കൊവിഡ് വീണ്ടും പടരുന്നു; ഇന്ന് 1465 പേർക്ക് രോ​ഗം; ആറ് മരണം

അതിനിടെ ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ കേരളമടക്കം അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചു.

Update: 2022-06-03 17:31 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുന്നു. ഇന്നും ആയിരത്തിന് മുകളിലാണ് രോ​ഗികൾ. ഇന്ന് 1465 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. ആറ് പേർ മരിച്ചു. ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് രോ​ഗികളുടെ എണ്ണത്തിൽ വർധനവുണ്ട്. ഇന്നും ഏറ്റവും കൂടുതൽ രോ​ഗികൾ എറണാകുളം ജില്ലയിലാണ്. 475 പേർക്കാണ് ജില്ലയിൽ രോ​ഗം സ്ഥിരീകരിച്ചത്.

അതിനിടെ ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ കേരളമടക്കം അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചു. കേരളം, തമിഴ്‌നാട്, തെലങ്കാന, മഹാരാഷ്ട്ര, കര്‍ണാടക എന്നി സംസ്ഥാനങ്ങളെയാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ആശങ്ക അറിയിച്ചത്.

ഈ സംസ്ഥാനങ്ങളില്‍ കൊവിഡിന്റെ പ്രാദേശിക വ്യാപനം സംഭവിക്കുന്നതായാണ് കേന്ദ്രം വിലയിരുത്തുന്നത്. ഈ സംസ്ഥാനങ്ങളോട് നിരീക്ഷണം ശക്തമാക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചു. കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ നഷ്ടപ്പെടാത്തവിധം ശക്തമായ നടപടികള്‍ സ്വീകരിക്കണം. കൊവിഡ് വ്യാപനം തടയാന്‍ വേണമെങ്കില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും കത്തില്‍ പറയുന്നു.