സംസ്ഥാനത്ത് ഫെബ്രുവരി 15 മുതല്‍ രണ്ടാംഘട്ട വാക്‌സിനേഷൻ തുടങ്ങും: ആരോഗ്യ മന്ത്രി

ഇപ്പോള്‍ 141 കേന്ദ്രങ്ങളാണ് വാക്സിനേഷനായി സജ്ജമാക്കിയിരിക്കുന്നത്. ഇത് വര്‍ധിപ്പിച്ച് 249 കേന്ദ്രങ്ങളാക്കി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

Update: 2021-01-23 16:16 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷന്‍ വര്‍ധിപ്പിക്കാനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. അടുത്ത ഘട്ട വാക്സിനേഷന്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് നടപടിയെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 133 കേന്ദ്രങ്ങളിലായാണ് സംസ്ഥാനത്ത് ആദ്യഘട്ട വാക്‌സിനേഷന്‍ നടന്നത്. എന്നാല്‍ കൂടുതല്‍ വാക്സിന്‍ എത്തിയതോടെ കേന്ദ്രങ്ങളുടെ എണ്ണത്തിലും വര്‍ധന വരുത്തേണ്ടതുണ്ടെന്നാണ് ആരോഗ്യ വകുപ്പന്റെ വിശദീകരണം.

ഇപ്പോള്‍ 141 കേന്ദ്രങ്ങളാണ് വാക്സിനേഷനായി സജ്ജമാക്കിയിരിക്കുന്നത്. ഇത് വര്‍ധിപ്പിച്ച് 249 കേന്ദ്രങ്ങളാക്കി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എറണാകുളം ജില്ലയില്‍ 38 കേന്ദ്രങ്ങളും തിരുവനന്തപുരം ജില്ലയില്‍ 30 കേന്ദ്രങ്ങളും സജ്ജമാക്കും. ഒരു ജില്ലയില്‍ ചുരുങ്ങിയത് 14 കേന്ദ്രങ്ങളുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

ആദ്യ ഘട്ട വാക്‌സിനെടുത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഫെബ്രുവരി 13 ഓടെ രണ്ടാംഘട്ട വാക്സിനെടുക്കേണ്ട സമയമാകും. അതിനാല്‍ ആദ്യഘട്ട വാക്‌സിനേഷന്‍ ഫെബ്രുവരി 15 ന് മുമ്പായി പൂര്‍ത്തിയാക്കി, രണ്ടാംഘട്ട വാക്‌സിനേഷന്‍ ആരംഭിക്കാനാണ് ആരോഗ്യ വകുപ്പിന്റെ നീക്കം.

നിലവില്‍ തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി എന്നിങ്ങനെ നാല് ദിവസങ്ങളിലായാണ് ഒരോ ആഴ്ച്ചയിലും വാക്‌സിനേഷന്‍ നടക്കുന്നത്. എന്നാല്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ എടുക്കേണ്ട സാഹചര്യത്തില്‍ ആഴ്ച്ചയില്‍ നാലിലധികം ദിവസങ്ങളില്‍ വാക്‌സിനേഷന്‍ നടപ്പിലാക്കാം എന്ന കണക്കുകൂട്ടലിലാണ് ആരോഗ്യ വകുപ്പ്.