അമേരിക്കയില്‍ കൊവിഡ് രോഗികള്‍ 10 ലക്ഷം കടന്നു: ലോകത്താകെ മരണം 217948

ലോകത്താകെ 20 ലക്ഷത്തോളം പേരാണ് നിലവിൽ ചികിൽസയിൽ തുടരുന്നത്. ഇതിൽ 57000ത്തോളം പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.

Update: 2020-04-29 01:48 GMT

വാഷിങ്ടൺ: ലോകത്താകെ കൊവിഡ് മരണം 217,948 ആയി ഉയർന്നു. 3,137,761 പേർക്ക് ഇതുവരെ വൈറസ് സ്ഥിരീകരിച്ചു. ഇതിൽ മൂന്നിലൊന്ന് രോഗികളും അമേരിക്കയിലാണ്.

10,35,454 പേർക്ക് അമേരിക്കയിൽ വൈറസ് പിടിപെട്ടു. മരണസംഖ്യ അറുപതിനായിരത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 25,000 ത്തോളം ആളുകൾക്ക് യുഎസിൽ വൈറസ് സ്ഥിരീകരിച്ചു. 2,470 പേർക്ക് ജീവൻ നഷ്ടമായി. അമേരിക്കയിൽ കൊവിഡ്‌ മരണം 70,000 ആയേക്കുമെന്ന്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ് പറഞ്ഞു‌. മരണസംഖ്യ ഇത്രയും കുറയ്‌ക്കുന്ന തന്നെ നവംബറിലെ തിരഞ്ഞെടുപ്പിൽ ജനങ്ങൾ വിജയിപ്പിക്കുമെന്നും ട്രംപ്‌ പ്രതീക്ഷ പ്രകടിപ്പിച്ചു.

അതേസമയം രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാമതുള്ള സ്പെയ്നിൽ 232,128 രോഗികളാണുള്ളത്. 23,822 പേർ മരിച്ചു. രണ്ട് ലക്ഷത്തിലേറെ പേർക്ക് കൊവിഡ് സ്ഥിരീകരിച്ച ഇറ്റലിയിൽ മരണസംഖ്യ 27,359 ആയി. സ്പെയ്നിലും ഇറ്റലിയിലും 400ൽ താഴെയാണ് പുതിയ മരണനിരക്ക്. ബ്രിട്ടണിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 600 ഓളം മരണം റിപോർട്ട് ചെയ്തു. ആകെ മരണം 21,678 ആയി ഉയർന്നു. ഫ്രാൻസിലെ മരണസംഖ്യ 23,660 ആയി. ബെൽജിയത്തിൽ 7331 പേരും ജർമനിയിൽ 6280 പേരും മരിച്ചു.

ഇറാനിൽ മരണം ആറായിരത്തോട് അടുക്കുന്നു. 92,584 പേർക്കാണ് ഇവിടെ രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. യുഎഇയിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 11,380 ആണെങ്കിലും മരണ സംഖ്യ നൂറ് കടന്നിട്ടില്ല. ബ്രസീലിൽ മരണം 5000 കടന്നു. രോഗബാധിതരുടെ എണ്ണത്തിൽ 15-ാം സ്ഥാനത്തുള്ള ഇന്ത്യയിൽ മുപ്പതിനായിരത്തോളം രോഗികളാണുള്ളത്. മരണം ആയിരം കടന്നു.

9,25,730 പേർക്ക് ഇതിനോടകം രോഗം പൂർണമായി ഭേദപ്പെട്ടു. സ്പെയ്നിലും ജർമനിയിലും യുഎസിലും ഒരു ലക്ഷത്തിലേറേ പേർ രോഗ മുക്തരായി. ലോകത്താകെ 20 ലക്ഷത്തോളം പേരാണ് നിലവിൽ ചികിൽസയിൽ തുടരുന്നത്. ഇതിൽ 57000ത്തോളം പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.