കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം നടത്താന്‍ സിപിഎം ശ്രമിക്കുന്നു: ജമാഅത്തെ ഇസ്‌ലാമി

ബിജെപി കേന്ദ്രത്തില്‍ ചെയ്യുന്നതാണ് കേരളത്തില്‍ സിപിഎമ്മും സര്‍ക്കാരും ചെയ്യുന്നത്. വഖഫ് വിഷയത്തില്‍ മുസ്‌ലിം സമുദായത്തിനകത്ത് ഭിന്നിപ്പുണ്ടാക്കാനാണ് സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നത്‌

Update: 2021-12-16 04:47 GMT

കോഴിക്കോട്: കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം നടത്താന്‍ സിപിഎം ശ്രമിക്കുന്നെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എംഐ അബ്ദുള്‍ അസീസ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ നടത്തുന്ന ആരോപണങ്ങള്‍ പദവിക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

വിവാദങ്ങളില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന വളരെ വൈകിയാണ് വരുന്നത്. ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ്, ഹലാല്‍ തുടങ്ങിയ ആരോപണങ്ങള്‍ കേരളത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങളാണ്. ഇവയെ വളരെ ശക്തമായി നേരിടേണ്ട ഭരണകൂടം അവിടെ അറച്ച് നില്‍ക്കുകയും നോക്കി നില്‍ക്കുകയുമാണെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ സാമുദായിക ഐക്യം തകര്‍ക്കുന്നതില്‍ ചരിത്രത്തില്‍ സിപിഎമ്മിന്റെ പേര് രേഖപ്പെടുത്താന്‍ പോവുകയാണ്. കേരളത്തെ വളരെ അപകടകരമായ സാഹചര്യത്തിലേക്കാണ് സിപിഎം കൊണ്ട് പോവുന്നത്. അധികാരത്തുടര്‍ച്ച എന്ന ഏകലക്ഷ്യത്തിലൂന്നിയപ്പോള്‍ അരുതാത്ത പലതും സിപിഎമ്മിന് ചെയ്യേണ്ടി വരുന്നു. ബിജെപി കേന്ദ്രത്തില്‍ ചെയ്യുന്നതാണ് കേരളത്തില്‍ സിപിഎമ്മും സര്‍ക്കാരും ചെയ്യുന്നത്.വഖഫ് വിഷയത്തില്‍ മുസ്‌ലിം സമുദായത്തിനകത്ത് ഭിന്നിപ്പുണ്ടാക്കാനാണ് സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നത്. അത് വിജയിക്കില്ലെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എംഐ അബ്ദുള്‍ അസീസ് പറഞ്ഞു.

Tags:    

Similar News