ടി ഐ മധുസൂദനനെ ശവംതീനിയെന്ന് വിളിച്ചതിനെതിരേ സിപിഎം
പയ്യന്നൂര്‍ കോ-ഓപറേറ്റിവ് റൂറല്‍ ബേങ്കില്‍ ധനരാജിന്‍റെ പേരിലുള്ള കടം നേരത്തെ കൊടുത്തു തീര്‍ത്തതാണ്. പയ്യന്നൂര്‍ സര്‍വ്വീസ് സഹകരണ ബേങ്കില്‍ അവശേഷിക്കുന്ന കടം പാര്‍ട്ടി നല്‍കുകയും ചെയ്യുമെന്ന് സിപിഎം പ്രസ്താവനയിൽ പറഞ്ഞു.
കണ്ണൂർ: പയ്യന്നൂരിലെ സിപിഎം രക്തസാക്ഷി ധനരാജിന്റെ കുടുംബസഹായ ഫണ്ട് വെട്ടിച്ചതുമായി ബന്ധപ്പെട്ട് പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനനെ ശവംതീനിയെന്ന് വിളിച്ച കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരേ സിപിഎം. 'ശവംതീനി' എന്ന പ്രയോഗത്തിന് ഏറ്റവും അനുയോജ്യന്‍ കൊലപാതക രാഷ്ട്രീയത്തിന്‍റെ വക്താവായ കെപിസിസി പ്രസിഡന്‍റാണെന്ന് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ പറഞ്ഞു.
ആളുകളെ കൊന്ന് ശവം തിന്നുന്ന സ്വഭാവം മാത്രമല്ല അഴിമതി നടത്തി പണം തട്ടിയെടുക്കുന്ന ശീലവും ഉള്ളയാളാണ് ഇപ്പോഴത്തെ കെപിസിസി പ്രസിഡന്‍റ് എന്ന ആരോപണം കോണ്‍ഗ്രസുകാര്‍ തന്നെ നേരത്തെ നിരവധി സന്ദര്‍ഭങ്ങളില്‍ ഉന്നയിച്ചതാണ്. വിദേശത്തു നിന്നടക്കം പണം സമാഹരിച്ചിട്ടും പയ്യന്നൂരിലെ സജിത്ത് ലാലിന്‍റെ കുടുംബത്തിന് നല്‍കിയത് കേവലം 25,000 രൂപ മാത്രമായിരുന്നു എന്ന് ആക്ഷേപം ഉന്നയിച്ചത് മുന്‍ ഡിസിസി പ്രസിഡന്‍റാണ്. ഈ ആക്ഷേപം ഉന്നയിച്ചതു കൊണ്ടാണ് പി രാമകൃഷ്ണന് ഡിസിസി ഓഫീസിലെ കൊടിമരച്ചുവട്ടില്‍ ഒരു ദിവസം മുഴുവന്‍ കുത്തിയിരിക്കേണ്ടി വന്നത്. കാപ്പാട് വസന്തന്‍ കുടുംബസഹായ ഫണ്ട് പിരിച്ചിട്ടും തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്ന ആക്ഷേപം ഉന്നയിച്ചത് ബന്ധുക്കളാണ്. രക്തസാക്ഷികളുടെ പേരില്‍ പണം പിരിച്ച് അത് തട്ടിയെടുക്കുന്ന ശീലം സിപിഐഎമ്മിന് ഇല്ലെന്ന് പ്രസ്താവനയിൽ പറഞ്ഞു.
ധനരാജ് ഫണ്ടില്‍ നിന്ന് ഒരു നയാപൈസ ആരും അപഹരിച്ചിട്ടില്ല. ബന്ധുക്കള്‍ക്ക് ഫണ്ട് നല്‍കിയതും, വീട് നിര്‍മ്മിച്ചതും കേസിന് വേണ്ടി ചെലവഴിച്ചതും ഈ ഫണ്ട് ഉപയോഗിച്ചാണ്. ബഹുജനങ്ങളില്‍ നിന്ന് ഫണ്ട് പിരിക്കുമ്പോള്‍ തന്നെ ഇക്കാര്യങ്ങളെല്ലാം പറഞ്ഞതാണ്. പയ്യന്നൂര്‍ കോ-ഓപറേറ്റിവ് റൂറല്‍ ബേങ്കില്‍ ധനരാജിന്‍റെ പേരിലുള്ള കടം നേരത്തെ കൊടുത്തു തീര്‍ത്തതാണ്. പയ്യന്നൂര്‍ സര്‍വ്വീസ് സഹകരണ ബേങ്കില്‍ അവശേഷിക്കുന്ന കടം പാര്‍ട്ടി നല്‍കുകയും ചെയ്യുമെന്ന് സിപിഎം പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം ധനരാജ് കുടുംബസഹായ ഫണ്ടിലെ 42 ലക്ഷത്തോളം രൂപ കാണാനില്ലെന്ന പരാതി നേരത്തെ ഉന്നയിക്കപ്പെട്ടെങ്കിലും രാഷ്ട്രീയ പ്രതിസന്ധിയിലായ സിപിഎം ജില്ലാ നേതൃത്വം ഫണ്ട് വെട്ടിപ്പ് ഇല്ലെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ്. ഇതിനെതിരേ പാർട്ടി പ്രവർത്തകർക്കിടയിൽ വ്യാപക പ്രതിഷേധം ഇതിനോടകം തന്നെ ഉയർന്നുകഴിഞ്ഞിട്ടുണ്ട്.
ഒരുകോടിയോളം രൂപയാണ് ധനരാജ് ഫണ്ടിലേക്കു പിരിച്ചെടുത്തത്. ഇതിൽ കുടുംബത്തിനു വീടുണ്ടാക്കാൻ ചെലവാക്കിയത് 25 ലക്ഷത്തോളം രൂപ. ധനരാജിന്റെ ഭാര്യയുടെയും 2 മക്കളുടെയും പേരിൽ 5 ലക്ഷം രൂപ വീതം സ്ഥിര നിക്ഷേപം. അമ്മയുടെ പേരിൽ 3 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം. അതായത്, സ്ഥിരനിക്ഷേപം ആകെ 18 ലക്ഷം രൂപ. ബാക്കി 42 ലക്ഷം രൂപ പയ്യന്നൂരിലെ 2 നേതാക്കളുടെ പേരിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങി നിക്ഷേപിച്ചു. ധനരാജിനുണ്ടായിരുന്ന 15 ലക്ഷത്തോളം രൂപയുടെ ബാധ്യത, ഫണ്ടിൽ നിന്നു വീട്ടാനാണു തുടക്കത്തിൽ തീരുമാനിച്ചിരുന്നതെങ്കിലും അതുണ്ടായില്ല. 42 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം പിന്നീടു പിൻവലിക്കപ്പെട്ടു. ഇതിന്റെ പലിശയിനത്തിൽ ലഭിച്ച 5 ലക്ഷം രൂപ പോയത് നേതാക്കളുടെ സ്വകാര്യ അക്കൗണ്ടുകളിലേക്കായിരുന്നു.

