ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 228,201 ആയി വർധിച്ചു

അമേരിക്കയിലും ബ്രിട്ടണിലും മരണസംഖ്യ ഉയരുകയാണ്. 24 മണിക്കൂറിനുള്ളിൽ മാത്രം യുഎസിൽ 2,390 പേർ മരിച്ചു.

Update: 2020-04-30 02:27 GMT

വാഷിങ്ടൺ: ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 228,201 ആയി വർധിച്ചു. എറ്റവും പുതിയ കണക്കുപ്രകാരം 3,219,485 പേർക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏട്ടായിരത്തോളം മരണവും 81,000ത്തോളം പുതിയ കേസുകളും റിപോർട്ട് ചെയ്തു.

അമേരിക്കയിലും ബ്രിട്ടണിലും മരണസംഖ്യ ഉയരുകയാണ്. 24 മണിക്കൂറിനുള്ളിൽ മാത്രം യുഎസിൽ 2,390 പേർ മരിച്ചു. ഇതോടെ ആകെ മരണം 61,000 കടന്നു. രോഗികളുടെ എണ്ണം 11 ലക്ഷത്തിലേക്ക് അടുക്കുന്നു. ബ്രിട്ടണിൽ 24 മണിക്കൂറിനുള്ളിൽ 795 ജീവനുകൾ നഷ്ടമായി. മരണസംഖ്യ 26,097 ആയി വർധിച്ചു. അതേസമയം വൈറസ് ഏറെനാശം വിതച്ച സ്പെയ്ൻ, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ബുധനാഴ്ച മരണനിരക്ക് 500ൽ താഴെയായി കുറഞ്ഞു.

2.3 ലക്ഷം പേർക്ക് രോഗം പിടിപെട്ട ഇറ്റലിയിൽ മരണം 27,682 ആയി. സ്പെയ്നിൽ 24,275 പേരും ഇതുവരെ മരിച്ചു. ഫ്രാൻസിൽ മരണസംഖ്യ 24,000 കടന്നു. ബെൽജിയത്തിൽ 7501 പേരും ജർമനിയിൽ 6467 പേരും മരണത്തിന് കീഴടങ്ങി. ഇറാനിൽ മരണം ആറായിരത്തോട് അടുക്കുന്നു. ബ്രസീലിൽ 5500 പിന്നിട്ടു. ഇന്ത്യയിൽ കോവിഡ് മരണം 1000 കടന്നു.

​ഗൾഫ് രാജ്യങ്ങളിലും കൊവിഡ് വ്യാപനത്തിൽ ശമനമില്ല. സൗദി അറേബ്യയിൽ 21,402 പേർക്ക് ഇതുവരെ രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്. 157 മരണങ്ങളാണ് റിപോർട്ട് ചെയ്തത്. യുഎഇയിൽ 11,929 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്, ഇതിൽ 98 പേരുടെ ജീവൻ രോ​ഗം കവർന്നെടുത്തു.   

അതേസമയം ലോകത്താകെ രോഗം ഭേദമായവരുടെ എണ്ണം പത്ത് ലക്ഷത്തിനടുത്തെത്തി. രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ സ്പെയ്നാണ് മുന്നിൽ. 1.32 ലക്ഷം രോഗികൾ സ്പെയ്നിൽ രോഗമുക്തരായി ആശുപത്രി വിട്ടു. യുഎസിലും ജർമനിയിലും ചികിൽസയിലിരുന്ന 1.20 ലക്ഷം ആളുകൾക്ക് രോഗം ഭേദപ്പെട്ടു. വിവിധ രാജ്യങ്ങളിലായി ചികിൽസയിലുള്ള 60000ത്തോളം രോഗികളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.