സന്ദീപ് വധം: ജില്ലാ പോലിസ് മേധാവിയുടെ വാദം തള്ളി എഫ്ഐആർ; പ്രതികൾ ബിജെപി പ്രവർത്തകർ

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് കൊലപാതകം നടന്നത്. ബൈക്കിൽ പോവുകയായിരുന്ന സന്ദീപ് കുമാറിനെ മൂന്ന് ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം നെടുമ്പ്രം ചാത്തങ്കരിമുക്കിന് സമീപം വച്ച് വെട്ടുകയായിരുന്നു.

Update: 2021-12-03 19:05 GMT

പത്തനംതിട്ട: തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പോലിസ് എഫ്ഐആറിൽ പറയുന്നതായി റിപോർട്ട്. പ്രതികൾക്ക് സന്ദീപുമായി മുൻ വൈരാഗ്യമുണ്ടായിരുന്നതായി എഫ്ഐആറിൽ പറയുന്നതായും ഇത് സംബന്ധിച്ച റിപോർട്ടിൽ പറയുന്നു.

പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോവുന്നതിന് തൊട്ടുമുമ്പാണ് എഫ്ഐആറിലെ വിവരങ്ങൾ പുറത്തുവന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് കൊലപാതകം നടന്നത്. ബൈക്കിൽ പോവുകയായിരുന്ന സന്ദീപ് കുമാറിനെ മൂന്ന് ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം നെടുമ്പ്രം ചാത്തങ്കരിമുക്കിന് സമീപം വച്ച് വെട്ടുകയായിരുന്നു. തുടർന്ന് ബൈക്കിൽ നിന്ന് സമീപത്തെ വയലിലേക്ക് ചാടിയ സന്ദീപിനെ അക്രമി സംഘം പിന്തുടർന്ന് വീണ്ടും വെട്ടിപ്പരുക്കേൽപിച്ചതായും വിവരമുണ്ട്. ഗുരുതരമായി പരുക്കേറ്റ സന്ദീപിനെ തിരുവല്ലയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

കേസില്‍ നാല് പേര്‍ പിടിയിലായിരുന്നു. ചാത്തങ്കരി സ്വദേശി ജിഷ്ണു, പായിപ്പാട് സ്വദേശി പ്രമോദ്, വേങ്ങല്‍ സ്വദേശി നന്ദു, കണ്ണൂര്‍ സ്വദേശി ഫൈസല്‍ എന്നിവരാണ് പിടിയിലായത്.

കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും നിയമത്തിനു മുന്നിൽ എത്തിക്കാൻ പോലിസിനു നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. നിഷ്ഠൂരമായ കൊലപാതകത്തിൻ്റെ കാരണങ്ങളും അന്വേഷിച്ച് പുറത്തു കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.