റേഷനും ഭക്ഷ്യക്കിറ്റും തടഞ്ഞ് അന്നംമുടക്കുന്ന യുഡിഎഫിനെതിരേ ജനരോഷമുയരണം: സിപിഎം

പെന്‍ഷനും റേഷനും കിറ്റുമൊന്നും വിതരണം ചെയ്തത് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടല്ല. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ ഇത്തരം നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു.

Update: 2021-03-27 15:18 GMT

തിരുവനന്തപുരം: റേഷനും ഭക്ഷ്യക്കിറ്റും തടഞ്ഞ് ജനങ്ങളുടെ അന്നംമുടക്കുന്ന യുഡിഎഫ് നേതൃത്വത്തിന്റെ നടപടിക്കെതിരേ ശക്തമായ ജനരോഷം ഉയര്‍ത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. തിരഞ്ഞെടുപ്പിലെ തിരിച്ചടി മുന്നില്‍ക്കണ്ട് പരിഭ്രാന്തിയിലായ പ്രതിപക്ഷത്തിന്റെ വികലമായ മനോനിലയാണ് ഇതിലൂടെ പ്രകടമാകുന്നത്. പ്രതിപക്ഷത്തിന്റെ നിഷേധാത്മക രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണിതെന്നും സിപിഎം ആരോപിച്ചു.

മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുള്ള അരിവിതരണമാണ് പ്രതിപക്ഷനേതാവിന്റെ പരാതിയെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള അരി, വിഷുവും ഈസ്റ്ററും റമദാനും കണക്കിലെടുത്തുള്ള ഭക്ഷ്യക്കിറ്റ്, ക്ഷേമപെന്‍ഷന്‍ എന്നിവയുടെ വിതരണവും തടയണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.

പെന്‍ഷനും റേഷനും കിറ്റുമൊന്നും വിതരണം ചെയ്തത് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടല്ല. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ ഇത്തരം നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍, അരി നല്‍കുന്നത് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്ന ആരോപണം കേരള ജനതയുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്നതാണെന്ന് സിപിഎം പ്രസ്താവനയിൽ പറയുന്നു.

റേഷനും, ഭക്ഷ്യകിറ്റും വിതരണം തടഞ്ഞ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍വലിക്കണം. ജനങ്ങള്‍ക്കുള്ള സഹായം തുടരുകതന്നെ വേണം. ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്ന പ്രതിപക്ഷത്തിന്റെ ക്രൂരമായ സമീപനത്തിനെതിരേ ശക്തമായ പ്രതിഷേധമുയരണം. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറി വോട്ടര്‍മാരെ നേരില്‍ക്കണ്ട് പ്രതിപക്ഷത്തിന്റെ അധമ രാഷ്ട്രീയം തുറന്നുകാണിക്കുമെന്നും സിപിഎം വ്യക്തമാക്കി.