അധസ്ഥിത ജനതയുടെ മുന്നേറ്റത്തെ സിപിഎം ഭയപ്പെടുന്നു: പി കെ ഉസ്മാന്‍

ന്യൂനപക്ഷ, ദലിത്, ആദിവാസി വിഭാഗങ്ങളുടെ സംരക്ഷകരാണെന്ന് വായ്ത്താരി പറയുന്ന സിപിഎം അവസരം കിട്ടുമ്പോഴെല്ലാം അവരെ പിന്നില്‍ നിന്നു കുത്തുകയാണ്.

Update: 2022-03-01 13:42 GMT

തിരുവനന്തപുരം: രാജ്യത്തെ കീഴാള ജനതയ്‌ക്കൊപ്പം എന്ന മുദ്രാവാക്യമുയര്‍ത്തി അധികാരത്തിലെത്തിയ ശേഷം ആ ജനതയെ വഞ്ചിക്കുന്ന സിപിഎം അധസ്ഥിത ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ പോലും ഭയപ്പെടുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍.

രാജ്യം ഹിന്ദുത്വ ഫാഷിസത്തിന്റെ നീരാളി പിടുത്തത്തില്‍ അമരുമ്പോഴും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ആശങ്ക ന്യൂനപക്ഷ, ദലിത് വിഭാഗങ്ങളുടെ മുന്നേറ്റത്തെക്കുറിച്ചാണ്. ഇതിന്റെ തെളിവാണ് സിപിഎം സംസ്ഥാന സമ്മേളന പ്രവര്‍ത്തന റിപോര്‍ട്ടിലെ പരാമര്‍ശങ്ങള്‍. ഇന്ത്യന്‍ കമ്മ്യൂണിസം എക്കാലത്തും ബ്രാഹ്മണ്യത്തിന്റെ പിടിയിലായിരുന്നു. അതുകൊണ്ടുതന്നെയാണ് ഒരു നൂറ്റാണ്ട് പിന്നിട്ട പാര്‍ട്ടി കേവലം ഒരു സംസ്ഥാനത്തു മാത്രമായി ഇന്നു ചുരുങ്ങിയിരിക്കുന്നത്.

ന്യൂനപക്ഷ, ദലിത്, ആദിവാസി വിഭാഗങ്ങളുടെ സംരക്ഷകരാണെന്ന് വായ്ത്താരി പറയുന്ന സിപിഎം അവസരം കിട്ടുമ്പോഴെല്ലാം അവരെ പിന്നില്‍ നിന്നു കുത്തുകയാണ്. പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങള്‍ എക്കാലത്തും സിപിഎമ്മിന്റെ പോസ്റ്റര്‍ ഒട്ടിക്കാനും കട്ട് ഔട്ട് സ്ഥാപിക്കാനും പാര്‍ട്ടി ഓഫീസിന് കാവല്‍ നില്‍ക്കാനുമുള്ള കൂലി തൊഴിലാളികളായിരിക്കണം എന്ന ധാര്‍ഷ്ട്യമാണ് പാര്‍ട്ടിക്ക്. സാമൂഹിക നീതി ഉറപ്പാക്കുന്ന സംവരണത്തെ അട്ടിമറിക്കാന്‍ മുന്നില്‍ നിന്നവരാണ് സിപിഎം.

അധികാരത്തിലും ഉദ്യോഗത്തിലും വിദ്യാഭ്യാസത്തിലും സിംഹഭാഗവും കൈയടക്കിവെച്ചിരിക്കുന്ന സവര്‍ണ വിഭാഗങ്ങള്‍ക്ക് വീണ്ടും തീറെഴുതി കൊടുക്കുന്ന സവര്‍ണ സംവരണം നടപ്പാക്കാന്‍ അമിതാവേശം കാണിക്കുന്നവരാണ് ഇടതുപക്ഷം. അരമനകളിലേയും അഗ്രഹാരങ്ങളിലേയും ദാരിദ്ര്യത്തില്‍ മാത്രം അസാധാരണമായ ഉല്‍ക്കണ്ഠയുള്ള സിപിഎമ്മിന്റെ ന്യൂനപക്ഷ- ദലിത് പ്രേമം കാപട്യമാണ്. അവസാനമായി പട്ടിക ജാതി-വിഭാഗങ്ങള്‍ക്ക് സംവരണം നിഷേധിക്കുന്നത് കണ്ടെത്തുന്നതു പോലും തടയാന്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് സെല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

പ്രസ്താവനകളില്‍ ന്യൂനപക്ഷ-ദലിത് പ്രേമവും നിലപാടിലും പ്രവര്‍ത്തിയിലും സവര്‍ണ സേവയും നടത്തുന്ന സിപിഎം ഇനിയെങ്കിലും യാഥാര്‍ത്ഥ്യ ബോധത്തോടെ വര്‍ത്തമാനകാല സാഹചര്യത്തെ വിലയിരുത്താന്‍ തയ്യാറാവണം. സംഘപരിവാറിനെ വിമര്‍ശിക്കുമ്പോഴെല്ലാം തൂക്കമൊപ്പിക്കാനുള്ള ഒരു സമീകരണ രീതി സിപിഎം പിന്തുടരാറുണ്ട്. സംഘപരിവാര ഭീകരതയില്‍ ഇരകളാക്കപ്പെടുന്നവരെ സംരക്ഷിക്കാന്‍ സിപിഎമ്മിന് കഴിയില്ലെങ്കിലും വേട്ടക്കാര്‍ക്ക് എറിഞ്ഞു കൊടുക്കുന്നതില്‍ നിന്നെങ്കിലും പിന്മാറാന്‍ തയ്യാറാവണമെന്നും പി കെ ഉസ്മാന്‍ ആവശ്യപ്പെട്ടു.