സിപിഐയുടെ യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ഹിന്ദു ഐക്യവേദി പരിപാടിയില്‍

സംഭവം വിവാദമായെങ്കിലും സിപിഐ നേതൃത്വം ഇതുവരെ വിഷയത്തില്‍ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.

Update: 2022-07-13 18:14 GMT

കോഴിക്കോട്: സിപിഐയുടെ സാംസ്‌കാരിക സംഘടനയായ യുവകലാസാഹിതിയുടെ സംസ്ഥാന സെക്രട്ടറി ഹിന്ദു ഐക്യവേദി പരിപാടിയില്‍. ഏ പി അഹമ്മദ് മാസ്റ്ററാണ് പാലക്കാട് പട്ടാമ്പിയില്‍ നടന്ന ഹിന്ദുഐക്യവേദി പരിപാടിയില്‍ പങ്കെടുത്തത്. സംവാദത്തിന് രാഷ്ട്രീയമില്ലെന്ന് പരിപാടിയില്‍ പങ്കെടുത്ത ഏ പി അഹമ്മദ് മാസ്റ്റര്‍ പറഞ്ഞു.

മുസ്‌ലിം ലീഗ് നേതാവ് കെഎന്‍എ ഖാദര്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍ എന്നിവര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് സജീവ ചര്‍ച്ചയാകുന്നതിനിടെയാണ് സിപിഐയുടെ സാംസ്‌കാരിക സംഘടനയായ യുവ കലാസാഹിതി സംസ്ഥാന സെക്രട്ടറി ഏ പി അഹമ്മദ് മാസ്റ്റര്‍ ഹിന്ദു ഐക്യവേദിയുടെ പരിപാടിയില്‍ വിഷയാവതാരകനായി പങ്കെടുത്തത്. പ്രധാന രാഷ്ട്രീയ നേതാക്കള്‍ മറ്റ് സംഘടനകളുടെ സംവാദങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും സംവാദത്തിന് രാഷ്ട്രീയമില്ലെന്നും പരിപാടിയില്‍ അഹമ്മദ് മാസ്റ്റര്‍ പറഞ്ഞു.

കേരളം താലിബാനിസത്തിലേക്കോ എന്ന പേരിലാണ് ഹിന്ദു ഐക്യവേദി പട്ടാമ്പിയില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചര്‍, ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള സംഘപരിവാര്‍ നേതാക്കളും സെമിനാറില്‍ പങ്കെടുത്തിരുന്നു.

സംഭവം വിവാദമായെങ്കിലും സിപിഐ നേതൃത്വം ഇതുവരെ വിഷയത്തില്‍ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. അതേസമയം ലീഗ് നേതാവ് കെഎന്‍എ ഖാദറിന് പരസ്യമായി താക്കീത് നല്‍കാന്‍ ലീഗ് നേതൃത്വം തയാറായിരുന്നു.