഭജനത്തില്‍ സിപിഎമ്മിന്റെ ഏകാധിപത്യമാണ് അരങ്ങേറിയത്. രണ്ടു പാര്‍ട്ടികള്‍ക്കും പല സീറ്റുകളും നഷ്ടമായി. കാലങ്ങളായി എല്‍ഡിഎഫിന്റെ ഭാഗമായ ജെഡിഎസ് സീറ്റ് വിഭജനത്തില്‍ പാടെ തഴയപ്പെട്ടു.
വടകര നിയമ സഭാ സീറ്റ് കൈവശമുള്ള ജനതാദള്‍ എസിനെ ഇത്തവണ തദ്ദേശ തfരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സീറ്റു വിഭജന ചര്‍ച്ചക്കുപോലും വിളിച്ചില്ല. കോഴിക്കോട്, വടകര നഗര സഭകളില്‍ വിജയ സാധ്യത ഒട്ടുമില്ലാത്ത രണ്ടു സീറ്റുകള്‍ വീതമാണ് ജെഡിഎസിന് ലഭിച്ചത്. തിരുവമ്പാടി പഞ്ചായത്തില്‍ കഴിഞ്ഞ തവണ ജയിച്ച ജെഡിഎസിന്റെ സീറ്റ് ഇത്തവണ സിപിഎം ഏറ്റെടുക്കാനും നീക്കമുണ്ട്. എല്‍ജെഡിയുടെ തട്ടകമെന്നറിയപ്പെടുന്ന വടകര നഗരസഭയില്‍ യുഡിഎഫിലായിരുന്നപ്പോള്‍ അഞ്ചു സീറ്റ് ലഭിച്ചത് ഇത്തവണ എല്‍ഡിഎഫില്‍ നാലായി ചുരുങ്ങി. കഴിഞ്ഞ തദ്ദേശ തfരഞ്ഞെടുപ്പില്‍ യു.ഡി.എഫിനൊപ്പം നിന്ന് മത്സരിച്ച് നേടിയ അത്രയെങ്കിലും സീറ്റുകള്‍ നേടുക എന്നത് ഇത്തവണ എല്‍ജെഡിക്ക് വലിയ വെല്ലു വിളിയാണ്. എല്‍ജെഡി വന്നതോടെ ഇടതുമുന്നണിയുടെ അടിത്തറശക്തിപ്പെട്ടു എന്ന് തെളിയിക്കേണ്ടത് മേഖലയില്‍ പാര്‍ട്ടിയുടെ നിലനില്‍പിന് അനിവാര്യമാണ്.ആസന്നമായ നിയമസഭാതെരഞ്ഞെടുപ്പില്‍ വടകരയടക്കമുള്ള സീറ്റുകള്‍ ആവശ്യപ്പെടണമെങ്കില്‍ തദ്ധേശ തിരഞ്ഞെടുപ്പില്‍ കരുത്ത് കാട്ടണം.
എല്‍ജെഡി ഇടതു മുന്നണിയിലേക്കു വന്ന ശേഷമുള്ള ആദ്യ ലോക്സഭ തെരഞ്ഞെടപ്പില്‍എല്‍ജെഡി ഫാക്ടര്‍ പ്രകടമായില്ല എന്നായിരുന്നു സിപിഎം വിലയിരുത്തല്‍. എന്നാല്‍, വടകരയില്‍ വിജയിക്കാന്‍ കഴിയാത്തതിന്റെ കാരണം പി ജയരാജനെതിരായ പൊതുവികാരമാണെന്നാണ് എല്‍.ജെ.ഡി വിശദീകരിച്ചത്. മലോക്സഭ തെരഞ്ഞെടുപ്പില്‍ എല്‍ജെഡി ജില്ലാ നേതൃത്വം സി.പി.എമ്മിന്റെ വലിയേട്ടന്‍ മനോഭാവത്തിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. പിന്നീട് പി.ജയരാജന്റെ തfരഞ്ഞെടുപ്പ് ചുമതല നല്‍കിയാണ് ജില്ലാപ്രസിഡന്റ് മനയത്ത് ചന്ദ്രനെ അനുനയിപ്പിച്ചത്. എല്‍ജെഡി ഇടതുമുന്നണിയിലെത്തിയതോടെ പയ്യോളി നഗരസഭയിലും ചോറോട്, അഴിയൂര്‍, ഏറാമല പഞ്ചായത്തുകളിലും ഇടതുമുന്നണിക്ക് ഭരണം ലഭിച്ചിരുന്നു. ഇവിടങ്ങളില്‍ ഭരണം നിലനിര്‍ത്തുക എന്നതാണ് എല്‍.ജെ.ഡി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
ഒഞ്ചിയം, ഏറാമല,ചോറോട്,അഴിയൂര്‍ പഞ്ചായത്തുകളില്‍ കഴിഞ്ഞ തവണ യുഡിഎഫ്- എല്‍ഡിഎഫ്-ആര്‍എംപി ത്രികോണ മല്‍സരമാണ് നടന്നത്.എന്നാല്‍, ഇത്തവണ ആര്‍എംപിയും യുഡിഎഫും ഒരുമിച്ചാണ് എല്‍ഡിഎഫിനെ നേരിടുന്നത്. അതു കൊണ്ടു തന്നെ മേഖലയില്‍ കനത്ത വെല്ലുവിളിയാണ് എല്‍ഡിഎഫ് അഭിമുഖീകരിക്കാനിരിക്കുന്നത്. എല്‍ജെഡി, ജെഡിഎസ് മേഖലകളില്‍ നിന്ന് പ്രതീക്ഷിക്കുന്ന വോട്ടു വിഹിതം ലഭിച്ചില്ലെങ്കില്‍ സിപിഎം വലിയ തിരിച്ചടി നേരിടാനാണു സാധ്യത. അങ്ങനെ വന്നാല്‍ മുന്നണിയില്‍ ജെഡിഎസിന്റെയും എല്‍ജെഡിയുടെയും നിലനില്‍പു തന്നെ ചോദ്യം ചെയ്യപ്പെടുമെന്നതില്‍ തര്‍കമില്ല. അതിനിടെ,ജെഡിഎസിലെ പുതിയ നേതൃ പ്രതിസന്ധികളും എല്‍ഡിഎഫിന് തലവേദനയായിട്ടുണ്ട്. സികെ നാണു വിഭാഗം ജെഡിഎസ് ഔദ്യോഗിക നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നത് തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കും.

