യുപിയില്‍ സംഘ്പരിവാര്‍ ഗോശാലകളില്‍ ചത്തൊടുങ്ങിയത് 84 പശുക്കള്‍; കുറ്റക്കാര്‍ മുസ്‌ലിംകളല്ലാത്തത് കൊണ്ട് യോഗിക്ക് മൗനം
സംഘ്പരിവാറിന് കീഴിലുള്ള ഒരു സന്നദ്ധ സംഘടന അലിഗഢില്‍ നടത്തുന്ന ഗോശാലയില്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ രണ്ട് ദിവസങ്ങളിലായി ചത്തുവീണത് 78 പശുക്കളാണ്. 700 പശുക്കളെ പരിപാലിക്കുന്ന ഗോശാലയിലാണ് പട്ടിണി കിടന്ന് ഇത്രയും പശുക്കള്‍ ചത്തൊടുങ്ങിയത്.
മഥുര: പശുവിന്റെ പേരില്‍ കലാപങ്ങളും ആള്‍ക്കൂട്ട കൊലകളും നിത്യസംഭവമായ യുപിയില്‍ കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ ചത്തൊടുങ്ങിയത് 84 പശുക്കള്‍. സംഘ്പരിവാര്‍ ഗോശാലകളില്‍ പട്ടിണി കിടന്ന് പശുക്കള്‍ ചത്തൊടുങ്ങിയിട്ടും കുറ്റക്കാര്‍ മുസ്്‌ലിംകളല്ലാത്തത് കൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മൗനം. പശുക്കളെ കൊല്ലുന്നവരെ ശിക്ഷിക്കുന്നതിനാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലിസുദ്യോഗസ്ഥന്റെ ഘാതകരെ പിടികൂടുന്നതിനെക്കാള്‍ താന്‍ പ്രാധാന്യം നല്‍കുന്നതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ പ്രസ്താവിച്ചതിനു ശേഷമാണ് ഈ സംഭവങ്ങളെന്നതും ശ്രദ്ധേയമാണ്. സംഘ്പരിവാറിന് കീഴിലുള്ള ഒരു സന്നദ്ധ സംഘടന അലിഗഢില്‍ നടത്തുന്ന ഗോശാലയില്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ രണ്ട് ദിവസങ്ങളിലായി ചത്തുവീണത് 78 പശുക്കളാണ്. 700 പശുക്കളെ പരിപാലിക്കുന്ന ഗോശാലയിലാണ് പട്ടിണി കിടന്ന് ഇത്രയും പശുക്കള്‍ ചത്തൊടുങ്ങിയത്. ഈ ഗോശാലക്ക് കഴിഞ്ഞയാഴ്ച്ച സര്‍ക്കാര്‍ രണ്ടര ലക്ഷം രൂപ ധനസഹായം നല്‍കിയിരുന്നു. ഗോശാലകള്‍ക്ക് അനുവദിക്കുന്ന പണം സംഘ്പരിവാര്‍ അനുകൂല സന്നദ്ധ സംഘടനകള്‍ വകമാറ്റി ചിലവഴിക്കുകയാണെന്നും ആരോപണമുണ്ട്.ഡിസംബര്‍ 24ന് മഥുരയിലെ ഒരു ഗ്രാമത്തില്‍ സ്‌കൂള്‍ മതിലിനകത്ത് പൂട്ടിയിട്ട ആറ് പശുക്കളും പട്ടിണി കിടന്ന് ചത്തു. പ്രദേശത്ത് അലഞ്ഞു തിരിഞ്ഞ് നടന്ന നൂറ്റമ്പതോളം പശുക്കളെ ഗ്രാമവാസികള്‍ സ്‌കൂള്‍ മതിലിനകത്ത് കെട്ടിയിടുകയായിരുന്നു. പശുക്കള്‍ക്ക് വെള്ളമോ ഭക്ഷണമോ നല്‍കാത്തത് മൂലമാണ് ചത്തതെന്ന് പഞ്ചായത്ത് അധികൃതര്‍ തന്നെ സ്ഥിരീകരിച്ചു. പട്ടിണി കിടന്ന പശുക്കള്‍ അവശനിലയിലായിരിക്കുകയാണ്.
ഈ രണ്ട് സംഭവങ്ങളിലും ഇതുവരെ ഒരു ക്രിമിനല്‍ കേസ് പോലും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. സംഭവത്തില്‍ കുറ്റക്കാര്‍ സംഘ്പരിവാര്‍ അനുകൂലികളായതാണ് യോഗിയുടെ മൗനത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്. പശുഹത്യാ കേസുകളില്‍ മുസ്്‌ലിംകളെ ലക്ഷ്യമിട്ടുള്ള നീക്കമാണ് യോഗി സര്‍ക്കാരും പോലിസും നടത്തുന്നത്. ഡിസംബര്‍ 3ന് ബുലന്ദ്ഷഹര്‍ ഗ്രാമത്തില്‍ ഇരുപത്തഞ്ച് പശുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തിനു പിന്നാലെ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആദിത്യനാഥ് ആരോപിച്ചിരുന്നു. കുട്ടികളും വികലാംഗരും അടക്കം ഒരു ഡസനോളം മുസ്‌ലിംകളെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന തരത്തിലുള്ളതായിരുന്നു ഈ പ്രസ്താന.
ബുലന്ദ്ഷഹര്‍ സംഭവത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഒരു വിദ്യാര്‍ത്ഥിയും കൊല്ലപ്പെട്ടതിനെക്കുറിച്ച് ആദ്യദിനങ്ങളില്‍ മുഖ്യമന്ത്രി ഒരുവാക്കുപോലും ഉരിയാടുകയുണ്ടായില്ല. പ്രതിഷേധം ശക്തമായപ്പോള്‍ മൂന്നുദിവസങ്ങള്‍ക്കു ശേഷം മാത്രമാണ് യോഗി പ്രതികരിക്കാന്‍ തയ്യാറായത്. ആള്‍ക്കൂട്ട ആക്രമണം നടന്നിട്ടില്ലെന്നും നടന്നത് അപകടമരണമാണെന്നുമായിരുന്നു ആദിത്യനാഥിന്റെ വാക്കുകള്‍.
ചില സംഘപരിവാര്‍ സംഘടനകളാണ് പശുക്കളുടെ മൃതദേഹം സ്ഥലത്ത് കൊണ്ടിട്ടതെന്ന് പൊലീസ് സേനയ്ക്കകത്തു നിന്നുള്ളവരും സാമൂഹ്യപ്രവര്‍ത്തകരും സംശയം ഉന്നയിച്ചിരുന്നു. ഇതൊന്നും അന്വേഷണ പരിതിയില്‍ വന്നിട്ടില്ല.
പുതിയ പശുമരണങ്ങളില്‍ കേസ്സെടുക്കാത്തതെന്തെന്ന ചോദ്യത്തിന് അധികൃതര്‍ നല്‍കുന്ന മറുപടി പരാതികളൊന്നും ലഭിക്കുകയുണ്ടായില്ല എന്നാണ്. പൊലീസോ, തഹസില്‍ ഭരണാധികാരികളോ എന്തുകൊണ്ടാണ് കേസ്സെടുക്കാത്തതെന്നതിന് ഒരു വിശദീകരണം നല്‍കുകയുണ്ടായില്ല. ഈ പശുമരണങ്ങളോട് യോഗി ആദിത്യനാഥും പ്രതികരിക്കുകയുണ്ടായില്ല. പശുമരണങ്ങള്‍ നടന്ന മഥുര ഗ്രാമക്കാരും ഗോശാല നടത്തിപ്പുകാരുമെല്ലാം ഹിന്ദുക്കളാണ്.