കൊവിഡ് ടെസ്റ്റ് നടത്തി 2 മാസത്തോളം വൈകി ഫലം എത്തി; വീട്ടമ്മ പോസിറ്റീവ്!
നേരിയ പനിയെ തുടർന്നാണ് ഏപ്രിൽ 12ന് ജപ്പാൻപടി എൽപി സ്കൂളിൽ ആന്റിജൻ പരിശോധന നടത്തിയത്
തിരൂർ: ഏപ്രിൽ 12ന് കൊവിഡ് പരിശോധന നടത്തിയ വീട്ടമ്മയ്ക്ക് പോസിറ്റീവ് ആണെന്ന ഫലം വന്നത് 2 മാസത്തോളം വൈകി. പൊന്മുണ്ടം പഞ്ചായത്തിലെ ചിലവിൽ താമസിക്കുന്ന വീട്ടമ്മയ്ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവാണെന്ന വിവരം ലഭിച്ചത്. നേരിയ പനിയെ തുടർന്നാണ് ഏപ്രിൽ 12ന് ജപ്പാൻപടി എൽപി സ്കൂളിൽ ആന്റിജൻ പരിശോധന നടത്തിയത്.
ഫലം വരാതിരുന്നപ്പോൾ നെഗറ്റീവ് ആയിരിക്കുമെന്ന് കരുതി വീട്ടമ്മയും കുടുംബവും സമാധാനിച്ചു. എന്നാൽ ജൂൺ 4ന് പോസിറ്റീവാണെന്നറിയിച്ച് വിളി വന്നു. ആരോഗ്യവകുപ്പിൽ നിന്നുള്ള വിളിക്ക് പുറമേ പോലിസ് സ്റ്റേഷൻ, മാനസികാരോഗ്യ കേന്ദ്രം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നെല്ലാം ക്വാറന്റീനിൽ ഇരിക്കണമെന്ന ഉപദേശവുമായി ഫോൺ വിളികൾ വന്നു കൊണ്ടിരുന്നു.നിലവിൽ ഒരു കുഴപ്പവും ഇല്ലാത്തതിനാൽ വീട്ടമ്മയും കുടുംബവും ആശ്വാസത്തിലാണ്.