കൈയേറ്റക്കാരായി ചിത്രീകരിക്കുന്നു; വട്ടവടയിൽ 326 പേർ സിപിഎം വിട്ട് സിപിഐയിലേക്ക്

വട്ടവടയിലെ സിപിഎമ്മിന്റെ ഏറ്റവും പ്രമുഖനായ നേതാവാണ് പാർട്ടി വിട്ട വട്ടവട മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ കൂടിയായ രാമരാജ്.

Update: 2021-10-08 13:29 GMT

ഇടുക്കി: ഇടുക്കി ജില്ലയിൽ സിപിഎമ്മിന് തിരിച്ചടിയായി കൊഴിഞ്ഞുപോക്ക്. വട്ടവട പഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് അടക്കം 326 പേർ സിപിഎം വിട്ട് സിപിഐയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. സിപിഎമ്മിനും സർക്കാരിനും എതിരേ ഗുരുതര ആരോപണമുന്നയിച്ചാണ് വട്ടവട മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ സി രാമരാജ് ഉൾപ്പടെ പാർട്ടി വിട്ടത്.

വട്ടവടക്കാരുടെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാരിനായില്ലെന്നും തങ്ങളെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ വി ശശി കയ്യേറ്റക്കാരായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും ഇവർ ആരോപിച്ചു.

വട്ടവടയിലെ സിപിഎമ്മിന്റെ ഏറ്റവും പ്രമുഖനായ നേതാവാണ് പാർട്ടി വിട്ട വട്ടവട മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ കൂടിയായ രാമരാജ്. ഇടുക്കി ജില്ലയിലെ പതിറ്റാണ്ടുകളായി നീളുന്ന ഭൂമിപ്രശ്നത്തിന് ഇതുവരെയും പൂർണമായും പരിഹാരമായിട്ടില്ല.