പശുക്കടത്തെന്നു പറഞ്ഞ് വാഹനം തടഞ്ഞു; സംഘട്ടനത്തില്‍ 'ഗോരക്ഷകന്‍' കൊല്ലപ്പെട്ടു

Update: 2023-06-20 17:22 GMT

മുംബൈ: പശുക്കടത്ത് സംഘമെന്നു പറഞ്ഞ് വാഹനം തടഞ്ഞുനിര്‍ത്തിയതിനെ ചൊല്ലിയുണ്ടായ സംഘട്ടനത്തിനിടെ 'ഗോരക്ഷാ' സംഘാംഗം കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ കാരനായ ശേഖര്‍ റാപ്പേലി(32)യാണ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നതിനെ മരണപ്പെട്ടത്. തിങ്കളാഴ്ച രാത്രി 11.30 ഓടെ കിന്‍വാട്ട് തഹസില്‍ ശിവ്‌നി ഗ്രാമത്തിന് സമീപമാണ് സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രാദേശിക ഹിന്ദുത്വ സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്‌തെങ്കിലും പിന്നീട് പിന്‍വലിച്ചു. ശിവ്‌നി, ചിഖ്‌ലി ഗ്രാമങ്ങളില്‍ നിന്നുള്ള ഏഴ് പേര്‍ അയല്‍ സംസ്ഥാനമായ തെലങ്കാനയിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് കാറില്‍ മടങ്ങുന്നതിനിടെയാണ് അനധികൃതമായി കന്നുകാലികളെ കടത്തുകയാണെന്നു പറഞ്ഞ് ഒരുസംഘം തടഞ്ഞത്. വാഹനത്തിലുണ്ടായിരുന്നവര്‍ തടയാന്‍ ശ്രമിച്ചെങ്കിലും 15ഓളം പേര്‍ വടികളും ആയുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നു. സംഘട്ടനത്തിനിടെ ശേഖര്‍ റാപ്പേലിക്കും കൂടെയുണ്ടായിരുന്ന മറ്റ് നാല് പേര്‍ക്കും ഗുരുതരമായി പരിക്കേറ്റ് നന്ദേഡ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശേഖര്‍ റാപ്പേലി മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഇസ് ലാപൂര്‍ പോലിസ് കൊലപാതകത്തിനും കലാപത്തിനും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി പോലീസ് സൂപ്രണ്ട് ശ്രീകൃഷ്ണ കൊക്കാട്ടെ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് നന്ദേഡിലെ ഹിന്ദുത്വ സംഘടനകള്‍ ബുധനാഴ്ച ബന്ദിന് ആഹ്വാനം ചെയ്‌തെങ്കിലും പോലിസ് നടത്തിയ ചര്‍ച്ചയ്ക്കു ശേഷം പിന്‍വലിക്കുകയായിരുന്നു.

Tags: