ജയിലുകളിലെ കൊവിഡ് വ്യാപനം; രാഷ്ട്രീയത്തടവുകാര്‍ക്ക് അടിയന്തരമായി ജാമ്യം അനുവദിക്കണം, മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി രാഷ്ട്രീയ, സാമൂഹികപ്രവര്‍ത്തകര്‍

എല്ലാ രാഷ്ട്രീയത്തടവുകാര്‍ക്കും അടിയന്തരമായി ജാമ്യമോ, കുറഞ്ഞ പക്ഷം കൊവിഡ് വ്യാപനം കഴിയുന്നതുവരെ ഇടക്കാല ജാമ്യമെങ്കിലും അനുവദിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകര്‍ നിവേദനത്തില്‍ അഭ്യര്‍ഥിച്ചു.

Update: 2021-05-17 12:48 GMT

കോഴിക്കോട്: ജയിലുകളില്‍ കൊവിഡ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രോഗികളും അല്ലാത്തവരുമായ രാഷ്ട്രീയത്തടവുകാര്‍ക്ക് അടിയന്തരമായി ജാമ്യമോ ഇടക്കാല ജാമ്യമോ അനുവദിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകര്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. മുഖ്യമന്ത്രിയുടെയും ആഭ്യന്തര വകുപ്പിന്റെയും അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് 16 ഓളം പേര്‍ ഒപ്പിട്ട നിവേദനം ഇ- മെയില്‍ മുഖേനയാണ് മുഖ്യമന്ത്രിക്ക് അയച്ചത്.

കഴിഞ്ഞ ആറുവര്‍ഷമായി റിമാന്റില്‍ കഴിയുന്ന കടുത്ത ഹൃദ്രോഗവും പ്രമേഹവുമുള്ള 67 വയസ്സുകാരനായ ഇബ്രാഹിം എന്ന യുഎപിഎ തടവുകാരന്‍ വിചാരണ ഇതുവരെ ആരംഭിക്കാത്തത് ചൂണ്ടിക്കാണിച്ച് ജാമ്യാപേക്ഷ നല്‍കിയെങ്കിലും വിചാരണ കോടതി അത് നിരസിക്കുകയാണുണ്ടായതെന്ന് നിവേദനത്തില്‍ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി ഇതുവരെ ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷയില്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. പ്രമേഹം അധികരിച്ചതുമൂലം പല്ലുകള്‍ കേടുവന്നതിനാല്‍ ഇബ്രാഹീമിന്റെ മുഴുവന്‍ പല്ലുകളും എടുത്തുമാറ്റിയിരിക്കുകയാണ്.

പുതിയ വെപ്പുപല്ലുകള്‍ വച്ചിട്ടുമില്ല. അതുമൂലം അദ്ദേഹത്തിന് ഭക്ഷണം ശരിക്കു കഴിക്കാന്‍ കഴിയാത്തതിനാല്‍ ദിവസങ്ങള്‍ക്കുള്ളില്‍തന്നെ അപകടകരമായ നിലയില്‍ ഏഴുകിലോയോളം തൂക്കം കുറഞ്ഞ് ആരോഗ്യനില കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്.

ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന അടഞ്ഞ ഇടങ്ങളില്‍ കൊവിഡ് വ്യാപന നിരക്ക് സ്‌ഫോടനാത്മകമാണെന്ന് തെളിയിക്കപ്പെട്ടിട്ടും ഇദ്ദേഹത്തിനെ പോലുള്ളവര്‍ക്ക് ഇടക്കാല ജാമ്യം അനുവദിക്കാന്‍ പോലും നടപടിയുണ്ടായിട്ടില്ല. ഒരു കൊവിഡ് ബാധയെ അദ്ദേഹത്തിന് ഒരുപക്ഷേ അതിജീവിക്കാനാവില്ലെന്ന് നിവേദനം ഓര്‍മപ്പെടുത്തുന്നു. മാവോവാദി കേസില്‍ തടവിലടയ്ക്കപ്പെട്ട രൂപേഷിന് കഴിഞ്ഞ വര്‍ഷം കൊവിഡ് ബാധിക്കുകയും ഇന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നു.

വീണ്ടും ഒരുതവണ കൂടി കൊവിഡ് ബാധിച്ചാല്‍ സ്ഥിതി ഗൗരവമായിരിക്കും. രാഷ്ടീയ ആശയങ്ങളില്‍ വിശ്വസിച്ചതിന്റെ പേരില്‍ യുഎപിഎ പ്രകാരം തടവിലാക്കപ്പെട്ട മറ്റ് നിരവധിപേര്‍ ജയിലിലുണ്ട്. ഈ സാഹചര്യത്തില്‍ ഇബ്രാഹീമിനെ പോലെ വാര്‍ധക്യവും രോഗവും മൂലം കഷ്ടതകള്‍ അനുഭവിക്കുന്നവരെ പ്രത്യേകമായി പരിഗണിച്ചും അവരുള്‍പ്പെടുന്ന എല്ലാ രാഷ്ട്രീയത്തടവുകാര്‍ക്കും അടിയന്തരമായി ജാമ്യമോ, കുറഞ്ഞ പക്ഷം കൊവിഡ് വ്യാപനം കഴിയുന്നതുവരെ ഇടക്കാല ജാമ്യമെങ്കിലും അനുവദിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകര്‍ നിവേദനത്തില്‍ അഭ്യര്‍ഥിച്ചു.

നിവേദനത്തില്‍ ഒപ്പുവച്ചവര്‍:

1. കെ സച്ചിദാനന്ദന്‍ (കവി)

2. ബി ആര്‍ പി ഭാസ്‌കര്‍ (മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍)

3. ഡോ. കെ ടി റാം മോഹന്‍ (സാമ്പത്തിക വിദഗ്ധന്‍)

4. ടി ടി ശ്രീകുമാര്‍

5. ജെ ദേവിക

6. എ അബ്ദുല്‍ സത്താര്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി, പോപുലര്‍ ഫ്രണ്ട്)

7. മിര്‍സാദ് റഹ്മാന്‍ (വെല്‍ഫയര്‍ പാര്‍ട്ടി)

8. കെ മുരളി (അജിത്ത് )

9. അഡ്വ.പി എ പൗരന്‍ (പിയുസിഎല്‍)

10. റെനി ഐലിന്‍ (എന്‍സിഎച്ച്ആര്‍ഒ)

11. എന്‍ പി ചെക്കുട്ടി (മാധ്യമപ്രവര്‍ത്തകന്‍)

12. അംബിക (മറുവാക്ക്)

13. പി കെ ഉസ്മാന്‍ (എസ്ഡിപിഐ)

14. സി എ നൗഷാദ് (സോളിഡാരിറ്റി)

15. കെ പി സേതുനാഥ് (മാധ്യമപ്രവര്‍ത്തകന്‍)

16. അഡ്വ. തുഷാര്‍ നിര്‍മല്‍ (ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം)

Tags: