നന്ദി​ഗ്രാം മറക്കരുത്; പോലിസിൽ ആർഎസ്എസ് സ്വാധീനം: സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ‍ വിമർശനം

പരിസ്ഥിതി വിഷയങ്ങളിൽ മുതലാളിത്ത സമീപനമാണ്​ ഇവിടെ പാർട്ടിക്കെന്നും വിമർശനമുയർന്നു. ജില്ലയിൽ കെ-റെയിലി​ന്‍റെ സിൽവർ ലൈൻ പാത കടന്നുപോകുന്ന ഇടമാണ്​ മല്ലപ്പള്ളി. സിപിഎമ്മി​ന്‍റെ ഇരവിപേരൂർ, തിരുവല്ല, അടൂർ ഏരിയ കമ്മിറ്റി പരിധിയിലൂടെയാണ്​ പാത കടന്നുപോകുന്നത്​.

Update: 2021-12-28 04:48 GMT

പത്തനംതിട്ട: കെ-റെയിൽ പദ്ധതി​ക്കെതിരേയും പോലിസിലെ ആർഎസ്എസ് സ്വാധീനത്തിനെതിരേയും സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ വിമർശനം. കെ റയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് വീടുകയറിയുള്ള കാംപയിന് സിപിഎം തുടക്കമിടുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് ആദ്യമായി ഒരു ജില്ലാ സമ്മേളനത്തിൽ കെ റയിലിനെതിരേ നിശിതമായ വിമർശനം ഉയർന്നിരിക്കുന്നത്.

തിങ്കളാഴ്ച്ച വൈകീട്ട്​ നടന്ന ചർച്ചയിൽ മല്ലപ്പള്ളി ഏരിയയിൽ നിന്നുള്ള പ്രതിനിധികളാണ്​ ​കെ-റെയിൽ പദ്ധതിയെ വിമർശിച്ചത്​. പരിസ്ഥിതി വിഷയത്തിൽ ദേശീയ നിലപാട്​ കേരളം ദുർബലപ്പെടുത്തി. പീപ്പിൾസ്​ ​ഡെമോക്രസിയിൽ കിസാൻസഭ നേതാവ്​ അശോക്​ ധാവ്ലെ ബുള്ളറ്റ്​ ട്രെയിൻ പദ്ധതിക്കെതിരേ ലേഖനമെഴുതിയിരുന്നു. മഹാരാഷ്​​ട്രയിൽ ബുള്ളറ്റ്​ ട്രെയിനിനെതിരേ സിപിഎം അടക്കം വലിയ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചതാണ്​. എന്നാൽ, കേരളത്തിൽ എത്തു​മ്പോൾ എന്തുകൊണ്ട്​ അതിവേഗ പാതയെ പിന്തുണക്കുന്നുവെന്ന് മല്ലപ്പള്ളിയിൽ നിന്നുള്ള പ്രതിനിധികൾ ചോദ്യമുയർത്തി.

പരിസ്ഥിതി വിഷയങ്ങളിൽ മുതലാളിത്ത സമീപനമാണ്​ ഇവിടെ പാർട്ടിക്കെന്നും വിമർശനമുയർന്നു. ജില്ലയിൽ കെ-റെയിലി​ന്‍റെ സിൽവർ ലൈൻ പാത കടന്നുപോകുന്ന ഇടമാണ്​ മല്ലപ്പള്ളി. സിപിഎമ്മി​ന്‍റെ ഇരവിപേരൂർ, തിരുവല്ല, അടൂർ ഏരിയ കമ്മിറ്റി പരിധിയിലൂടെയാണ്​ പാത കടന്നുപോകുന്നത്​.

അതേസമയം ജില്ലാ സമ്മേളനത്തിൽ പോലിസിനെതിരേയും വിമർശനം ഉയർന്നു. പോലിസിൽ ആർഎസ്എസ് സ്വാധീനം ഉണ്ടെന്നാണ് നേതാക്കൾ ആരോപണം ഉന്നയിച്ചത്. ശബരിമല വിവാദത്തിൽ ഇത് തെളിഞ്ഞു എന്നും തിരുവല്ല ഏരിയാ കമ്മിറ്റി വിമർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനെതിരേ വിവിധ ഏരിയാ സമ്മേളനങ്ങളിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. അത്തരം വിമർശനങ്ങൾ ജില്ലാ സമ്മേളനങ്ങളിലും ഉയരുന്നു എന്നത് ശ്രദ്ധേയമാണ്.