ന്യൂഡല്‍ഹി: കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ലോക്‌സഭ, രാജ്യസഭ സമ്മേളനങ്ങള്‍ നിര്‍ത്തിവയ്ക്കില്ലെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. സഭ നിര്‍ത്തിവയ്‌ക്കേണ്ട കാര്യമില്ലന്നും അംഗങ്ങള്‍ സഭയില്‍ എത്തുമ്പോള്‍ മുന്‍കരുതല്‍ സ്വീകരിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് പാര്‍ലമെന്റില്‍ സന്ദര്‍ശകര്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. കൊറോണ പടരുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ കണക്കിലെടുത്ത് സന്ദര്‍ശകര്‍ക്കുള്ള പാസ് താല്‍കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ലോക്‌സഭ സെക്രട്ടറി ജനറല്‍ സ്‌നേഹലത ശ്രീവസ്തവ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ഏപ്രില്‍ 3നാണ് പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുക. അതേസമയം, കൊറോണയെ തുടര്‍ന്ന് പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കിയേക്കുമെന്നും റിപോര്‍ട്ടുണ്ട്. കൊറോണ ബാധിച്ചവരുടെ എണ്ണം 100 കടന്ന സാഹചര്യത്തില്‍ രാജ്യം അതീവ ജാഗ്രതയിലാണ്.