കൊവിഡ് വാക്‌സിന്‍ ആഴ്ചകള്‍ക്കകം; ആദ്യം നല്‍കുക ആരോഗ്യ പ്രവര്‍ത്തകര്‍ക്കെന്നും പ്രധാനമന്ത്രി

വിദഗ്ധരുടെ അനുമതി ലഭിച്ചാലുടന്‍ ഇവ വിതരണം ചെയ്ത് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

Update: 2020-12-04 08:53 GMT

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ ആഴ്ചകള്‍ക്കകം എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.വിദഗ്ധരുടെ അനുമതി ലഭിച്ചാലുടന്‍ ഇവ വിതരണം ചെയ്ത് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് മുന്നണി പോരാളികള്‍ക്കാകും ആദ്യഘട്ടത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുക.കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനും വാക്‌സിന്‍ വിതരണം സംബന്ധിച്ച നടപടികള്‍ കൈക്കൊള്ളുന്നതിനുമായി വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

വാക്‌സിന്‍ നിര്‍മാണത്തില്‍ വിജയിക്കുമെന്ന് നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് വളരെ ആത്മവിശ്വാസമുണ്ട്. ലോകം വിലകുറഞ്ഞതും സുരക്ഷിതവുമായ വാക്‌സിനാണ് ഉറ്റുനോക്കുന്നത്. അതുകൊണ്ടാണ് ലോകം ഇന്ത്യയെ നിരീക്ഷിക്കുന്നത്. ഇന്ത്യയില്‍ എട്ട് വാക്‌സിനുകള്‍ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള മൂന്ന് വാക്‌സിനുകളുണ്ട്. അതുകൊണ്ട് തന്നെ വാക്‌സിന്‍ ഇനിയും വൈകില്ലെന്ന് തന്നെയാണ് വിദഗ്ദര്‍ കരുതുന്നത്.

ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, ഗുരുതരമായ അവസ്ഥയില്‍ ബുദ്ധിമുട്ടുന്ന രോഗികള്‍, പ്രായമായവര്‍ എന്നിവര്‍ക്കാകും വാക്‌സിന്‍ വിതരണം ചെയ്യുക.വാക്‌സിന്‍ സ്‌റ്റോക്കിനും തത്സമയ വിവരങ്ങള്‍ക്കുമായി ഒരു പ്രത്യേക സോഫ്‌റ്റ്വെയര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും മോദി പറഞ്ഞു.

വാക്‌സിനേഷന്റെ വില സംബന്ധിച്ച് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തുന്നുണ്ട്. പൊതുജനാരോഗ്യത്തിന് മുന്‍ഗണന നല്‍കിക്കൊണ്ട് ഇത് സംബന്ധിച്ച് തീരുമാനമെടുക്കും. വാക്‌സിന്‍ വിതരണത്തിനായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സംഘങ്ങള്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിലാണ്.വാക്‌സിന്‍ വിതരണത്തില്‍ വൈദഗ്ധ്യവും ശേഷിയും ഇന്ത്യയ്ക്കുണ്ട്, ഈ വിഷയത്തില്‍ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മികച്ച രീതിയിലാണ് നമ്മുടെ രാജ്യം പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു.

Tags:    

Similar News