കൊവിഡ് രണ്ടാം തരംഗം;കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി കത്തോലിക്ക സഭ മുഖപത്രം

നിറഞ്ഞു കവിയുന്ന ആശുപത്രികളും ചിതയണയാത്ത ശ്മശാനങ്ങളും ഒഴുകി നടക്കുന്ന മൃതദേഹങ്ങളും ഓക്സിജന്റെ നിറസിലിണ്ടറിനായി കിലോമീറ്റര്‍ നീളുന്ന കാത്തിരിപ്പുകളും, കേവല ദുരന്തമല്ല, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമായിത്തന്നെ തിരിച്ചറിയണമെന്ന് ഉന്നത നീതിപീഠങ്ങള്‍തന്നെ നിലവിളിക്കുമ്പോഴും, പ്രധാനമന്ത്രിയുടെ വസതിയുള്‍പ്പെടെയുള്ള 'സെന്‍ട്രല്‍ വിസ്താ' പദ്ധതിക്ക് ഇളവ് തേടുന്ന ഭരണകൂടം ജനവിരുദ്ധമെന്നതിനപ്പുറം ഭരണമില്ലാത്തതു പോലെ എന്നു തന്നെ ഉറപ്പിച്ച് പറയണം

Update: 2021-05-20 12:38 GMT

കൊച്ചി: കൊവിഡിന്റെ രണ്ടാം തരംഗം അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും അതിതീവ്രമാകുമെന്ന് മുന്‍കൂട്ടി കാണാതിരുന്ന ഭരണതല വീഴ്ച്ചയുടെ ദുരന്തം തീരാ ദുരിതമായി ഇപ്പോഴും തുടരുകയാണെന്ന് എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപത്തിന്റെ 'ഇരട്ട നീതിയുടെ ഇളവുകള്‍' എന്ന പേരിലുള്ളമുഖ പ്രസംഗം വിമര്‍ശിക്കുന്നു.

നിറഞ്ഞു കവിയുന്ന ആശുപത്രികളും ചിതയണയാത്ത ശ്മശാനങ്ങളും ഒഴുകി നടക്കുന്ന മൃതദേഹങ്ങളും ഓക്സിജന്റെ നിറസിലിണ്ടറിനായി കിലോമീറ്റര്‍ നീളുന്ന കാത്തിരിപ്പുകളും, കേവല ദുരന്തമല്ല, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമായിത്തന്നെ തിരിച്ചറിയണമെന്ന് ഉന്നത നീതിപീഠങ്ങള്‍തന്നെ നിലവിളിക്കുമ്പോഴും, പ്രധാനമന്ത്രിയുടെ വസതിയുള്‍പ്പെടെയുള്ള 'സെന്‍ട്രല്‍ വിസ്താ' പദ്ധതിക്ക് ഇളവ് തേടുന്ന ഭരണകൂടം ജനവിരുദ്ധമെന്നതിനപ്പുറം ഭരണമില്ലാത്തതു പോലെ എന്നു തന്നെ ഉറപ്പിച്ച് പറയണം. ഇരട്ടനീതിയുടെ ഈ രാഷ്ട്രീയം കോവിഡിനോടിടയുന്നുണ്ടെന്ന് മറക്കരുതെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാണിക്കുന്നു.ബജറ്റില്‍ ഉള്‍പ്പടുത്തിയ 35,000 കോടിയും 'കണക്കില്‍പ്പെടാത്ത' പി.എം. കെയര്‍ ഫണ്ടും ഉപയോഗിച്ച് ഈ ആരോഗ്യ അടിയന്തിരാവസ്ഥയെ അതിശക്തമായി നേരിടാനുള്ള ആര്‍ജ്ജവം കേന്ദ്ര സര്‍ക്കാര്‍ കാണിക്കണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യത്തെ നിരന്തരം അവഗണിക്കുന്ന സര്‍ക്കാര്‍ ഈ ദുരന്തമുഖത്ത് യഥാര്‍ത്ഥത്തില്‍ ആരോടൊപ്പമാണെന്നും മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.

രണ്ടാം തരംഗത്തെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ഒക്ടോബറില്‍ത്തന്നെ കിട്ടിയിട്ടും എല്ലാം ഭദ്രമെന്ന മട്ടില്‍ ആലസ്യത്തിലാണ്ടതാണ് കാര്യങ്ങള്‍ ഈ വിധം കൈവിട്ട് പോകാനിടയാക്കിയത് എന്ന വിമര്‍ശനം ഇപ്പോള്‍ ഉയര്‍ത്തുന്നത് ആര്‍എസ്എസ് ആണ്. കൊവിഡ് പോരാട്ടത്തില്‍ ശാസ്ത്രീയമായ നയരൂപീകരണം സാധ്യമാകുന്നില്ല എന്ന സങ്കടമറിയിച്ച് ജനോമിക്സ് കണ്‍സോര്‍ഷ്യം മേധാവി ഡോ. ഷാഹിദ് ജമീല്‍ രാജിവച്ചതാണ് പുതിയ വഴിത്തിരിവ്.

പുതിയ ഓക്സിജന്‍ നിര്‍മ്മാണ യൂനിറ്റുകള്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കാതെ പാതിവഴിയില്‍ നിന്നുപോയതും, വാക്സിന്‍ നിര്‍മ്മാണാനുമതി പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നല്‍കാതെ രണ്ട് സ്വകാര്യ കമ്പനികള്‍ക്ക് മാത്രമായി ചുരുക്കി നല്‍കി. ആഭ്യന്തരാവശ്യം പരിഗണിക്കാതെ വാക്സിന്‍ വിദേശത്തേക്ക് കയറ്റി അയച്ചതും, വിദേശവാക്സിന്‍ ഇറക്കുമതിയുടെ അനുമതി വൈകിച്ചതും, വാക്സിന്റെ വില നിര്‍ണ്ണയാധികാരം നിര്‍മ്മാണ കമ്പനികള്‍ക്ക് നിരുപാധികം വിട്ടു നല്‍കിയതും, എരിതീയില്‍ എണ്ണപോലെ എണ്ണകമ്പനികളെ സഹായിക്കുംവിധം അനുദിന ഇന്ധനവില വര്‍ധനവും ഒരു നാടിന്റെ അനാഥത്വത്തിന്റെ മുറിവടയാളങ്ങളാകുകയാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

ഏറ്റവും ഒടുവില്‍ ഡല്‍ഹിയില്‍ ഓക്സിജന്‍ എവിടെ എന്നു പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തതും, ഓക്സിജന്‍ നല്‍കാന്‍ ഓടി നടന്ന ജനപ്രതിനിധിയെ അന്യായമായി ചോദ്യം ചെയ്തതും, '21 ദിവസത്തെ മഹാഭാരത' യുദ്ധമെന്ന് വിശേഷിച്ചാഘോഷിച്ച മോദിഭാരതത്തിലെ കൊവിഡ് പ്രതിരോധം ജനവിരുദ്ധതയായി വിലയിരുത്തപ്പെടുകയാണെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു.

ഉയര്‍ന്ന വിലയില്‍ വാക്സിന്‍ വാങ്ങി ജനങ്ങള്‍ക്ക് നല്‍കേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറി കേന്ദ്ര സര്‍ക്കാര്‍ കൈകഴുകുമ്പോള്‍, അതു വഴിയുണ്ടാകുന്ന അധികബാധ്യതയില്‍ മറ്റ് സേവനങ്ങള്‍ കിട്ടാതെ അവഗണിതരാകുന്നത് ഇവിടുത്തെ പാവപ്പെട്ട മനുഷ്യര്‍ മാത്രമാണ്. അതിനിടയില്‍ വാക്സിന്‍ വിതരണത്തില്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളോട് കാണിക്കുന്ന വിവേചനം കോടതി കയറിയെന്നും ഓര്‍ക്കണം. ഭരണകൂടത്തിന്റെ നിരുത്തരവാദിത്വം തീര്‍ത്ത നിസ്സഹായതയില്‍ ഒരു രാജ്യം മുഴുവന്‍ ചിതയിലേക്കെടുക്കപ്പെടുന്ന ദുരവസ്ഥയെ അവിശ്വസനീയതയോടെയാണ് ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്.

പുതുതായി പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണ്‍ സംസ്ഥാനത്ത് മരണനിരക്ക് കുറയ്ക്കാനുള്ള അടിയന്തിര നടപടിയാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോള്‍ സ്ഥിതി അതീവ ഗുരുതരമെന്ന് നാം തിരിച്ചറിയണം. രണ്ടാം തരംഗത്തിലേറെയും ചെറുപ്പക്കാരാണ് വീണുപോകുന്നത്. നാട്ടിലെ യുവജനകൂട്ടായ്മകള്‍, സന്നദ്ധ സേനാംഗങ്ങള്‍, രൂപതാ സോഷ്യല്‍ സര്‍വ്വീസ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ രാഷ്ട്രീയം മറന്നും, മതഭേദം വെടിഞ്ഞും ഒരു മനസ്സോടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടവേളകളില്ലാതെ ഒരുമിക്കുമ്പോള്‍, ആരോഗ്യകേരളത്തെ അധികം വൈകാതെ തിരികെ നടത്താനാകുമെന്ന പ്രതീക്ഷ ഉയരുകയാണ്.

ഇളവിന്റെ രാഷ്ട്രീയം ഇടര്‍ച്ചയുണ്ടാക്കുന്ന സംഭവങ്ങള്‍ക്ക് കൊവിഡ് കേരളം സാക്ഷിയാകുന്നു.സാധാരണക്കാരുടെ മൃതസംസ്‌ക്കാര ശുശ്രൂഷയില്‍ 20 പേരെ കര്‍ശനമായി നിജപ്പെടുത്തുമ്പോള്‍, വിഐപികളുടെ വിടവാങ്ങലിന് ആള്‍ക്കൂട്ടമനുവദിക്കുന്ന നിലപാട് മാറ്റം നിലവാരമില്ലാത്തതാണ്. രാജ്ഭവനിലെ ലളിതമായ ചടങ്ങില്‍ അത്യാവശ്യക്കാരെ മാത്രം ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയും മന്ത്രിമാരും ചുമതലയേല്‍ക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുന്നതായിരുന്നു ഇപ്പോള്‍ നല്ലത്. തിരഞ്ഞെടുപ്പുല്‍സവത്തിന്റെ ഭാഗമായി 'ഉയര്‍ത്തിക്കെട്ടിയ' കൊവിഡ് പതാക ഇപ്പോഴും ഉയരെപ്പറക്കുമ്പോള്‍ ലോക്ഡൗണിലൂടെ അകത്തിരിക്കാന്‍ നിര്‍ബന്ധിതരായ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്ന ഈ സത്യപ്രതിജ്ഞാഘോഷം മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അനൗചിത്യമാണ്.

രോഗവും മരണവും അതിവേഗം കുതിക്കുമ്പോള്‍ ഭരണകൂടം എന്തു ചെയ്തുവെന്ന ചോദ്യം ചരിത്രമാകുമ്പോള്‍ ജനപക്ഷത്തു നിന്നൊരു മറുപടിയും നടപടിയുമാണ് നാടിന്റെ ഭാവി ഭാഗധേയത്തിനാധാരം. നാട്ടുകാരെ അകത്തിരുത്തി നേതാക്കള്‍ പുറത്തിറങ്ങുന്ന, ഇളവുതേടുന്ന രാഷ്ട്രീയം ആരോഗ്യരാഷ്ട്രത്തെയാണ് ഇറക്കിവിടുന്നതെന്ന് മറക്കരുതെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് മുഖപ്രസംഗം അവസാനിക്കുന്നത്.

Tags: